veera
വീരമലക്കുന്നിൽ മണ്ണിടിഞ്ഞപ്പോൾ (ഫയൽ ഫോട്ടോ)

നീലേശ്വരം: വ്യാഴാഴ്ച രാത്രിയുണ്ടായ കനത്ത മഴയെ തുടർന്ന് ദേശീയപാത വീര മലക്കുന്ന് വഴി യാത്രാവാഹനങ്ങൾക്ക് ജില്ല കളക്ടർ ഇന്നലെ രാവിലെ മുതൽ ഉച്ചവരെ വിലക്ക് ഏർപ്പെടുത്തി. ഇതോടെ നീലേശ്വരം മാർക്കറ്റ് റോഡിലും അച്ചാംതുരുത്തി കോട്ടപ്പുറം പാലം വഴിയും ഗതാഗതകുരുക്ക് രൂക്ഷമായി. രാവിലെ ഓഫീസുകളിലും മറ്റ് ജോലിക്ക് പോകുന്നവരും ഏറെ ബുദ്ധിമുട്ടി.

മഴ കനത്താൽ ഇനിയും വീരമലക്കുന്ന് ഇടിയുമെന്ന പേടിയിലാണ് പരിസരവാസികൾ. കഴിഞ്ഞമാസം കനത്ത മഴയിൽ വീര മലക്കുന്ന് ഇടിഞ്ഞ് ഇതുവഴി ദിവസങ്ങളോളം യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ദേശീയപാത അധികൃതരാക്കട്ടെ ശാശ്വത പരിഹാരം കാണുന്നുമില്ല.

കുന്നിടിഞ്ഞ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ജനങ്ങളുടെ ഭാഗത്ത് നിന്ന് കടുത്ത സമ്മർദ്ദത്തെ തുടർന്ന് ദേശീയ പാത അധികൃതർ സ്ഥലം സന്ദർശിച്ചെങ്കിലും ചുരുങ്ങിയ സമയം ചെലവഴിച്ച് സ്ഥലം വിടുകയാണ് ചെയ്തത്. മാദ്ധ്യമ പ്രതിനിധികളോട് പോലും സംസാരിക്കാൻ കൂട്ടാക്കിയില്ല.

ഇനിയും മണ്ണിടിക്കാനുള്ള സ്ഥലം റവന്യു അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാവണമെന്നാണ് എൻ.എച്ച്.എ.ഐ അധികൃതർ ആവശ്യപ്പെടുന്നത്. ഇത് കേട്ടുകേൾവി ഇല്ലാത്തതാണ്. അനധികൃതമായി മണ്ണിടിച്ച് ഭൂപ്രകൃതിയിൽ മാറ്റം വന്നിട്ടും ഇതിന് പരിഹാരം കാണാൻ അധികൃതരും കരാറുകാരനും തയ്യാറാവുന്നില്ലെന്നാണ് ജനങ്ങൾ പറയുന്നത്. ഭൂമി വിട്ടു തന്നാൽ മാത്രമെ ജോലിക്ക് പരിഹാരം കാണാൻ പറ്റുകയുള്ളു എന്ന സൂത്രവാക്യമാണ് ഇവർ പ്രയോഗിക്കുന്നത്. വീരമലക്കുന്നിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഇനി ഇവിടെ നിന്നും മണ്ണെടുക്കാൻ അനുവദിക്കില്ലെന്നാണ് പരിസരവാസികളൂം പ്രകൃതി സ്നേഹികളും പറയുന്നത്.