attur
ആറ്റൂർ സന്തോഷ് കുമാർ

ജീവിതത്തിൽ അപ്രതീക്ഷിതമായ പ്രതിസന്ധികളുണ്ടാകുമെന്നും എന്നാൽ അവയ്ക്ക് പരിഹാരമുണ്ടെന്നും രാമായണം പഠിപ്പിക്കുന്നു. ഇതിന് നിരവധി സന്ദർഭങ്ങൾ രാമായണത്തിലുണ്ട്. അതിലൊന്നാണ് രാമലക്ഷ്മണന്മാരുടെ വിടവാങ്ങൽ. മനുഷ്യജന്മമെടുത്തവർ അവരവരുടെ കർമ്മധർമ്മങ്ങൾ പൂർത്തിയാക്കി ഈ ലോകം ഉപേക്ഷിക്കേണ്ടിവരും. സീതയുടെ വേർപാടിനുശേഷം അയോദ്ധ്യയിൽ ശ്രീരാമൻ ജനപ്രിയനായി രാജ്യം ഭരിക്കുകയും സഹോദരർക്ക് അവകാശപ്പെട്ട അംഗരാജ്യങ്ങളിൽ, അവരെ രാജാക്കന്മാരായി നിയോഗിക്കുകയും ചെയ്തു. ആ സമയത്താണ് വിഷ്ണുവിന്റെ അവതാര ദൗത്യമായ ശ്രീരാമന്റെ ഭൂമിയിലെ ജീവിതദൗത്യം പൂർത്തിയാക്കിയെന്ന് അറിയിക്കാൻ ദേവലോകത്തു നിന്ന് യമൻ എത്തിയത്. മഹർഷിയായാണ് വരവ്.

രാജകൊട്ടാരത്തിൽ വച്ച് ഇക്കാര്യം അറിയിക്കുക ശ്രമകരമാണെന്ന് അറിയാവുന്ന യമൻ ശ്രീരാമനോട് വ്യവസ്ഥ വെച്ചു. രഹസ്യമായി കാര്യം പറയാം. പക്ഷേ, ആരും കേൾക്കരുത്. ആരെങ്കിലും സംഭാഷണം തടസപ്പെടുത്തിയാൽ അയാളെ വധിക്കണം. വ്യവസ്ഥ രാമൻ അംഗീകരിച്ചു. സംഭാഷണം നടക്കുന്ന സ്ഥലത്തേക്ക് ആരെയും കടത്തിവിടരുതെന്ന് ലക്ഷ്മണനോട് ശ്രീരാമൻ ആവശ്യപ്പെട്ടു. കാര്യനിർവഹണത്തിന്, ക്ഷമാശീലനായ ലക്ഷ്മണൻ മതിയെന്നും നിശ്ചയിച്ചു. അപ്പോഴാണ് അപ്രതീക്ഷിതമായി അവിടെയൊരു പ്രതിസന്ധിയുണ്ടായത്.

സംഭാഷണവേളയിൽ ദുർവാസാവ് തന്റെ തപസിന്റെ പാരണ വീടാനായി രാമനെ കാണാനെത്തി. ലക്ഷ്മണൻ ദുർവാസാവിനോട് ആദരവോടുകൂടി അറിയിച്ചു - 'ജ്യേഷ്ഠൻ ഒരു മഹർഷിയുമായി അതീവ ഗൗരവതരമായ ചർച്ചയിലാണ്. അകത്തേയ്ക്ക് ആരെയും കടത്തിവിടരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.' ലക്ഷ്മണൻ ക്ഷമാശീലനാണെങ്കിൽ ദുർവാസാവ് ക്ഷിപ്രകോപിയാണ്.

രാമനെ കാണാൻ അനുവദിച്ചില്ലെങ്കിൽ അയോദ്ധ്യയെയും ശ്രീരാമാദികളെയും ശപിക്കുമെന്നായി അദ്ദേഹം. മഹർഷീശാപം ഫലിക്കാതിരിക്കില്ല. എന്നാൽ രാമന്റെ പക്കലേക്ക് പോകാനുമാകില്ല. ചെകുത്താനും കടലിനുമിടയിൽ പെട്ടതുപോലെയായി, ലക്ഷ്മണൻ.

ഗത്യന്തരമില്ലാതെ അദ്ദേഹം സംഭാഷണം നടക്കുന്നിടത്തേക്ക് ചെന്നു. അതോടെ രാമനും യമനുമായുള്ള കൂടിക്കാഴ്ച തടസപ്പെട്ടു. യമന് കൊടുത്ത വാക്ക് പാലിക്കണം. അതിന് ലക്ഷ്മണനെ വധിക്കണം. ആത്മ സഹോദരനെ വധിക്കുകയോ? സാദ്ധ്യമല്ല. അങ്ങനെയെങ്കിൽ വാഗ്ദാനം പാലിക്കാനാകില്ല. വാക്ക് പാലിക്കാത്തവൻ മര്യാദാപുരുഷോത്തമനല്ല. ലക്ഷ്മണനുണ്ടായ അതേ പ്രതിസന്ധി രാമനുമുണ്ടായി. എന്താണ് പരിഹാരം? രാമൻ വസിഷ്ഠനോട് ആരാഞ്ഞു. മഹർഷി പരിഹാരം നിർദ്ദേശിച്ചു. രാമന് എത്രയും പ്രിയപ്പെട്ട ലക്ഷ്മണനെ ഉപേക്ഷിക്കുകയായിരുന്നു അത്. പ്രിയപ്പെട്ട ഒരാളെ ഉപേക്ഷിക്കുന്നത് മരണതുല്യമായ അവസ്ഥയാണ്. ഇക്കാര്യം രാമനെ വസിഷ്ഠൻ ബോദ്ധ്യപ്പെടുത്തി.

(603 വാക്കുകൾ മാത്രമുള്ള, മൂന്നു മില്ലിമീറ്റർ വീതിയും നീളവുമുള്ള സൂക്ഷ്മ സംക്ഷിപ്ത രാമായണ സംഗ്രഹത്തിന്റെ കർത്താവാണ് ലേഖകൻ).