prasad
ഡോ.ബ്രഹ്മശ്രീ പ്രസാദ് ഏറാഞ്ചേരി

ധർമ്മത്തിന്റെയും വിശുദ്ധിയുടെയും വഴികാട്ടിയാണല്ലൊ രാമായണം. ഉത്തമ പുരുഷനായ ശ്രീരാമചന്ദ്രസ്വാമിയുടെ ജീവിതരീതിയും ആദർശങ്ങളും കളങ്കമില്ലാത്ത സ്നേഹത്തിന്റെയും ഭക്തിയുടെയും പൂർണരൂപമാണ്. രാമായണം സൂക്ഷ്മമായി പഠിക്കുകയാണെങ്കിൽ അതിൽ നിന്നും രൂപപ്പെടുന്ന പാഠങ്ങൾ ജീവിതത്തിൽ നമുക്ക് ഏറെ പ്രയോജനപ്പെടും ശ്രീരാമസ്വാമിയാണ് രാമായണത്തിലെ ഏറ്റവും പ്രാധാന്യമുള്ള കഥാപാത്രം. എന്നിരുന്നാലും ഹനുമാൻ സ്വാമിയുടെ പങ്ക് ശ്രീരാമസ്വാമിയെ പോലെ, അല്ലെങ്കിൽ അതിന് തുല്യമായി കണക്കാക്കാവുന്നതാണ്. ഇതിൽ ഏറ്റവും ശ്രദ്ധേയമാണ് ഹനുമാന്റെ ഭക്തി.

ആഞ്ജനേയ സ്വാമിയെ അറിയപ്പെടുന്നതുതന്നെ ഭക്ത ഹനുമാൻ എന്നാണ്. ഹനുമാനില്ലാത്ത രാമായണത്തെ പറ്റി നമുക്ക് സങ്കൽപ്പിക്കാൻ പോലുമാകില്ല. അതീവ ശക്തിശാലി, മഹാപരാക്രമി, അതിലുപരി മഹാപണ്ഡിതൻ എന്നീ വിശേഷണങ്ങൾ ഉണ്ടെങ്കിലും രാമഭക്തനായിട്ടാണ് അദ്ദേഹത്തെ കൂടുതലും വർണിക്കുന്നത്. എവിടെ രാമനാമം ജപിക്കുന്നുവോ അവിടെ ഹനുമാൻ സ്വാമിയുണ്ടാകും. രാമഭക്തി കൊണ്ടും രാമനാമജപം കൊണ്ടും രാമനെ പോലും കീഴടക്കി എന്നുള്ളതും ഹനുമാന്റെ മഹത്വമാണ്. ഹൃദയം തുറന്നു നോക്കിയാലും അവിടെ ശ്രീരാമസ്വാമിയുടെ ചിത്രം കാണാം. കാലമോ ദിവസമോ മഴയോ വെയിലോ ഭേദമില്ലാതെ രാമനാമം മാത്രം ജപിക്കുന്ന ഹനുമാന്റെ ശക്തി മുഴുവൻ ശ്രീരാമസ്വാമിയാണ്. ഒരിക്കൽ വനത്തിൽ വെച്ച് ശ്രീരാമസ്വാമി ഹനുമാനോട് ചോദിച്ചു ഞാൻ അങ്ങയുടെ ആരാണ് എന്ന്. അപ്പോൾത്തന്നെ ഹനുമാൻ സ്വാമി മറുപടി പറഞ്ഞു; 'ശരീരബുദ്ധികൊണ്ടാണെങ്കിൽ ഞാൻ അങ്ങയുടെ ദാസനാണ്, ജീവബുദ്ധികൊണ്ടാണെങ്കിൽ അങ്ങയുടെ അംശം, ആത്മഭാവത്തിലാണെങ്കിൽ നമ്മൾ ഒന്നുതന്നെ.' ഈ മറുപടി ശ്രീരാമസ്വാമിക്ക് പോലും ആശ്ചര്യമായെന്നും പറയുന്നു.

പ്രദർശനമല്ല, ഭക്തി

ഇന്ന് നമ്മൾ കാണുന്ന പലതരത്തിലുള്ള ഭക്തിയും പലപ്പോഴും പ്രദർശനമായി തോന്നാറുണ്ട്. അല്ലെങ്കിൽ ആഗ്രഹത്തിനും മോഹത്തിനും വേണ്ടി. എന്നാൽ ഹനുമാൻ സ്വാമിയുടെ ആഗ്രഹമില്ലാത്ത ഭക്തി എല്ലാറ്റിൽ നിന്നും വ്യത്യസ്തമാണ്. ഏറെ സവിശേഷമാണ് രാമായണകഥയിലെ ഹനുമാന്റെ ആത്മസമർപ്പണം. അതുകൊണ്ടുതന്നെ രാമാണത്തിൽ ശ്രീരാമനെ പോലെ ഹനുമാൻ സ്വാമിക്കും പ്രാധാന്യമുണ്ട്. ജീവിത മൂല്യങ്ങളെ എടുത്തു കാണിക്കുന്നതുമാണത്. കുടുംബജീവിതത്തിൽ സ്നേഹബന്ധത്തിനും ഭക്തിക്കും ഏറെ പ്രാധാന്യമുണ്ട്. ഇത്തരം കാര്യങ്ങൾ പല സന്ദർഭങ്ങളിലായി സ്പഷ്ടമാകുന്നുണ്ട്.