മുഴുവൻ കാർഡുടമകൾക്കും ഈ ഓണക്കാലത്ത് മാവേലി സ്റ്റോറുകളിലൂടെ 25 രൂപക്ക് 20 കിലോ അരി ലഭിക്കും
കോഴിക്കോട്: ഈ ഓണക്കാലത്ത് ന്യായവിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ എളേറ്റിൽ വട്ടോളി മാവേലി സ്റ്റോർ മാവേലി സൂപ്പർ സ്റ്റോർ ആക്കി ഉയർത്തിയതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മുഴുവൻ കാർഡുടമകൾക്കും ഈ ഓണക്കാലത്ത് മാവേലി സ്റ്റോറുകളിലൂടെ 25 രൂപക്ക് 20 കിലോ അരി ലഭിക്കും. നിലവിൽ ലഭിക്കുന്ന എട്ട് കിലോ അരിക്ക് പുറമെയാണിത്. വെള്ള കാർഡുടമകൾക്ക് 15 കിലോ അരി റേഷൻ കടകളിലൂടെയും ലഭിക്കുമ്പോൾ മൊത്തം 43 കിലോയാകും. നീല കാർഡുടമകൾക്ക് നിലവിൽ ലഭിക്കുന്ന അരിക്ക് പുറമെ 10 കിലോ, ചുവപ്പ് കാർഡുകൾക്ക് ഓരോരുത്തർക്ക് ലഭിക്കുന്ന 5 കിലോ അരിക്ക് പുറമെ കാർഡിന് 5 കിലോ അരിയും അധികമായി ലഭിക്കും. ഓണം പ്രമാണിച്ച് മുളക് ഒരു കിലോ 115.50 രൂപക്ക് സബ്സിഡിയോടെ എല്ലാ കാർഡുടമകൾക്കും ലഭ്യമാക്കും. 349 രൂപക്ക് ലഭ്യമാക്കാൻ തീരുമാനിച്ച സബ്സിഡി വെളിച്ചെണ്ണയുടെ വില ഈ മാസം അവസാനത്തോടെ വീണ്ടും കുറക്കും. ആഗസ്റ്റ് 25 മുതൽ സപ്ലൈകോ മൊബൈൽ വണ്ടികൾ സാധങ്ങളുമായി മണ്ഡലങ്ങളിലൂടെ യാത്ര ചെയ്യും.
സി.കെ സാജിദത്ത് അദ്ധ്യക്ഷത വഹിച്ചു. വി.കെ അബ്ദുറഹിമാൻ, മംഗലങ്ങാട്ട് മുഹമ്മദ്, വഹീദ കയ്യാലശ്ശേരി, ജെസ്ന അസ്സയിൽ, ഷെൽജി ജോർജ്, റസീന, കെ.കെ ജബ്ബാർ, മുഹമ്മദലി, കെ.പി വിനോദ് കുമാർ, പ്രിയങ്ക കരൂഞ്ഞിയിൽ, കെ.കെ മനോജ് കുമാർ എന്നിവർ പങ്കെടുത്തു. പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കൈതപ്പൊയിൽ മാവേലി സൂപ്പർ സ്റ്റോറിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. നജ്മുന്നീസ ഷരീഫ് അദ്ധ്യക്ഷത വഹിച്ചു. കെ.എം അഷ്റഫ്, ഷിജു ഐസക്, അംബിക മംഗലത്ത്, റംല അസീസ്, ബുഷ്ര ഷാഫി പങ്കെടുത്തു.