കൽപ്പറ്റ: പഴയ ബസ് സ്റ്റാൻഡിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ബസ് സ്റ്റാൻഡ് ഉപരോധിച്ചു. നഗരസഭയുടെ ഷോപ്പിംഗ് കോംപ്ലക്സിൽ നിന്നും മലിനജലം ബസ് സ്റ്റാൻഡിലൂടെ പരന്നൊഴുകുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം. ചന്ദനത്തിരി കത്തിച്ചുവച്ചും ടവൽ കൊണ്ട് മൂക്ക് അടച്ചു കെട്ടിയുമായിരുന്നു പ്രതിഷേധം. പഴയ ബസ് സ്റ്റാൻഡിലേക്ക് ബസുകൾ കയറുന്ന കവാടം ഉപരോധിച്ചു. രാവിലെ പത്തിന് തുടങ്ങിയ സമരം പതിനൊന്നരയോടെയാണ് അവസാനിച്ചത്. യാത്രക്കാർ മലിന ജലത്തിൽ ചവിട്ടിയാണ് ഇതിലൂടെ കടന്ന് പോകുന്നത്. പലവട്ടം നോട്ടീസ് നൽകിയിട്ടും പരിഹാരമില്ലാത്ത സാഹചര്യത്തിലാണ് സമരമെന്ന് നഗരസഭയിലെ പ്രതിപക്ഷ നേതാവ് സി.കെ ശിവരാമൻ പറഞ്ഞു.
ബസ് സ്റ്റാൻഡിൽ കക്കൂസ് മാലിന്യം ഉൾപ്പെടെ പരന്നൊഴുകാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. എന്നാൽ പ്രശ്നപരിഹാരമുണ്ടാക്കാൻ ഒരു നടപടി ഉണ്ടായിട്ടില്ല. ഓവുചാൽ നവീകരണത്തിന്റെ ഭാഗമായി രണ്ടുമാസത്തോളമാണ് ബസ്റ്റാൻഡ് അടച്ചിട്ടത്. ആ കാലയളവിൽ തന്നെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമായിരുന്നു. നഗരസഭ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് എൽ.ഡി.എഫിന്റെ ആരോപണം. ഒടുവിൽ നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചർച്ച നടത്തിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്. അതേസമയം അത്യാധുനിക രീതിയിലുള്ള മറ്റൊരു കംഫർട്ട് സ്റ്റേഷൻ നിർമ്മാണം പുരോഗമിക്കവെ എൽ.ഡി.എഫ് നടത്തുന്നത് അനാവശ്യ സമരം എന്നാണ് നഗരസഭയുടെ ആരോപണം. അടുത്ത ആഴ്ചയോടെ പുതിയ കംഫർട്ട് സ്റ്റേഷൻ തുറന്നു നൽകും. അതിനുശേഷം നിലവിലെ കൺഫർട്ട് സ്റ്റേഷൻ നവീകരിക്കുമെന്നും നഗരസഭാ അധികൃതർ പറയുന്നു.