കാസർകോട്: തലപ്പാടിയിൽ വ്യാഴാഴ്‌ച ഉണ്ടായ അപകടത്തിന്റെ ഞെട്ടൽ മാറും മുമ്പെ അപകടഭീതി വിതച്ച് കൊണ്ട് സർവ്വീസ് നടത്തിയ കർണാടക കെ.എസ്.ആർ.ടി സി ബസുകൾ നാട്ടുകാർ തടഞ്ഞിട്ടു. കാലപ്പഴക്കം കാരണം മൊട്ടയായ ടയറുകൾ ഘടിപ്പിച്ച് ഓടിയ ബസുകൾക്കാണ് നാട്ടുകാർ പൂട്ടിട്ടത്. ഇങ്ങനെയുള്ള നാലു ബസുകളാണ് തലപ്പാടിയിൽ നാട്ടുകാർ തടഞ്ഞുവച്ചത്.

ആറു പേരുടെ മരണത്തിന് ഇടയാക്കിയ കർണാടക ബസിന്റെ ടയറുകൾ 'മൊട്ട'യായിരുന്നു. ഇതുകാരണമാണ് മഴയത്ത് ബ്രേക്ക് ചവിട്ടിയപ്പോൾ കിട്ടാതെ പോയത്. നല്ല ടയറുകൾ ഘടിപ്പിച്ച മറ്റു ബസുകൾ നാട്ടുകാർ ഓടാൻ അനുവദിക്കുകയും ചെയ്‌തു. വിവരമറിഞ്ഞ് വൻ പൊലീസ് സംഘം സ്ഥലത്തെത്തി. ഗതാഗതയോഗ്യമല്ലാത്ത ടയറുകളുള്ള ബസുകളെ റോഡിലിറങ്ങാൻ അനുവദിക്കില്ലെന്നു പ്രതിഷേധക്കാർ പൊലീസിനെ അറിയിച്ചു. വ്യാഴാഴ്‌ച തലപ്പാടിയിൽ കർണ്ണാടക കെ.എസ്.ആർ.ടി.സി ബസിടിച്ച് ആറുപേർക്കാണ് ജീവൻ നഷ്ടമായത്. കാസർകോട് നിന്നു മംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസിടിച്ചാണ് അപകടം ഉണ്ടായത്. അമിത വേഗതയും ടയറുകളുടെ കാര്യക്ഷമത ഇല്ലായ്‌മയുമാണ് അപകടത്തിനു ഇടയാക്കിയതെന്നു നാട്ടുകാർ ആരോപിച്ചു. അപകടം ഉണ്ടാക്കിയ ബസിന്റെ ഡ്രൈവർ നിജലിംഗപ്പയെ പൊലീസ് കഴിഞ്ഞ രാത്രി അറസ്റ്റ് ചെയ്തിരുന്നു. മനഃപൂർവ്വമല്ലാത്ത നരഹത്യക്കാണ് ഇയാളുടെ പേരിൽ കേസെടുത്തിരുന്നത്. ഡ്രൈവറും കണ്ടക്ടറും സംഭവത്തിന് ശേഷം പൊലീസ് കസ്റ്റഡിയിൽ ആയിരുന്നു. ബസിന്റെ കാലപ്പഴക്കവും അമിതവേഗതയുമാണ് അപകടത്തിന് കാരണമായതെന്ന് ബസ് പരിശോധിച്ച കർണാടക മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരും പൊലീസിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

അപകട കാരണം അമിത വേഗതയും ടയറിന്റെ തേയ്മാനവും
തലപ്പാടിയിൽ ആറ് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം ബസിന്റെ അമിത വേഗതയും ടയറിന്റെ തേയ്മാനവും. ബസിന്റെ ബ്രേക്ക് പൊട്ടിയത് മൂലമാണെന്ന് ബസ് ഡ്രൈവർ പൊലീസിനോട് പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞു. പൊലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ബസിൽ കയറി വിശദമായി പരിശോധിച്ചപ്പോൾ ബ്രേക്ക് പൊട്ടിയിട്ടില്ലെന്ന് കണ്ടെത്തി. ബസിന്റെ പിറകുവശത്തെ ടയറുകൾ തേഞ്ഞുപോയതായി വ്യക്തമായി. ബസ് തലപ്പാടിയിൽ എത്തിയപ്പോൾ എതിരെ വരികയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയും ഒരുതവണ വട്ടംകറങ്ങിയതിന് ശേഷം പിറകോട്ട് ഓടി മറ്റൊരു ഓട്ടോറിക്ഷയിലിടിച്ച് നില്‍ക്കുകയുമായിരുന്നു. ഉപ്പളയിൽ നിന്ന് ബസ് പുറപ്പെടുമ്പോൾ തന്നെ അമിത വേഗതയിലായിരുന്നുവെന്ന് ബസ് യാത്രക്കാർ മൊഴി നൽകി. ബസ് തലപ്പാടിയിൽ എത്തുമ്പോൾ നല്ല മഴയായിരുന്നു.