palam
വെള്ളം കയറിയ വയത്തൂർ പുഴയിലെ ചപ്പാത്ത് പാലം

ഇരിട്ടി: വയത്തൂർ പുഴയിലെ ചപ്പാത്ത് പാലത്തിൽ നിന്നും ഓട്ടോ ടാക്സി പുഴയിലേക്ക് മറിഞ്ഞു. ഓട്ടോ ടാക്സിയിലുണ്ടായിരുന്നു മൂന്നുപേരും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ 2.45ഓടെ ആയിരുന്നു അപകടം.

പരിയാരം അശുപത്രിയിൽ നിന്നും മണിപ്പാറ ഭാഗത്തേക്ക് പോകുകയായിരുന്ന ഉളിക്കൽ പെരുമ്പള്ളി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. വയത്തൂർ പാലത്തിന് മുകളിലൂടെ പുഴ കരകവിഞ്ഞൊഴുകിയത് മനസിലാകാതെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം പാലത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. കുത്തൊഴുക്കിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പുഴയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് പേരും വാഹനവും ഒഴുകിപ്പോയി. വാഹന ഉടമ ജോസ് കുഞ്ഞ്, അജിലേഷ് എന്നിവർ നീന്തി സുരക്ഷിതമായ സ്ഥലത്ത് പിടിച്ചു നിന്നു. മൂന്നാമനായ അഭിലാഷ് വെള്ളത്തിൽ അകപ്പെട്ട് അല്പം ദൂരം ഒഴുകിപ്പോയി. പുഴയോരത്തുള്ള കാട്ടുവള്ളികളിലും പുല്ലിലും പിടിച്ചു നിന്ന അഭിലാഷിനെ നാട്ടുകാരായ സാബു കാഞ്ഞിരത്തിങ്കലും അഭിലാഷ് പാപ്പിനിശ്ശേരിയും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.

രക്ഷപ്പെടുത്തിയ മൂന്നു പേരെയും ഉളിക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. പുഴയിൽ അകപ്പെട്ടുപോയ കിഡ്നി രോഗി കൂടിയായ അഭിലാഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രി ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. പുഴയിലേക്ക് മറിഞ്ഞവാഹനം ഇനിയും കണ്ടെടുക്കാനായിട്ടില്ല. വെള്ളം കുറഞ്ഞാൽ തിരച്ചിൽ തുടരാനാണ് തീരുമാനം.

അപകടത്തിൽ പെട്ടവരുടെ കരച്ചിൽ കേട്ട് സമീപവാസിയായ രവീന്ദ്രനാണ് സാബുവിനെയും അഭിലാഷിനെയും സംഭവസ്ഥലത്തേക്ക് വിളിച്ചു വരുത്തിയത്. ഇവർ എത്തുമ്പോഴേക്കും ഉളിക്കൽ പൊലീസും സ്ഥലത്തെത്തിയിരുന്നു. കര കവിഞ്ഞൊഴുകുന്ന പുഴയിൽ അകപ്പെട്ടുപോയവരെ രക്ഷിക്കുക എന്ന അതീവ അപകടകരമായ പ്രവർത്തിയാണ് ഇരുവരും ചെയ്തത്.

പാലം പുതുക്കി പണിയണമെന്ന്

ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം

മഴക്കാലമായാൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്ന പുഴയിലെ മൂന്ന് ചപ്പാത്ത് പാലവും നുച്യാട് പാലവും പുതുക്കി പണിയണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. രണ്ട് പതിറ്റാണ്ടിലേറേ പഴക്കമുള്ള വയത്തൂർ പാലത്തിന്റെ അശാസ്ത്രിയമായ നിർമ്മാണമാണ് അപകടത്തിന്റെ പ്രധാന കാരണം. 2004ൽ അന്നത്തെ എം.പി ആയിരുന്ന എ.പി അബ്ദുള്ള കുട്ടിയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തിയായിരുന്നു പാലത്തിന്റെ നിർമ്മാണം. അന്നു തന്നെ പാലത്തിന്റെ ഉയരക്കുറവും ഇരുകരകളെയും ബന്ധിപ്പിക്കുന്ന ഭാഗങ്ങളിലെ അശാസ്ത്രീയ നിർമ്മാണവും പാലത്തിന്റെ വീതി കുറവിനുമെതിരേ ആക്ഷേപം ഉയർന്നിരുന്നു. എല്ല മഴക്കാലത്തും പാലത്തിൽ വെള്ളം കയറി ഗതാഗതം തടസപ്പെടുന്നത് പതിവാണ്.