കോഴിക്കോട്: പോക്കറ്റ് മണിയടക്കമുള്ള കുഞ്ഞ് തുക സ്വരൂപിച്ച് രണ്ട് വർഷത്തിനിടെ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളിലെ വിദ്യാർത്ഥികൾ നിക്ഷേപിച്ചത് 11.65 കോടിയിലധികം രൂപ. കോഴിക്കോടുൾപ്പെടെയുള്ള ചില ജില്ലകളിലെ നിക്ഷേപം ഒരു കോടിയിലധികമുണ്ട്. വിദ്യാഭ്യാസ, ട്രഷറി വകുപ്പുകളും ദേശീയ സമ്പാദ്യ പദ്ധതി വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നു മുതൽ പ്ളസ് ടു വരെയുള്ള കുട്ടികൾക്ക് അംഗമാകാം.
2016ൽ കേന്ദ്രസർക്കാർ നിറുത്തിയ സഞ്ചയിക പദ്ധതിക്ക് പകരമാണ് സംസ്ഥാന സർക്കാർ സ്റ്റുഡന്റ്സ് സേവിംഗ്സ് സ്‌കീം തുടങ്ങിയത്. 2017ൽ തുടങ്ങിയതെങ്കിലും പാസ്ബുക്ക് അച്ചടിയിലെ താമസമടക്കം കാരണം കഴിഞ്ഞ രണ്ട് വർഷത്തിനിടെയാണ് പദ്ധതി സജീവമായത്. വിദ്യാർത്ഥികൾക്ക് എപ്പോൾ വേണമെങ്കിലും എത്ര ചെറിയ തുകയും അദ്ധ്യാപകരെ ഏൽപ്പിക്കാം. ആഴ്ചയിലൊരിക്കൽ അദ്ധ്യാപകർ ട്രഷറിയിലടക്കും. നാല് ശതമാനമാണ് പലിശ.
ടി.സി വാങ്ങി പോവുകയോ മറ്റെന്തെങ്കിലും കാരണങ്ങളോ ഉണ്ടെങ്കിൽ അംഗത്വം വേണ്ടെന്നുവയ്ക്കാം. അതുവരെയുള്ള നിക്ഷേപം പലിശ സഹിതം തിരിച്ചു കിട്ടും. പദ്ധതി പ്രോത്സാഹിപ്പിക്കാൻ മികച്ച സ്കൂളുകൾക്ക് സമ്മാനവുമുണ്ട്.
നിക്ഷേപിക്കാം ചെറിയ തുകയും
സർക്കാർ, എയ്ഡഡ് സ്കൂളുകൾ-13,648
പദ്ധതിയിൽ ചേർന്നവ-4825
വിദ്യാർത്ഥികൾ-3,20,463
നിക്ഷേപം-11,65,73,864 രൂപ
പലിശ-4 ശതമാനം
പരമാവധി സ്കൂളുകളെയും കുട്ടികളെയും പദ്ധതിയിൽ അംഗമാക്കാൻ തീവ്രശ്രമത്തിലാണ്. സമ്പാദ്യം കൂട്ടി ചെലവ് കുറയ്‌ക്കൽ ശീലിപ്പിക്കുകയാണ് ലക്ഷ്യം.
-ഗിരീഷ് കുമാർ
ഡെപ്യൂട്ടി ഡയറക്ടർ,
നാഷണൽ സേവിംഗ്സ് സ്കീം