suicide
വൃദ്ധ ദമ്പതികളുടെ മരണം

കണ്ണൂർ: അലവിലിൽ ഗ്രാമത്തെ നടുക്കിയ വൃദ്ധ ദമ്പതികളുടെ മരണത്തിലെ ദുരൂഹത നീക്കാൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. മരണകാരണമെന്തെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. ദമ്പതികളുടെ സംസ്കാര ചടങ്ങുകൾ ഇന്നലെ കഴിഞ്ഞു.

അലവിൽ അനന്തൻ റോഡിലെ കല്ലാളത്തിൽ പ്രേമരാജൻ (75), ഭാര്യ ശ്രീലേഖ (68) എന്നിവരെയാണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടതായി കണ്ടെത്തിയത്. ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച ശേഷം പ്രേമരാജൻ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി ആത്മഹത്യ ചെയ്തതായാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ശ്രീലേഖയ്ക്ക് ചുറ്റിക കൊണ്ടുള്ള അടിയേറ്റുവെങ്കിലും മരണം സംഭവിക്കാത്തതിനെ തുടർന്ന് ഇരുവരുടെയും ശരീരത്തിൽ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയതായാണ് റിപ്പോർട്ട്.

മൃതദേഹങ്ങൾ കണ്ടെത്തിയ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ നിന്നും ചുറ്റികയും ബാക്കിയായ മണ്ണെണ്ണയുള്ള കന്നാസും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നേരത്തെ ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രേമരാജൻ കഴിഞ്ഞ കുറെക്കാലം കണ്ണൂരിലെ ഒരു ഹോട്ടലിൽ മാനേജരായിരുന്നു. ഇവർക്ക് സാമ്പത്തിക പ്രശ്നങ്ങളൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. അയൽക്കാർ നൽകിയ മൊഴിയിൽ ദമ്പതികൾ തമ്മിൽ കുടുംബ പ്രശ്നവുമില്ലെന്നാണ് നിഗമനം. മക്കൾ രണ്ടു പേരും വിദേശത്തായതിനാൽ ഇവർ ശാന്തമായ കുടുംബ ജീവിതമാണ് നയിച്ചിരുന്നത്.

ഇളയ മകൻ ഷിബിൻ കുടുംബ സമേതം നാട്ടിലെത്തുന്ന ദിവസമാണ് ഇരുവരും ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് ഷിബിൻ ബഹ്‌റിനിൽ നിന്നും നാട്ടിലെത്തിയത്. ഷിബിനെ കൂട്ടിക്കൊണ്ടുവരാനായി, വർഷങ്ങളായി പ്രേമരാജന്റെ ഡ്രൈവറായി ജോലി ചെയ്യുന്ന അയൽവാസി സരോഷിനെ നേരത്തെ പ്രേമരാജൻ ഏർപ്പാട് ചെയ്തിരുന്നു. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ സരോഷ് വന്ന് വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

വളപട്ടണം എസ്.എച്ച്.ഒ പി. വിജേഷിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിവരുന്നത്. എല്ലാവരോടും സൗമ്യമായി പെരുമാറിയിരുന്ന പ്രേമരാജന്റെയും ഭാര്യ ശ്രീലേഖയുടെയും മരണം വിശ്വസിക്കാനാവാതെ നിൽക്കുകയാണ് പ്രദേശവാസികൾ. ഓസ്‌ട്രേലിയയിലുള്ള മൂത്തമകൻ പ്രിബിത്ത് ഇന്നലെ തന്നെ നാട്ടിലെത്തിയിരുന്നു.

ചുറ്റികയും തലയ്ക്കടിയേറ്റ പാടും

അന്വേഷണം വഴിതിരിച്ചു

ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രേമരാജൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ കിടന്നിരുന്നത്. മുറിയിൽ മണ്ണെണ്ണ ഗന്ധമുണ്ടായിരുന്നു. കിടക്കയിൽ ചുറ്റിക കൂടി കണ്ടെത്തിയതോടെയാണ് പൊലീസിന് സംശയം തോന്നിയത്. ശ്രീലേഖയുടെ തലയ്ക്കടിയേറ്റ പാടുകളും പൊലീസ് കണ്ടെത്തി.