cv
ചെറുവത്തൂർ അണ്ടർപാസേജിന് സമീപം ചേർന്ന ജനകീയ കൂട്ടായ്മ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. വി പ്രമീള ഉദ്‌ഘാടനം ചെയ്യുന്നു

ചെറുവത്തൂർ: സൗകര്യപ്രദമായ അണ്ടർപാസേജ് പണിയാതെ വാഹന യാത്രാ സൗകര്യം നിഷേധിക്കപ്പെട്ട ചെറുവത്തൂരിലെ ജനത ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ രാഷ്ട്രീയം മറന്ന് ഒത്തുചേർന്നു. ദേശീയപാത നിർമ്മിതിയുടെ ഭാഗമായി ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും വ്യാപാര ഭവൻ വഴിയുളള ഗതാഗത സൗകര്യം നിലനിർത്തുന്നതിന് നിർമ്മിച്ച അണ്ടർ പാസേജ് വിപുലീകരിക്കാനായി പ്രക്ഷോഭരംഗത്തിറങ്ങാൻ കർമ്മ സമിതിക്കും രൂപം നൽകി. ഉയരവും വീതിയും കൂട്ടിയുള്ള അണ്ടർപാസേജ് നേടിയെടുക്കുന്നത് വരെ ഒറ്റക്കെട്ടായി മുന്നേറാൻ അണ്ടർപാസേജിന് സമീപം ചേർന്ന ജനകീയ കൂട്ടായ്മ യോഗം പ്രഖ്യാപിച്ചു.

യോഗം ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സി.വി പ്രമീള ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ കെ. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ചെറുവത്തൂർ ലോക്കൽ സെക്രട്ടറി എ.വി ദാമോദരൻ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി കെ. സുന്ദരൻ, കോൺഗ്രസ് -എസ് ഭാരവാഹി എൻ. സുകുമാരൻ, ആർ.ജെ.ഡി പ്രസിഡന്റ് രഘൂത്തമൻ, കെ.കെ കുമാരൻ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സി. രഞ്ജിത്ത്, പാസഞ്ചേഴ്‌സ് അസോസിയേഷൻ നേതാവ് എ.വി രാമകൃഷ്ണൻ, പ്രസ് ഫോറം സെക്രട്ടറി ഉദിനൂർ സുകുമാരൻ, പ്രസിഡന്റ് ടി. രാജൻ, പ്രവീൺ പ്രകാശ്, വസന്തകുമാർ, കെ. അമ്പുജാക്ഷൻ തുടങ്ങിയവർ പ്രസംഗിച്ചു. ജനകീയ കൂട്ടായ്മ കൺവീനർ മുകേഷ് ബാലകൃഷ്ണൻ സ്വാഗതവും സത്യപാലൻ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള ( ചെയർപേഴ്സൺ) പി. പത്മിനി, കെ. അംബുജാക്ഷൻ, കെ. കെ കുമാരൻ, ഉദിനൂർ സുകുമാരൻ (വൈസ് പ്രസിഡന്റ്), മുകേഷ് ബാലകൃഷ്ണൻ (ജനറൽ കൺവീനർ), പി. വിജയകുമാർ, സി.വി രാജൻ, ടി. രാജൻ, ജ്യോതിഷ് കുമാർ (കൺവീനർമാർ), സി. രഞ്ജിത്ത് (ട്രഷറർ).

അണ്ടർ പാസേജ് വിപുലീകരണത്തിനായി ജനകീയ കർമ്മസമിതി നടത്തുന്ന മുഴുവൻ പ്രക്ഷോഭങ്ങൾക്കും ചെറുവത്തൂർ പഞ്ചായത്ത് ഭരണസമിതിയുടെ പൂർണ്ണ പിന്തുണയുണ്ടാകും. ദേശീയപാത അതോറിറ്റി ചെറുവത്തൂരിലെ ജനങ്ങളുടെ യാത്രാദുരിതം കാണാതിരുന്നത് ഖേദകരമാണ്. കുറെയേറെ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ നിർമ്മാണ കമ്പനിയും അതോറിറ്റിയും ചെയ്തുതന്നത് മറക്കുന്നില്ല. എന്നാൽ ഈ അണ്ടർപാസേജ് നിർമ്മാണം കൊണ്ട് നാട്ടുകാർക്ക് ഒരു പ്രയോജനവും കിട്ടാതെ പോയി. സമീപ പഞ്ചായത്തുകളിലെ യാത്രക്കാർ വരെ ഉപയോഗിക്കുന്ന പ്രധാന റോഡാണിത്.

ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള