സുൽത്താൻ ബത്തേരി: മരിയാനാട് സർക്കാർ വക ഭൂമി അളക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ ഗോത്രവാസികൾ തടഞ്ഞു. കഴിഞ്ഞ മൂന്നര വർഷമായി ഭൂമിയ്ക്ക് വേണ്ടി മരിയനാട് കുടിൽകെട്ടി താമസമാരംഭിച്ച ഗോത്രവാസികൾക്ക് സ്ഥലം നൽകാതെ കോടതി വിധിയുടെ പശ്ചാത്തലത്തിൽ 15 പേർക്ക് മാത്രം ഭൂമി നൽകുന്നതിന അളന്ന് തിട്ടപ്പെടുത്തുന്നതിനായി എത്തിയ സർവ്വേയർ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരെയാണ് ഇരുളം മരിയനാട് സമരസമിതിയുടെ നേതൃത്വത്തിൽ തടഞ്ഞത്. സമര കേന്ദ്രത്തിലുള്ള മുഴുവൻ ആളുകൾക്കും ഭൂമി നൽകുക, മരിയനാടുള്ള മുഴുവൻ ഭൂമിയും അളന്ന് തിട്ടപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞത്. മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട് 15 പേർക്ക് ഭൂമി കണ്ടെത്തികൊടുക്കാൻ കോടതി ഉത്തരവുണ്ടായിരുന്നു. ഇതനുസരിച്ച് മരിയനാട് ഇവർക്ക് ഭൂമി അളന്ന് കൊടുക്കുന്നതിനായി റവന്യൂ വകുപ്പ് കഴിഞ്ഞ മാസവും എത്തിയിരുന്നെങ്കിലും ഇവിടെ കുടിൽകെട്ടികഴിയുന്ന ഗോത്രവർഗ്ഗക്കാർക്ക് ഭൂമി നൽകാതെ മറ്റുള്ളവർക്ക് ഭൂമി നൽകാൻ അനുവദിക്കുകയില്ലെന്ന് സമര കേന്ദ്രത്തിലുള്ളവർ പറഞ്ഞതോടെ അന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ പിൻവാങ്ങുകയായിരുന്നു. ഇന്നലെ വീണ്ടും പൊലീസ് സഹായത്തോടുകൂടിയാണ് ഉദ്യോഗസ്ഥർ എത്തിയത്. എന്നാൽ നിലവിൽ കുടിൽകെട്ടി താമസിക്കുന്ന ഭൂമി അളക്കാൻ അനുവദിക്കുകയില്ലെന്ന് സമരക്കാർ ശഠിച്ചതോടെയാണ് ഉദ്യോഗസ്ഥർ വീണ്ടും പിൻവാങ്ങിയത്. കേരള ഫോറസ്റ്റ് ഡവലപ്പ്‌മെന്റ് സൊസൈറ്റിയുടെ കീഴിലുണ്ടായിരുന്നതാണ് മരിയനാട് ഭുമി. ഇതിലാണ് ഭൂരഹിതരായ ആയിരത്തിൽപ്പരം ഗോത്രവാസികൾ കുടിൽകെട്ടി താമസം ആരംഭിച്ചത്. കഴിഞ്ഞ മൂന്നര വർഷമായി ഇവിടെ കഴിയുന്ന മുഴുവൻ ഗോത്രവാസികൾക്കും ഭൂമി നൽകാതെ കോടതിവിധിയുമായി വരുന്നവർക്ക് മാത്രം ഭൂമി നൽകാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നാണ് സമരസമിതി നേതാക്കൾ പറയുന്നത്. അതെ സമയം കോടതി വിധിയെ അംഗീകരിക്കുന്നതായും, വർഷങ്ങളായി താമസിക്കുന്ന കുടിൽ നിൽക്കുന്നിടം അളന്ന് മറ്റുള്ളവർക്ക് നൽകുന്നതിനെയാണ് എതിർക്കുന്നതെന്നും ഗോത്രവാസികൾ വ്യക്തമാക്കി. 233 ഹെക്ടറോളം വ്യാപിച്ചുകിടക്കുന്ന മരിയനാട്ടെ മൊത്തം ഭൂമി കൃത്യമായി അളന്ന് തിട്ടപ്പെടുത്തിയശേഷം എല്ലാവർക്കുമായി നൽകണമെന്നാണ് സമരസമിതി നേതാവായ ബോളൻ പറയുന്നത്.
മരിയനാട് ഭൂമി അളക്കുന്നതിനായി എത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ഗോത്രവാസികൾ മരിയനാട് തടഞ്ഞുവെച്ചപ്പോൾ