കലാശ്ശേരി:ദേശീയ പാത സർവീസ് റോഡിലൂടെ കടന്നു പോകുകയായിന്ന ദമ്പതികൾ സഞ്ചരിച്ച കാർ കത്തിനശിച്ചു. കല്യാശ്ശേരി മാങ്ങാട് ടൗണിൽ മൊറാഴ കല്യാശ്ശേരി സർവീസ് ബാങ്കിന്റെ കെട്ടിടത്തിന് മുന്നിൽ വച്ച് ഇന്നലെ രാത്രി 8.45 ഓടെയാണ് സംഭവം. കണ്ണൂരിൽ നിന്നും പന്നിയൂരിലേക്ക് പോകുകയായിരുന്ന പന്നിയൂർ സ്വദേശികളായ സജീവനും ഭാര്യ സുനിതയുമാണ് കാറിലുണ്ടായിരുന്നത്.
കണ്ണൂരിൽ നിന്ന് പുറപ്പെട്ട് കല്യാശ്ശേരിയിൽ എത്തിയപ്പോൾ കരിഞ്ഞ മണം വരുന്നതായി അനുഭവപ്പെട്ടിരുന്നതായി ഇരുവരും പറഞ്ഞു. മാങ്ങാട് ടൗണിൽ കാർ നിറുത്തിയ ഉടനെയാണ് തീ ആളിപടരുകയായിരുന്നു. കാർ നിറുത്തിയ ഉടൻ ഇരുവരും ചാടി ഇറങ്ങിയതിനാൽ ഇരുവരുംരക്ഷപ്പെട്ടു .ടാറ്റാ ഇൻഡികോ കാറാണ് കത്തിയത്.
ഉടൻ ഓടിയെത്തിയ നാട്ടുകാർ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് തീ കെടുത്താൻ ശ്രമം തുടങ്ങി. പിന്നാലെ തളിപ്പറമ്പിൽ നിന്നും അഗ്നി രക്ഷാസേന എത്തിയാണ് തീ പൂർണമായി അണച്ചത്.
അഗ്നി രക്ഷാ സേന തളിപ്പറമ്പ് സ്റ്റേഷൻ ഓഫീസർ എൻ. കുര്യാക്കോസ്, ഫയർ റെസ്‌ക്യൂ ഓഫീസർ അനീഷ് പാല വിള എന്നിവരുടെ നേതൃത്യത്തിലുള്ള സംഘമാണ് തീ അണക്കുന്നതിന് നേതൃത്വം നൽകിയത്. കാർ കത്തുന്നതിനിടയിൽ കല്യാശ്ശേരി തളിപ്പറമ്പ് ദേശീയ പാതയുടെ സർവീസ് റോഡിൽ മുക്കാൽ മണിക്കൂറോളം ഗതാഗതം പൂർണമായി സ്തംഭിച്ചു. കാറിന്റെ തീ അണച്ചതിന് ശേഷമാണ് വാഹനങ്ങൾക്ക് കടന്നു പോകാതായത്.