കണ്ണൂർ: വൈദ്യുതി അപകടങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലും വൈദ്യുതി സുരക്ഷാ സമിതികളുടെ പ്രവർത്തനം പരാജയം. ജില്ലയിൽ പലയിടത്തും സമിതികൾ പ്രവത്തനക്ഷമമല്ല. വൈദ്യുതി സുരക്ഷയെ കുറിച്ചുള്ള അവബോധമില്ലാത്തതാണ് പലപ്പോഴും വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നത്. കഴിഞ്ഞ ദിവസം ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സർക്കിളിൽ മട്ടന്നൂർ സെക്ഷന്റെ പരിധിയിലെ കൊളാരി കുഭംമൂല എന്ന സ്ഥലത്ത് അഞ്ച് വയസുകാരൻ ഷോക്കേറ്റ് മരണപ്പെട്ടിരുന്നു. കുട്ടി വീട്ടിലെ വരാന്തയുടെ ഗ്രില്ലിൽ താത്കാലികമായി സ്ഥാപിച്ച അലങ്കാര ലൈറ്റിൽ നിന്നും ഷോക്കേറ്റാണ് മരണപ്പെട്ടത്.


കെ.എസ്.ഇ.ബി അധികൃതർ നടത്തിയ പരിശോധനയിൽ അലങ്കാര ലൈറ്റിലേക്ക് സപ്ലൈ കൊടുക്കുന്നതിനായി സീലിംഗ് റോസിൽ നിന്നും ഒരു പ്ലാസ്റ്റിക് വയർ അലങ്കാര ലൈറ്റിലേക്കും ഈ അലങ്കാര ലൈറ്റ് വരാന്തയുടെ ഗ്രില്ലിലും സ്ഥാപിച്ചിരുന്നു. എന്നാൽ പ്ലാസ്റ്റിക് വയറും അലങ്കാര ലൈറ്റിന്റെ പിൻ പോയിന്റും തമ്മിൽ കൂടി ചേരുന്ന ഭാഗം ഇൻസുലേറ്റ് ചെയ്തിരുന്നില്ല. സ്വിച്ച് ഓൺ ആക്കിയ ശേഷം അലങ്കാര ലൈറ്റുകളിൽ പിടിക്കുന്നതിനായി കസേര ഇട്ട് ഗ്രില്ലിൽ കയറുന്ന സമയത്ത് കുട്ടി, ഇൻസുലേറ്റ് ചെയ്യാത്ത ഭാഗവും ചേർത്ത് ഗ്രില്ലിൽ പിടിക്കുകയും ഷോക്കേറ്റ് തെറിച്ചു വീഴുകയുമായിരുന്നു. വീട്ടിൽ എർത്ത് ലീക്കേജ് സക്ക്യൂട്ട് ബ്രേക്കർ (ഇ.എൽ.സി.ബി )സ്ഥാപിച്ചിട്ടുണ്ടായിരുന്നില്ല. ഇതായിരുന്നു അപകടത്തിന്റെ ആഴം വർദ്ധിപ്പിച്ചത്.


വൈദ്യുതി സുരക്ഷാ സമിതി കാര്യക്ഷമമാക്കുന്നതിലൂടെ ഒരു പരിധി വരെ വൈദ്യുതി അപടങ്ങൾ തടയാൻ കഴിയും .വിദ്യാലയങ്ങളിലും വീടുകളിലും ഉൾപ്പെടെ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനാണ് സുരക്ഷാസമിതി രൂപീകരിക്കുന്നത് .ബോധവൽക്കരണ പരിപാടികളും ക്ലാസുകളും വൈദ്യുതി അപകടങ്ങൾ കുറക്കും. ഇതിലൂടെ അശാസ്ത്രീയമായ വയറിംഗ് ഉൾപ്പെടെ തടയാൻ കഴിയും. വൈദ്യുതി അപകടങ്ങൾക്ക് കൂടുതൽ സാദ്ധ്യതയുള്ള മഴക്കാലങ്ങളിൽ ഉൾപ്പെടെ വൈദ്യുതി സുരക്ഷാ സമിതികൾ കാര്യക്ഷമമായി പ്രവത്തിച്ചാൽ അപകടങ്ങൾ ഒഴിവാക്കാൻ കഴിയും. എന്നാൽ ജില്ലയിൽ പലയിടങ്ങളിലും വൈദ്യുതി സുരക്ഷാ സമിതികൾ രൂപീകരിക്കുന്നതിൽ അധികൃതർ പിന്നോട്ട് പോവുകയാണ്.


വൈദ്യുതി അപകടങ്ങൾ തടയാൻ

മെയിൻ സ്വിച്ച് പ്രവർത്തന ക്ഷമമായി വയ്ക്കുക

മെയിൻ സ്വിച്ചിലെ ഫ്യൂസിനേക്കാൾ ശേഷി കുറഞ്ഞ ഫ്യൂസ് ഉപ സർക്യൂട്ടിൽ ഉപയോഗിക്കുക

ഒരു സർക്യൂട്ടിൽ ലൈറ്റ്, ഫാൻ, പ്ലഗ് മുതലായ പോയിന്റുകൾ പത്ത് എണ്ണത്തിൽ കൂടരുത്

പ്ലഗ് സോക്കറ്റുകൾക്ക് സ്വിച്ച് ഘടിപ്പിക്കുക

കൃത്യമായ വൈദ്യുതി വാഹക ശേഷിയുള്ള ഫ്യൂസ് വയറുകൾ ഉപയോഗിക്കുക