കോഴിക്കോട്: നഗരത്തിലേത് ഉൾപ്പെടെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ പലതും മഴയിൽ ചോര്‍ന്നൊലിക്കുകയാണ്. പലതും കയറിനിൽക്കാൻ പറ്റാത്ത സ്ഥിതിയിലാണ്. ചെരിഞ്ഞു വീഴാറായ നിലയിലുള്ളവയമുണ്ട്. കഴിഞ്ഞ ദിവസം മീഞ്ചന്തയിൽ ബസ് വെയിറ്റിംഗ് ഷെഡ് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റിരുന്നു. കൃത്യമായ പരിപാലനമില്ലാത്തതാണ് അപകടാവസ്ഥയ്ക്ക് കാരണം. കാലപ്പഴക്കമുള്ളവ പോലും പരിശോധിക്കുന്നില്ല. രാത്രിയായാൽ പലതും തെരുവുനായ്ക്കൾ കെെയടക്കുകയും ചെയ്യുന്നു.

പലയിടത്തും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ല. ചെറിയ കുട്ടികൾ ഉൾപ്പെടെ ബസ് കാത്തുനിൽക്കുന്ന മാറാട് എൽ.പി സ്കൂളിന് മുന്നിലെ ബസ് സ്റ്റോപ്പ്‌ ഒരു വശത്തേക്ക് ചെരിഞ്ഞിരിക്കുകയാണ്. ശക്തമായ കാറ്റും മഴയുമുള്ളപ്പോൾ ഇത്തരത്തിലുള്ളവ വലിയ അപകട ഭീഷണിയുയർത്തുന്നു. കോഴിക്കോട് രണ്ടാം ഗേറ്റിന് സമീപത്തെ സിറ്റി ബസ് സ്റ്റോപ്പിൽ മഴയത്ത് കുട പിടിച്ചുവേണം നിൽക്കാൻ. പുതുക്കിപ്പണിത ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഘടിപ്പിച്ച സീലിംഗ് ലൈറ്റിന് ചുറ്റും ചോർന്നൊലിക്കുന്നുണ്ട്. അതേസമയം നഗരത്തിലെ പ്രധാന ബസ് സ്റ്റാൻന്റുകളായ മൊഫ്യൂസല്‍ ബസ് സ്റ്റാൻഡും കെ.എസ്.ആർ.ടി.സി സ്റ്റാൻഡും ചോര്‍ച്ചയുടെ കാര്യത്തില്‍ മത്സരിക്കുകയുമാണ്.

ഇരിപ്പിടങ്ങളോ, ഇരുട്ടുന്നതോടെ വെളിച്ചമോ ഇല്ലാത്തതാണ് ജില്ലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ. ലക്ഷങ്ങൾ ചെലവാക്കി നിർമ്മിക്കുന്നവയിൽ പോലും സൗകര്യങ്ങളൊരുക്കുന്നില്ല. പലയിടത്തും ഒരു മേൽക്കൂര മാത്രമാണ് നിർമ്മിക്കുന്നത്. മഴ പെയ്യുന്നത്തോടെ നാലു ഭാഗത്തു നിന്നും വെള്ളം ഷെഡിനുള്ളിലെത്തും. ഇരിപ്പിട സൗകര്യങ്ങളുള്ള കാത്തിരിപ്പ് കേന്ദ്രങ്ങളിൽ രാത്രിയാകുന്നതോടെ ഭിക്ഷാടനക്കാരും കെെയേറുന്നു. ചിലയിടങ്ങളിൽ രണ്ട് കമ്പിയാണ് ഇരിക്കാനായി നിർമ്മിച്ചിരിക്കുന്നത്. ഇവയിൽ എങ്ങനെ ഇരിക്കുമെന്നതിന് ഉത്തരമില്ല.

രാത്രിയും പകലും ഏറ്റവും കൂടുതൽ ആളുകളെത്തുന്ന മാനാഞ്ചിറ, എൽ.ഐ.സി ബസ് സ്റ്റോപ്പ്‌, എം.സി.സി, പുതിയ സ്റ്റാൻഡ് തുടങ്ങി പലയിടത്തും രാത്രിയായാൽ വെളിച്ചമില്ല.

തലയിൽ വീഴുമോ മേൽക്കൂര?

രാമനാട്ടുകര: രാമനാട്ടുകരയിൽ ബസ് സ്റ്റാൻഡിൽ കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് വെയിറ്റിംഗ് ഷെഡ് എപ്പോഴും തകർന്നു വീഴാറായ നിലയിലാണ്. ഒരു വർഷമായി ഈ സ്ഥിതി തുടരുന്നു. മേൽക്കൂരയും കാലുകളും ചെരിഞ്ഞത് കമ്പി കൊണ്ട് ചുറ്റിക്കെട്ടി വച്ചിരിക്കുകയാണ്. ഏതു നിമിഷവും തലയിൽ വീഴുന്ന സ്ഥിതിയിലാണ് കാത്തിരിപ്പുകേന്ദ്രം.

വടകര പുത്തൂർ 110 കെ.വി സബ്സ്റ്റേഷനു മുമ്പിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിലാണ്. മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് ഇളകി അടർന്നു വീണിട്ടുണ്ട്. തറയിലെ കല്ലുകളും ഇളകിയിട്ടുണ്ട്. സ്വകാര്യ ബസ് സ്റ്റാന്റിൽ കുഴികളും നിറഞ്ഞിട്ടുണ്ട്.