@റേഷൻ വിതരണം മുടങ്ങിയിട്ട് അഞ്ച് മാസം
@ കളക്ടറുടെ നിർദ്ദേശം തള്ളി തൊഴിലാളികൾ
കോഴിക്കോട്: ബേപ്പർ എൻ.എഫ്.എസ്.എ ഡിപ്പോ കയറ്റിറക്ക് തൊഴിലാളികൾക്കിടയിലെ ശീതസമരം തീർന്നില്ല, റേഷൻ വിതരണം മുടങ്ങിയിട്ട് അഞ്ച് മാസം. ജില്ല സപ്ളെെ ഓഫീസർ, ലേബർ ഓഫീസർ എന്നിവരുമായി റേഷൻ വ്യാപാരികളും തൊഴിലാളികളും ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല. ലോഡുകൾ വീതംവച്ച് കയറ്റിറക്ക് സുഗമമാക്കാൻ കളക്ടർ നൽകിയ നിർദ്ദേശവും തൊഴിലാളികൾ തള്ളി. കോഴിക്കോട് സിറ്റി റേഷനിംഗ് ഓഫീസ് പരിധിയിലുള്ള റേഷൻ കടകളിൽ സാധന വിതരണം മുടങ്ങിയതോടെ രണ്ടര ലക്ഷത്തോളം ഗുണഭോക്താക്കളാണ് വെട്ടിലായത്. സാധന ലഭ്യത കുറഞ്ഞു. വിതരണം നടക്കാത്തതിനാൽ റേഷൻ കടയുടമകൾക്ക് വരുമാനം നഷ്ടപ്പെടുന്ന സ്ഥിതിയാണ്. കാർഡുടമകളിൽ പലരും മറ്റു കടകളിൽ ചേക്കേറുകയാണ്. ഇതോടെ തങ്ങളുടെ നിലനിൽപ്പ് അപകടത്തിലാകുമെന്ന ആശങ്കയിലാണ് ഡീലർമാർ. വെള്ളയിൽ ഗോഡൗണിൽ നിന്നായിരുന്നു ആദ്യം റേഷൻ കടകളിലേക്ക് സാധനങ്ങളെത്തിച്ചിരുന്നത്. കൊവിഡിന് മുമ്പ് വെള്ളയിൽ ഗോഡൗൺ പ്രവർത്തനം ബേപ്പൂരിലേക്ക് മാറ്റിയതോടെ വെള്ളയിലെ കയറ്റിറക്കുകാർക്ക് തൊഴിലില്ലാതായി. ഇവർ ഹെെക്കോടതിയെ സമീപിച്ചതിനെ തുടർന്ന് വെള്ളയിലുള്ളവർക്ക് 75 ശതമാനവും ബേപ്പൂരിലുള്ളവർക്ക് 25 ശതമാനം തൊഴിലുമായി വീതിച്ചുനൽകി. ഇത് ബേപ്പൂരിലെ തൊഴിലാളികൾക്ക് സ്വീകാര്യമായില്ല. നിലവിൽ വെള്ളയിലെ തൊഴിലാളികൾ റൊട്ടേഷൻ അടിസ്ഥാനത്തിൽ ബേപ്പൂരിലെത്തി തൊഴിലെടുക്കുകയാണ്. ബേപ്പൂരിലുള്ളവർക്ക് അവിടുത്തെ സിവിൽ സപ്ളെെസ് ഗോഡൗണിലും മറ്റുമായി നേരത്തെ തൊഴിലുണ്ടായിരുന്നു.
ലോഡ് കയറ്റുന്നതിൽ മെല്ലെപ്പോക്ക്
കോടതി വിധിയനുസരിച്ച് ലേബർ ഓഫീസർ തൊഴിൽ വീതിച്ചെങ്കിലും ബേപ്പൂരിലെ തൊഴിലാളികൾ സഹകരിക്കാത്തതിനാൽ ലോഡ് കയറ്റുന്നതിൽ മെല്ലെപ്പോക്ക് തുടരുകയാണെന്ന് ഡീലർമാർ പറയുന്നു. ഒരു ലോറിയിൽ 75 ശതമാനം സാധനങ്ങൾ വെള്ളയിലെ തൊഴിലാളികളും ബാക്കി ബേപ്പൂരിലുള്ളവരും കയറ്റണം. ഇതിലാണ് നിസഹകരണം.
റേഷൻ കടകൾ..... 84
കാർഡുടമകൾ.....70, 226
ഗുണഭോക്താക്കൾ..... 2,59,541
റേഷൻ മുടങ്ങുന്നതിൽ
പ്രതിഷേധിച്ച് മാർച്ച്
കോഴിക്കോട്: റേഷൻ വിതരണത്തിലെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റി റേഷനിംഗ് ഓഫീസ് (സി.ആർ.ഒ. സൗത്ത്) പരിധിയിലെ 84 റേഷൻ വ്യാപാരികൾ കടകളടച്ച് പ്രതിഷേധിച്ചു. ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോഴിക്കോട് സിറ്റി സൗത്ത് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. പ്രശ്നം പരിഹരിക്കാൻ ജില്ല അധികാരികൾ നടപടിയെടുക്കുന്നില്ലെന്ന് ഡീലർമാർ ആരോപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു, പി.അരവിന്ദൻ, പി.പവിത്രൻ, ഇ.ശ്രീജൻ, കെ.പി.അഷ്റഫ്, രവീന്ദ്രൻ പുതുക്കോട്, എംഎ നസീർ, ടി.കെ അരുൺ തുടങ്ങിയവർ പ്രസംഗിച്ചു.