ഈ ഒക്ടോബറിൽ മെസിയും അർജന്റീനയും കേരളത്തിലേക്ക് വരില്ലെന്ന് ഉറപ്പിച്ച് കായികമന്ത്രി
കോഴിക്കോട ് : സൂപ്പർ താരം ലയണൽ മെസിയും അർജന്റീന ഫുട്ബാൾ ടീമും ഈവർഷം കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് കായികമന്ത്രി വി. അബ്ദുറഹിമാൻ. ഈ ഒക്ടോബറിൽ ഡൽഹി,മുംബയ്, കൊൽക്കത്ത എന്നിവിടങ്ങളിൽ എത്തുന്ന മെസി കേരളത്തിൽ വരില്ലെന്ന് ഉറപ്പുകിട്ടിയതായാണ് മന്ത്രി പറഞ്ഞത്. കോഴിക്കോട് കെ.എം.സി.ടി കോളേജിൽ പരിപാടിക്കെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്.
ഒരുവർഷത്തിലേറെയായി മെസിയെ കേരളത്തിൽ എത്തിക്കാനായി കായികമന്ത്രി ശ്രമിക്കുന്നുണ്ട്. അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി കഴിഞ്ഞവർഷം സ്പെയ്നിൽവച്ച് ചർച്ചനടത്തിയാണ് പ്രാഥമിക ധാരണയായത്. എന്നാൽ ആദ്യം സ്പോൺസർമാരായി എത്തിയ സംഘടന പിന്മാറിയതിനെത്തുടർന്ന് മെസിയുടെ വരവ് ആശങ്കയിലായിരുന്നു. 100 കോടിയിലധികം ചെലവ് വരുന്ന പരിപാടിക്ക് പിന്നീട് മറ്റൊരു സ്പോൺസറെ കണ്ടെത്തിയെങ്കിലും ഇവർ പണമടച്ചില്ലെന്ന് വാർത്തകൾ പുറത്തുവന്നു. എന്നാൽ കഴിഞ്ഞ ജൂൺ ആറിന് മന്ത്രി തന്റെ ഫേസ്ബുക്ക് പേജിൽ 'മെസി വരും ട്ടാ..." എന്ന് അറിയിച്ചിരുന്നു. ടീം കേരളത്തിൽ കളിക്കാനെത്തുന്നത് സംബന്ധിച്ച് കരാറിൽ ഒപ്പുവച്ചതിന്റെ അടിസ്ഥാനത്തിൽ സ്‌പോൺസർമാർ നിശ്ചിത തുക അടച്ചിരുന്നു. പണം സ്വീകരിച്ച ശേഷമാണ് ഈ വർഷത്തെ കലണ്ടറിൽ കേരളത്തിലെത്താൻ കഴിയില്ലെന്ന് അറിയിച്ചത്.അടച്ച തുക തിരിച്ചു ലഭിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര കായിക മാന്ത്രാലയം, ധനകാര്യവകുപ്പ്, റിസർവ് ബാങ്ക് എന്നിവയുടെ അനുമതിയോടെയാണ് പണമടച്ചത്. പിന്മാറ്റം കാരണം സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമുണ്ടായാൽ പൂർണ ഉത്തരവാദിത്തം അർജന്റീനയ്ക്കാണെന്നും മന്ത്രി പറഞ്ഞു.
വരുമോ മെസി, ഇതുവഴിയെങ്ങാനും...?
ഈ ഒക്ടോബറിൽ മെസ്സിയും സംഘവും ഇന്ത്യയിലെത്തുന്നുണ്ടെങ്കിലും കേരളത്തിൽ എത്താനാവില്ലെന്ന് അർജന്റീന ഫുട്‌ബാൾ അസോസിയേഷൻ അറിയിച്ചിട്ടുണ്ട്.
2026ലേക്ക് കേരളത്തെ പരിഗണിക്കാമെന്ന് അർജന്റീന അസോസിയേഷൻ പറഞ്ഞിട്ടുണ്ടെന്ന് ഇന്നലെ മന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഈ ഒക്ടോബറിലാണെങ്കിലേ താത്പര്യമുള്ളൂ എന്നാണ് കേരളത്തിലെ സ്പോൺസർമാരുടെ നിലപാട്.
ഇതോടെ പുതിയ സ്പോൺസർമാരെ കണ്ടുപിടിച്ചാലേ അടുത്ത വർഷമെങ്കിലും അർജന്റീന എത്തൂ എന്നതാണ് സ്ഥിതി.