police
പൊലീസ് സേന

1300 പുതിയ തസ്തികകൾ വേണം

കാസർകോട്: ജോലിഭാരം കൊണ്ട് പൊലീസ് ഉദ്യോഗസ്ഥർ വീർപ്പുമുട്ടുകയും ആത്മഹത്യയുടെ വഴികൾ തിരഞ്ഞെടുക്കുകയും ചെയ്യുന്ന കാസർകോട് ജില്ലയിലെ പൊലീസ് സേനയിൽ അംഗബലം വളരെ കുറവ്. വർഷങ്ങൾക്ക് മുമ്പ് നിലവിൽ വന്ന സ്റ്റാഫ് പാറ്റേൺ ആണ് ഇന്നും ജില്ലയിലെ പൊലീസ് സേനയിലുള്ളത്.

ക്രമസമാധാന പാലനം, കേസ് അന്വേഷണം, പ്രധാന സംഭവങ്ങൾ, എസ്‌കോർട്ട്, പ്രത്യേക സംരക്ഷണം എന്നിങ്ങനെ അവധിയെടുക്കാൻ കഴിയാതെയും വിശ്രമം ഇല്ലാതെയുമാണ് പൊലീസ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത്. 13 ലക്ഷം ജനങ്ങളുള്ള ജില്ലയിൽ നിലവിൽ 1500 പൊലീസ് ഉദ്യോഗസ്ഥർ മാത്രമാണുള്ളത്. ഇവർക്ക് കൃത്യമായി ഡ്യൂട്ടി ചെയ്യാൻ 1300 പൊലീസുകാരെ കൂടി നിയമിക്കണം. അതിനായി പുതിയ തസ്തിക തന്നെ സർക്കാർ സൃഷ്ടിക്കേണ്ടി വരും.

കേസുകളിൽ ഭീമമായ വർദ്ധനവ് ഉണ്ടാകുന്ന മേഖലയാണ് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ളത്. 2020 മുതൽ 2025 വരെയുള്ള അഞ്ച് വർഷം കാസർകോട് ജില്ലയിൽ മാത്രം രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 79,889 ആണ്. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ പഠനത്തിൽ പൗരൻ -പൊലീസ് അനുപാതമായി പ്രതിപാദിച്ചിരിക്കുന്നത് 500:1 എന്നാണ്. എന്നാൽ ഇവിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ സംരക്ഷിക്കേണ്ടിവരുന്നത് 933 പൗരന്മാരെയാണ്.

35 വനിതാ സി.പി.ഒമാരുടെ ഒഴിവ്

ഇൻസ്പെക്ടർമാരുടെ 20 ഒഴിവുകൾ ജില്ലയിലുണ്ട്. 70 എസ്.ഐമാർ വേണ്ടിടത്ത് 50 എസ്.ഐമാരാണുള്ളത്. 111 വനിതാ സി.പി.ഒമാർ വേണ്ട സ്ഥാനത്ത് 76 പേർ മാത്രമാണുള്ളത്. അഞ്ച് വനിത എസ്.ഐ മാരും രണ്ട് വനിതാ ഇൻസ്പെക്ടർമാരും ആവശ്യമുള്ള സ്ഥലത്ത് ഒരാളെ പോലും നിയമിച്ചിട്ടില്ല. കോസ്റ്റൽ പൊലീസിൽ ആറു ബോട്ട് ഡ്രൈവർമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. കോസ്റ്റൽ പൊലീസിന്റെ ബോട്ടുകൾ ഓടിക്കുന്നത് സി.പി.ഒ മാരാണ്.

2016ലെ ശാസ്ത്രീയ പഠന റിപ്പോർട്ട് നടപ്പിലാക്കണം

വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ തടയുവാനും നിയമ വ്യവസ്ഥ പാലിക്കപ്പെടാനും സൈബർ കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുന്നതിനും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് 2016 ൽ നടത്തിയ ശാസ്ത്രീയ പഠനത്തിനുശേഷം സർക്കാരിന് നൽകിയ റിപ്പോർട്ടിലെ ശുപാർശകൾ പ്രവർത്തികമാക്കണമെന്ന ആവശ്യം പൊലീസ് സേനയിൽ ശക്തമാകുകയാണ്. റിപ്പോർട്ട് നടപ്പിലാക്കിയാൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കാൻ ആഭ്യന്തര വകുപ്പ് നിർബന്ധിതമാകും.

ജനങ്ങളുടെ സുരക്ഷയും ക്രമസമാധാന പാലനവും ശക്തമാക്കാൻ കൂടുതൽ പൊലീസുകാരെ നിയമിക്കണം. പഴയകാലത്തെ നില വെച്ച് നിലവിൽ പൊലീസിന് മുന്നോട്ടുപോകാൻ കഴിയില്ല. സേനാംഗങ്ങളുടെ കുറവ് ദോഷകരമായി ബാധിക്കും. ഇതുമായി ബന്ധപ്പെട്ട വിവരാവകാശ രേഖകൾ സഹിതം ആഭ്യന്തര സെക്രട്ടറിക്കും ഡി.ജി.പിക്കും പി.എസ്.സി ചെയർമാനും ജില്ലാ പൊലീസ് മേധാവിക്കും നിവേദനങ്ങൾ നൽകിയിട്ടുണ്ട്.

എം.വി ശില്പരാജ് ചെമ്പ്രകാനം (വിവരാവകാശ പ്രവർത്തകൻ)