കോഴിക്കോട്:ലഹരിയിടപാട് അന്വേഷിക്കാനെത്തിയ പൊലീസിനെ ആക്രമിച്ച കേസിൽ ശനിയാഴ്ച രാത്രി കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്ത പി.കെ.ബുജൈറിനെ കുന്ദമംഗലം ജുഡിഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസിന്റെ സഹോദരനാണ്.ലഹരിയിടപാട് നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ചൂലാംവയൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ പൊലീസെത്തി ചോദ്യം ചെയ്യുന്നതിനിടെ ബുജൈർ പൊലീസിനെ ആക്രമിക്കുകയായിരുന്നു.ആക്രമണത്തിൽ കുന്ദമംഗലം സ്റ്റേഷനിലെ സി.പി.ഒ ശ്രീജിത്തിന് പരുക്കേറ്റു.ബുജൈറിനൽ നിന്ന് ലഹരി മരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ കണ്ടെത്തി.പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി,പരിക്കേൽപ്പിച്ചു എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്.ലഹരി പരിശോധനയ്ക്കിടെ കഴിഞ്ഞ ദിവസം കുന്ദമംഗലം പൊലീസ് റിയാസ് എന്നയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു.ഇയാളുടെ ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് ബുജൈറിനെ പിടികൂടിയത്.അതേസമയം റിയാസിനെ പൊലീസ് വിട്ടയച്ചത് സി.പി.എമ്മിന്റെ ഇടപെടലിനെ തുടർന്നാണിതെന്ന് പി.കെ.ഫിറോസ് ആരോപിച്ചു.