പാണത്തൂർ: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പാണത്തൂർ പോസ്റ്റ് ഓഫീസിലേക്ക് തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ചും ധർണയും നടത്തി. കാർഷിക മേഖലയിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന ഭൂവികസന പ്രവർത്തികൾക്ക് വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നിർദ്ദേശം പിൻവലിക്കുക, തൊഴിലുറപ്പ് നിയമം അനുശാസിക്കുന്ന തൊഴിലും കൂലിയും ലഭ്യമാക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുക, കൂലി 600 രൂപയായും തൊഴിൽ ദിനങ്ങൾ 200 ആയും വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർണ്ണ നടത്തിയത്. സി.പി.എം കാസർകോട് ജില്ലാ കമ്മിറ്റി അംഗം സി.ജെ സജിത്ത് ധർണ്ണ ഉദ്ഘാടനം ചെയ്തു. ശോഭാ സുധാകരൻ അദ്ധ്യക്ഷയായി. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ഏരിയ സെക്രട്ടറി പി. തമ്പാൻ, പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. നിർമ്മല സ്വാഗതം പറഞ്ഞു.