kaduva
കടുവക്കായി പൊലീസ് ഡ്രോൺ ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നു

സുൽത്താൻ ബത്തേരി: പുലി ഭീതിയിൽ ദുരിതമനുഭവിച്ച ചീരാൽ നിവാസികൾക്ക് വീണ്ടും മറ്റൊരു ഭീഷണിയായി കടുവ രംഗത്ത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്നലെ പകലാണ് കടുവ ചീരാലിനടുത്ത പണിക്കർപടിയിൽ പ്രത്യക്ഷപ്പെട്ടത്. പ്രദേശവാസിയായ വാക്കടവത്ത് ജിതേഷാണ് ഇന്നലെ കടുവയെ നേരിട്ട് കണ്ടത്. മകനെ സ്‌കൂളിലാക്കി ഒമ്പത് മണിയോടുകൂടി വീട്ടിലേയ്ക്ക് തിരികെ വരുമ്പോഴാണ് പട്ടേൽ ദിലീപിന്റെ തോട്ടത്തിൽ നിന്ന് കടുവ റോഡിലേയ്ക്ക് ചാടി സമീപത്തെ കുറ്റിക്കാട്ടിലേയ്ക്ക് ഓടിമറയുന്നത് കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് വന വകുപ്പ് ഉദ്യോഗസ്ഥരും ആർ.ആർ.ടി ടീമും പൊലീസും സ്ഥലത്തെത്തി പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രദേശത്ത് കടുവയുടെ കാൽപാടുകൾ പതിഞ്ഞ് കിടപ്പുണ്ട്. ഇത് വനപാലകർ സ്ഥിരീകരിക്കുകയും ചെയ്തു. ഡ്രോൺ ഉപയോഗിച്ച് ഉച്ചവരെ തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. പ്രദേശത്ത് വനപാലകർ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. കഴിഞ്ഞ രണ്ടര മാസമായി ചീരാൽ നമ്പ്യാർകുന്ന് മേഖലയിൽ കടുവ ശല്യം അതിരൂക്ഷമായി തുടരുകയായിരുന്നു. പതിനെട്ട് വളർത്തുമൃഗങ്ങളെയാണ് ഇതിനകം പുലിയുടെ ആക്രമണത്തിനിരയായത്. പുലി ഭീതിയിൽ ജനങ്ങൾ പുറത്തിറങ്ങാൻ ഭയന്നിരിക്കുന്നതിനിടെയാണ് ഇന്നലെ കടുവയുടെ വരവ്. നാല് വർഷം മുമ്പാണ് ചീരാൽ മേഖലയെ വിറപ്പിച്ചുകൊണ്ട് കടുവ മേഖലയിലെ ക്ഷീരകർഷകരുടെ പശുക്കളെ ആക്രമിച്ചുവന്നത്. 14 പശുക്കളാണ് കടുവയ്ക്ക് ഇരയായത്. മുണ്ടക്കൊല്ലി, പഴൂർ, ചീരാൽ, കുടുക്കി തുടങ്ങിയ സ്ഥലങ്ങളിലെ കർഷകരുടെ പശുക്കളെയാണ് കടുവ പിടികൂടിയത്. കടുവയുടെ ആക്രമണത്തിൽ പലരുടെയും കന്നുകാലി തൊഴുത്ത് കാലിയായിപോയി. ഗത്യന്തരമില്ലാതെ പല ക്ഷീരകർഷകരും കിട്ടുന്ന വിലയ്ക്ക് കന്നുകാലികളെ വിൽക്കാൻ നിർബന്ധിതരായി തീർന്നു. ജനങ്ങളെ ഭീതിയിലാക്കിയ കടുവയെ പഴുരിൽ വനം വകുപ്പിന്റെ കൂട്ടിലകപ്പെടുകയായിരുന്നു. ഇന്നലെ കടുവയെ കണ്ടെത്തിയ സ്ഥലത്ത് നേരത്തെയും കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മാസം ഇവിടെ നിരവത്ത്കണ്ടത്ത് എൽദോയുടെ വളർത്ത് നായയെ പുലി പിടികൂടുകയുണ്ടായി. കടുവയുടെ സാനിദ്ധ്യമുള്ള സ്ഥലത്ത് പുലി ഉണ്ടാകുകയില്ല. പുലിയെ കടുവ പിടികൂടി ഭക്ഷണമാക്കും. അതിനാൽ സാധാരണ കടുവ തങ്ങുന്ന മേഖലകളിൽ നിന്ന് പുലി ദൂരെ സ്ഥലങ്ങളിലേയ്ക്ക് മാറുകയാണ് പതിവ്. ഇത്രയും ദിവസം ചീരാലുകാർക്ക് പുലിയായിരുന്നു ഭീഷണിയെങ്കിൽ ഇനി അത് കടുവയിലേയ്ക്ക് മാറിയെന്ന് മാത്രം.


കടുവക്കായി പൊലീസ് ഡ്രോൺ ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നു