keezhara

കണ്ണൂർ : ഇടിമിന്നൽ പോലുള്ള അത്യുഗ്ര ശബ്ദം കേട്ടാണ് കീഴറ ഗ്രാമം ഇന്നലെ പുലർ‌ച്ചെ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നത്.
പുലർച്ചെ രണ്ടുമണിയോടെയുണ്ടായ ഉഗ്രസ്ഫോടനത്തിന്റെ നടുക്കം ഇനിയും മാറിയിട്ടില്ല നാട്ടുകാർക്ക്. സ്ഫോടനം നടന്ന വീടിന് സമീപത്തുള്ള കെ.വി.സുരേഷും ഭാര്യ സുമന്നയും ഭയന്ന് വിറച്ച് എഴുന്നേറ്റ് വീടിന്റെ മുന്നിലെത്തിയപ്പോൾ കണ്ടത് പൊട്ടിച്ചിതറിയ ജനൽച്ചില്ലുകളായിരുന്നു. പിന്നാലെ വെടിമരുന്നിന്റെ ഗന്ധം പരന്നതോടെ എല്ലാവരും പരിഭ്രാന്തിയിലായി.

ഇടിമിന്നലാണെന്നാണ് കരുതിയതെന്ന് സ്ഫോടനം നടന്ന വീടിന്റെ അയൽപക്കത്ത് താമസിക്കുന്ന യശോദ പറഞ്ഞു. യശോദയുടെ വീടിന് പുറമെ എം.ബി ജനിത്ത്, കെ.വി.സുരേഷ്, കെ.വി.ബൈജു, ഗോവിന്ദൻ എന്നിവരുടെ വീടുകൾക്കാണ് കാര്യമായ കേടുപാട് സംഭവിച്ചത്. വീടുകളുടെ വാതിലുകളും ജനലുകളും ശുചിമുറിയുടെ വാതിലുകളുമെല്ലാം തകർന്നിരുന്നു. ഓടിട്ട വീടുകളുടെ ഓടുകൾ മുഴുവൻ ചിതറിത്തെറിച്ചു.സുരേഷ് കുമാറിന്റെ വീടിന്റെ സീലിംഗ് ഉൾപ്പെടെ തകർന്ന നിലയിലായിരുന്നു.സമീപത്തെ മറ്റ് വീടുകളുടേയും സ്ഥിതിയും ഇതുതന്നെയാണ്. ഉഗ്ര ശബ്ദം കേട്ട് ഞെട്ടിയാണ് എല്ലാവരും എഴുന്നേറ്റത്. ഫോണിൽ പരസ്പരം ബന്ധപ്പട്ടപ്പോൾ ബോംബ് പൊട്ടിയതാണെന്ന് മനസിലായി. പുറത്തിറങ്ങിയ സമീപവാസികൾ ശബ്ദം കേട്ട ദിക്കിലേക്ക് എത്തിയപ്പോൾ കത്തിയമരുന്ന വീടാണ് കണ്ടത്. വീടിന്റെ അവശിഷ്ടങ്ങൾ റോഡിലേക്ക് തെറിച്ച് വീണ നിലയിലായിരുന്നു.നാട്ടുകാർ ഉടൻ പൊലീസീനെയും ഫയർ ഫോഴ്സിനെയും വിവരമറിയിച്ചു.അപകടത്തിൽ ഒരാൾ മാത്രമെ കൊല്ലപ്പെട്ടിട്ടുള്ളുവെന്ന് പരിശോധനയിൽ ബോദ്ധ്യമായി.

സ്ഫോടനം നടന്ന വാടക വീടുമായി ബന്ധപ്പെട്ട് അടിമുടി ദുരൂഹതയാണെന്ന് പരിസരവാസികൾ പറയുന്നു.കീഴറ കൂലോത്തു നിന്ന് അരകിലോമീറ്റർ അകലെ കുറച്ച് ഉയരത്തിലാണ് സ്‌ഫോടനം നടന്ന വാടകവീട്. ഇതിന് പുറമെ താഴെയുള്ള അഞ്ചുവീടുകളിലാണ് കാര്യമായ നാശനഷ്ടമുണ്ടായത്. ഈ വാടക വീടിനുള്ളിൽ എന്താണ് നടക്കുന്നതെന്നതെന്ന് സമീപ വാസികൾക്ക് ഇതുവരെ ഒരു സൂചനയും ലഭിച്ചിരുന്നില്ല.

