kpcc
തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് നടത്തുന്ന ഗൃഹ സന്ദർശനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ പായം പഞ്ചായത്തിലെ കുര്യത്ത് ജോയിയുടെ വീട്ടിലെത്തി നിർവഹിക്കുന്നു

ഇരിട്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഗൃഹ സന്ദർശന പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ നിർവഹിച്ചു. പായം പഞ്ചായത്തിലെ അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്ന വാർഡിലെ കുര്യത്ത് ജോയിയുടെ വീട്ടിലായിരുന്നു ചടങ്ങ്. പ്രവർത്തകർക്കൊപ്പം കെ.പി.സി.സി പ്രസിഡന്റും വീടുകളിൽ എത്തിയിരുന്നു.

കോൺഗ്രസ് പാർട്ടിയുടെ അടിസ്ഥാന ഘടകമായ 'ബൂത്ത് തല ശാസ്ത്രീകരണമാണ് പ്രവർത്തനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. രാഹുൽ ഗാന്ധി നടത്തുന്ന വോട്ട് ചോരി യാത്രയുടെ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതും സന്ദർശന ലക്ഷ്യമാണ്.

കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന ഗൃഹസന്ദർശനത്തിന് പേരാവൂർ നിയമസഭാ മണ്ഡലത്തിൽ അദ്ദേഹം നേതൃത്വം നൽകും. പായം, വള്ളിത്തോട്, അയ്യൻകുന്ന്, ആറളം, ചാവശ്ശേരി, ഇരിട്ടി, കീഴ്പ്പള്ളി, മുഴക്കുന്ന്, കണിച്ചാർ, കേളകം, കരിക്കോട്ടക്കരി, പേരാവൂർ, കൊട്ടിയൂർ മണ്ഡലങ്ങളിലാണ് കെ.പി.സി.സി പ്രസിഡന്റ് ഗൃഹ സന്ദർശനം നടത്തുക. ഗൃഹസന്ദർശനത്തിൽ ഡി.സി.സി വൈസ് പ്രസിഡന്റ് സുദീപ് ജെയിംസ്, പായം മണ്ഡലം പ്രസിഡന്റ് റയീസ് കണിയാറയ്ക്കൽ, മുൻ ബ്ലോക്ക് പ്രസിഡന്റ് തോമസ് വർഗീസ്, വാർഡ് പ്രസിഡന്റ് സി.എസ്. സുഭാഷ്, ബിജു കരുമാക്കി, ജോസ് തുണ്ടിയിൽ, പി.പി. രഘു, ഹരിത അനുദീപ്, മേരിക്കുട്ടി മാടശ്ശേരി, പോൾസൺ തുടങ്ങിയവർ പങ്കെടുത്തു.