നീലേശ്വരം: ചായ്യോത്ത് മോഷണത്തിനെത്തിയ യുവാവിനെ മണിക്കൂറുകൾക്കുള്ളിൽ വലയിലാക്കി നീലേശ്വരം പൊലീസ്. ചായ്യോം നരിമാളം പെരിങ്കുളത്തെ കരാറുകാരൻ സുരേഷിന്റെ വീട്ടിൽ ഇന്നലെ പുലർച്ചെയാണ് കവർച്ചാശ്രമം നടന്നത്. വീട്ടുകാർ ഉണർന്നതോടെ ഓടി രക്ഷപ്പെട്ട അന്തർസംസ്ഥാന മോഷ്ടാവിനെ നീലേശ്വരം പൊലീസ് തെരഞ്ഞു പിടിച്ചു. പശ്ചിമബംഗാളിൽ സ്ഥിര താമസമാക്കി കേരളത്തിലെത്തി കവർച്ച നടത്തുന്ന മൂവാറ്റുപുഴ സ്വദേശി നൗഫലിനെയാണ് നീലേശ്വരം എസ്‌.ഐ കെ.വി രതീശനും സംഘവും മൂന്ന് മണിക്കൂറോളം നീണ്ട തെരച്ചിലിൽ അതിസാഹസികമായി പിടികൂടിയത്. സുരേഷിന്റെ വീടിന്റെ പിൻവാതിൽ തകർത്ത് അകത്തുകയറി മോഷണം നടത്താനായിരുന്നു നൗഫലിന്റെ ശ്രമം. വാതിലിന്റെ രണ്ട് ടവർ ബോൾട്ടുകൾ അറുത്തു മാറ്റുകയും ചെയ്തിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ വീടിന്റെ പിന്നാമ്പുറത്ത് നിന്ന് ശബ്ദം കേട്ട് സുരേഷ് ഉണർന്ന് ലൈറ്റിട്ടു. ഈ സമയം നൗഫൽ ഓടിരക്ഷപ്പെടുകയായിരുന്നു.

വീട്ടിലെ സി.സി ടിവി പരിശോധനയിൽ മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചതോടെ നീലേശ്വരം പൊലീസിനെ വിവരമറിയിച്ചു. നീലേശ്വരം എസ്.ഐ കെ.വി രതീശനും സംഘവും സ്ഥലത്തെത്തി. കനത്ത മഴ കൂസാതെ ടൗണുകളും പൊന്തക്കാടുമെല്ലാം അരിച്ചു പെറുക്കി. പരിശോധനയ്ക്കിടെ അതുവഴി വന്ന ഓട്ടോറിക്ഷ നിർത്തി പരിശോധിച്ചപ്പോൾ റിക്ഷയിലുണ്ടായിരുന്ന നൗഫൽ ഇറങ്ങി ഓടി. പൊലീസ് വിടാതെ പിന്തുടർന്ന് ബലം പ്രയോഗിച്ച് കീഴടക്കി കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പശ്ചിമ ബംഗാളിൽ സ്ഥിരതാമസമാക്കി ആഡംബര വീടുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവായ നൗഫൽ ആണെന്ന് തിരിച്ചറിഞ്ഞു.

മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി

അടുത്ത മോഷണശ്രമം

കഴിഞ്ഞ ജൂൺ 11 ന് മലപ്പുറം അങ്ങാടിപ്പുറം മില്ലുംപടിയിലെ വീട്ടിൽ നിന്നും 90 പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ മലപ്പുറം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യം നേടിയാണ് വീണ്ടും കവർച്ചയ്ക്കിറങ്ങിയത്. സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഇയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. നേരത്തെ വടക്കേ ഇന്ത്യയിലേക്കുള്ള നാഷണൽ പെർമിറ്റ് ലോറിയിൽ ഡ്രൈവറായിരുന്നു നൗഫൽ. അഞ്ച് ഭാഷകൾ സംസാരിക്കാനറിയാവുന്ന ഇയാൾ വർഷങ്ങളായി പശ്ചിമ ബംഗാളിൽ സ്വന്തമായി വീട് നിർമിച്ച് താമസിച്ചു വരികയാണ്. ഇടയ്ക്കിടെ കേരളത്തിലെത്തി ആഡംബര വീടുകൾ നോട്ടമിട്ട് കവർച്ച നടത്തി മുങ്ങുകയാണ് പതിവ്. കവർച്ച ചെയ്യുന്ന സ്വർണാഭരണങ്ങൾ പട്ടാമ്പി സ്വദേശി ബഷീർ മുഖേന വിൽപന നടത്തുകയാണ് പതിവെന്നും പൊലീസ് പറഞ്ഞു. നൗഫലിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സിവിൽ പൊലീസ് ഓഫീസർമാരായ ജയേഷ്, മഹേഷ് എന്നിവരും സംഘത്തിലുണ്ട്.