para
പതങ്കയത്ത് ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയെ കണ്ടെത്താൻ ഇന്നലെ നടന്ന തെരച്ചിലിൽ നിന്ന്

കോഴിക്കോട്: പതിഞ്ഞിരിക്കുന്ന കയങ്ങൾ ഉള്ളതുകൊണ്ടാകാം പതങ്കയത്തിന് ആ പേരിട്ടത്. മലവെള്ളം കുത്തിയൊലിച്ചെത്തി പാറയിൽ തട്ടി വെൺനുര ചിതറുമ്പോഴുള്ള ഭംഗി ഒന്നു വേറെ തന്നെ. എന്നാൽ ഇരുവഞ്ഞിപ്പുഴയുടെ ഈ ഭാഗത്ത് ഒളിഞ്ഞിരിക്കുന്ന ചുഴി അധികമാരും അറിയാനിടയില്ല. ഇരുവശത്തെയും വലിയ പാറക്കല്ലുകളിൽ തട്ടിയാണ് ചുഴിക്കുത്തുണ്ടാകുന്നത്. അടിത്തട്ടിലും ഒഴുക്ക് ശക്തം. പ്രത്യേകിച്ചും മഴക്കാലത്ത്. കണ്ടാൽ ആഴം തോന്നാത്തതിനാൽ ആരും ഇറങ്ങും. പാറയിലെ വഴുക്കലാണ് മറ്റെരു കെണി. പാറയിടുക്കുകളുമുണ്ട്. ഇതിൽ കെെകാലുകളോ മറ്റോ കുടുങ്ങിയാൽ നീന്തൽ അറിയാവുന്നവർക്കും രക്ഷയുണ്ടാവില്ല. നീന്തൽ അറിയാവുന്നവരാണ് ഇവിടെ മരിച്ചവരിൽ അധികവും. അടിയൊഴുക്കുള്ളതിനാൽ ഒഴുക്കിൽ പെട്ടാൽ കിലോമീറ്ററുകൾക്കപ്പുറം തെരഞ്ഞാൽ മതി. രണ്ടുവർഷം മുമ്പ് ഒഴുക്കിൽ പെട്ട ഓമശ്ശേരി മലയമ്മ സ്വദേശിയുടെ മൃതദേഹം കിട്ടിയത് പതിനെട്ടാം ദിവസം. പാറയുള്ളതിനാൽ സ്കൂബ ടീമിനു പോലും തെരച്ചിൽ ദുഷ്കരമാണ്. സ്ഥലപരിചയമുള്ള പ്രദേശവാസികളുടെ സഹായം ആവശ്യമാണ്. പതങ്കയത്തെ അപകടത്തെ പറ്റി പ്രദേശവാസികൾക്കറിയാം. കോഴിക്കോട്, മലപ്പുറം ഭാഗത്തു നിന്നെത്തുന്ന യുവാക്കളാണ് പ്രധാനമായും ഒഴുക്കിൽ പെടുന്നത്.

ഉറപ്പാക്കണം സ്വയംസുരക്ഷ

സംരക്ഷണത്തിനായി കമ്പിവേലി കെട്ടുന്നത് ഉൾപ്പെടെ ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ മേയിൽ യോഗം ചേർന്ന് കോടഞ്ചേരി പഞ്ചായത്ത് സുരക്ഷയൊരുക്കാൻ തീരുമാനിച്ചിരുന്നു. നിലവിലുള്ളത് അപകട സൂചന ബോർഡ് മാത്രം. പുറത്തു നിന്നെത്തുന്നവർ ഇത് ഗൗനിക്കാറില്ല. പുഴയിലെത്താൻ ഊടുവഴിയുണ്ട്. കുളിർമയുടെ കാലാവസ്ഥയും പുഴയുടെ സാന്നിദ്ധ്യവും പച്ചപ്പും ആസ്വദിക്കാനാണ് സാഹസികത ഇഷ്ടപ്പെടുന്ന യുവാക്കൾ ഉൾപ്പെടെ എത്തുന്നത്.

ഒഴുക്കു കൂടും, പ്രതീക്ഷിക്കാതെ

മഴക്കാലത്താണെങ്കിൽ മലവെള്ളമെത്തി പുഴയിൽ അപ്രതീക്ഷിതമായി ഒഴുക്ക് കൂടും. പുഴയിൽ കലക്കുവെള്ളം എത്തുന്നതാണ് മലവെള്ളപ്പാച്ചിലിന്റെ ലക്ഷണം. കഴിഞ്ഞ ദിവസം കാണാതായ മഞ്ചേരി സ്വദേശി അലൻ അഷ്റഫും സഹപാഠികളും പതങ്കയത്തേക്കെന്നു പറയാതെയാണ് എത്തിയത്. അലൻ പതങ്കയത്താണ് കുളിക്കാനിറങ്ങിയതെങ്കിലും താഴേക്ക് ഒഴുകിപ്പോകുന്നത് സഹപാഠികൾ കണ്ടിരുന്നു. കല്ലിൽ കുടുങ്ങിയിരിക്കാനാണ് സാദ്ധ്യത.

പതങ്കയത്ത് ഇതുവരെ മരിച്ചത് 27

ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയെ കണ്ടെത്തിയില്ല

താമരശ്ശേരി: പതങ്കയത്ത് കഴിഞ്ഞ ദിവസം ഒഴുക്കിൽ പെട്ട വിദ്യാർത്ഥിയെ രണ്ടാംദിനത്തിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ മുതൽ ഡ്രോൺ ഉപയോഗിച്ചും തെരഞ്ഞിരുന്നു. വെെകിട്ടോടെ തെരച്ചിൽ നിറുത്തി. ഫയർഫോഴ്സിന്റെയും പൊലീസിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ഇന്നും തെരയും. പ്ളസ് വൺ വിദ്യാർത്ഥി മഞ്ചേരി വളശ്ശേരി മുഹമ്മദ്‌ അഷ്‌റഫിന്റെ മകൻ അലൻ അഷ്‌റഫാണ്(16) നീന്താനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടത്. സുഹൃത്തുക്കളായ അഞ്ച് വിദ്യാർത്ഥികളും ഒപ്പമുണ്ടായിരുന്നു. മറ്റൊരാളും ഒഴുക്കിൽ പെട്ടെങ്കിലും പാറയിൽ പിടികിട്ടിയതിനാൽ രക്ഷപ്പെട്ടു. മുക്കം, വെള്ളിമാട്കുന്ന്. മീഞ്ചന്ത ഫയർ യൂണിറ്റുകളിൽ നിന്നുള്ള സേനാംഗങ്ങളും റവന്യൂ അധികൃതരും പൊലീസുമെല്ലാം തെരച്ചിലിൽ പങ്കെടുത്തു.