അനധികൃത പടക്ക നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി കേസുകളുള്ള അനൂപ് മാലിക്കാണ് വീട് വാടകയ്ക്കെടുത്തതെന്നതടക്കമുള്ള കാര്യങ്ങൾ നാട്ടുകാർക്ക് അറിയില്ല.അനുപിന്റെ ഭാര്യ സഹോദരനായിരുന്ന സ്ഫോടനത്തിൽ മരിച്ച മുഹമ്മദ് അഷാമാണ് ഇവിടെ താമസിച്ചിരുന്നത്.താമസിക്കാറില്ലെങ്കിലും അനൂപ് ഇവിടുത്തെ നിത്യ സന്ദർശകനാണ്.പയ്യന്നൂർ സ്പെയർ പാർട്സ് കടയിലെ ജീവനക്കാരാണെന്നാണ് ഇവർ നാട്ടുകാരോട് പറഞ്ഞിരുന്നത്. സമീപവാസികൾക്ക് പോലും ഇവരെക്കുറിച്ച് കാര്യമായ അറിവില്ല. മുഴുവൻ സമയവും വീട് പൂട്ടിയിട്ട് അകത്ത് കഴിയുന്നവരാണ് ഇവരെന്ന് അയൽവാസികൾ പറയുന്നു. വീട്ടിൽ രാത്രി ലൈറ്റ് പോലുമിടാറില്ല. രാത്രികാലങ്ങളിൽ ചിലർ ബൈക്കിൽ വന്ന് പോകാറുണ്ടെന്നും എന്നാൽ ഇവർ ആരെല്ലാമെന്ന് അറിയില്ലെന്നുമാണ് സമീപവാസികൾ പൊലീസിനോട് പറഞ്ഞത്. ഒരു ബൈക്കും സ്കൂട്ടിയും വീടിന് സമീപത്ത് സ്ഥിരമായി കാണാറുണ്ടെന്നും പ്രദേശവാസികളിൽ ചിലർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

അനൂപിനെതിരെയുള്ള സ്ഫോടനക്കേസ് വിചാരണാഘട്ടത്തിൽ

2016ൽ പൊടിക്കുണ്ട് വീട്ടിലുണ്ടായ സ്ഫോടനത്തിലെ പ്രതിയാണ് അനൂപ്. കേസിന്റെ വിചാരണ തലശേരി അഡീഷണൽ ജില്ലാ കോടതിയിൽ ഇപ്പോഴും പുരോഗമിക്കുകയാണ്. അതിനിടെയാണ് അനൂപിലേക്ക് വിരൽ ചൂണ്ടുന്ന പുതിയ സ്ഫോടനം. വൻതോതിലുള്ള സ്ഫോടക വസ്തുക്കളും പടക്കങ്ങളുമാണ് അനൂപ് ഇവിടെ സൂക്ഷിച്ചിരുന്നത്.പടക്ക നിമ്മാണവും ഈ വാടക വീട് കേന്ദ്രീകരിച്ച് നടക്കുന്നതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.നേരത്തെ ജിം പരിശീലകനായിരുന്ന അനൂപ് മാലിക് ഏറെക്കാലമായി അനധികൃത പടക്ക നിർമ്മാണ രംഗത്ത് സജീവമാണ്.ഇതിന് വേണ്ടി പല സ്ഥലങ്ങളിൽ മാറി മാറി വീട് വാടകയ്ക്കെടുക്കുകയായിരുന്നു പതിവ്.കഴിഞ്ഞ മൂന്ന് മാസം മുൻപായിരുന്നു കീഴറിയിലെ വീട് വാടകയ്ക്കെടുത്തത്.കുറച്ച് കാലത്തേക്ക് വേണ്ടി ആയതിനാൽ എഗ്രിമെന്റൊന്നും തന്നെ എഴുതാതെയാണ് അനൂപിന് വീട് വാടകയ്ക്ക് നൽകിയതെന്ന് ഉടമസ്ഥനും റിട്ട.അദ്ധ്യാപകനുമായ ചാപ്പാടൻ ഗോവിന്ദൻ പറഞ്ഞു.

അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

ഒളിവിൽ കഴിയുന്ന അനൂപ്‌ മാലിക്കിനെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ഉത്സവങ്ങൾക്കും മറ്റും വലിയ തോതിൽ പടക്കം എത്തിച്ചു നൽകുന്ന ആളാണ് അനൂപ് മാലിക്.ഇയാൾ നേരത്തെയും സ്ഫോടനക്കേസിലെ പ്രതിയാണ് . 2016 മാർച്ച് 24 ന് പള്ളിക്കുന്ന് പൊടിക്കുണ്ട് രാജേന്ദ്രനഗർ കോളനിയിൽ ഇയാൾ താമസിച്ചിരുന്ന വാടക വീട്ടിലാണ് അന്ന് സ്ഫോടനം നടന്നത്.ഇരുനില വീടിന്റെ മുകളിൽ സൂക്ഷിച്ചിരുന്ന പടക്ക സാമഗ്രികളാണ് അന്ന് പൊട്ടിത്തെറിച്ചത്.രാത്രി 11 ന് നടന്ന സ്ഫോടനത്തിൽ പ്രദേശത്തെ മുപ്പത് വീടുകൾക്ക് കേടുപാടുണ്ടായി. പതിനേഴ് വീടുകൾ ഭാഗികമായി നശിച്ചു. സുന്ദരേശ്വര ക്ഷേത്രോത്സവത്തിന് ആളുകൾ പോയതിനാൽ ജീവാപായം ഒഴിവാകുകയായിരുന്നു. നാല് കോടിയിലേറെ രൂപയുടെ നഷ്ടമാണ് അന്നുണ്ടായത്. അനൂപ് മാലിക്കിന്റെ ഭാര്യ റാബില,മകൾ ഹിബ എന്നിവർ അടക്കം നാലുപേർക്ക് സംഭവത്തിൽ കാര്യമായി പരിക്കേറ്റിരുന്നു.ഈ കേസിന്റെ വിചാരണ തലശേരി അഡീഷണൽ ജില്ലാ കോടതിയിൽ നടന്നുവരുന്നതിനിടെയാണ് ഇന്നലെ വീണ്ടും സ്ഫോടനമുണ്ടായത്.

സ്ഫോടനത്തിന് പിന്നാലെ രാഷ്ട്രീയ ബോംബും

കണ്ണപുരത്തെ സ്ഫോടനം നേതാക്കൾ തമ്മിലുള്ള രഷ്ട്രീയ പോരിനും വഴിതുറന്നു .കോൺഗ്രസ് അനുഭാവിയാണ് അനൂപ് മാലിക്കെന്ന് സി.പി.എമ്മും ബി.ജെ.പിയും ആരോപിച്ചിട്ടുണ്ട്. ഇയാൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്ന പ്രചരണവും നടക്കുന്നുണ്ട്. അനൂപ് മാലിക്കിന്റെ രാഷ്ട്രീയ ബന്ധങ്ങൾ പരിശോധിക്കണമെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ. കെ. രാഗേഷ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഫോടനം നടന്ന വീട് സന്ദർശിച്ച രാഗേഷ് കോൺഗ്രസിന്റെ അടുത്തയാളാണെന്ന് അനൂപ് മാലിക്കെന്ന് ആരോപിച്ചു. ഉത്സവകാലമല്ലാതിരുന്നിട്ടും ഇത്രയും മാരകമായ സ്ഫോടക വസ്‌തുക്കൾ നിർമ്മിക്കുന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പിറകെ സ്ഥലത്തെത്തിയ ഡി.സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ് സ്‌ഫോടനം സംസ്ഥാന സർക്കാരിന്റെ പരാജയമെന്നാണ് ആരോപിച്ചത്. ബി.ജെ.പിയാകട്ടെ മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനുമായി അടുപ്പമുള്ളയാളാണ് അനൂപ് മാലിക്കെന്നാണ് ആരോപിച്ചത്.