chickemn
കമ്പളക്കാട് ടൗണിൽ ഇറച്ചികടയ്ക്ക് മുന്നിൽ സ്ഥാപിച്ച ബോർഡ്

കണിയാമ്പറ്റ: കമ്പളക്കാട് ടൗണിൽ കോഴി കച്ചവടക്കാർ തമ്മിലുള്ള മത്സരം കച്ചവടം നാട്ടുകാർക്ക് ആശ്വാസമായി. കോഴിയിറച്ചിയുടെ വില വൻതോതിൽ കുറച്ചാണ് വില്പന നടത്തുന്നത്. കഴിഞ്ഞ ദിവസം വരെ 160 രൂപയ്ക്ക് മുകളിൽ വില്പന നടത്തിയിരുന്ന കോഴിയിറച്ചിക്ക് ഇപ്പോൾ 120 രൂപയാണ് വില. ഇതേതുടർന്ന് സമീപപ്രദേശങ്ങളിൽ നിന്ന് പോലും ആളുകൾ കോഴിയിറച്ചി വാങ്ങാൻ കമ്പളക്കാട് എത്തുന്നുണ്ട്. കമ്പളക്കാട് ടൗണിൽ മാത്രം 10 കോഴിക്കടകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ പകുതിയിലധികം കോഴിക്കടകളും കോഴിയിറച്ചി വിലകുറച്ചാണ് വില്പന നടത്തുന്നത്. മറ്റ് ടൗണുകളിൽ 160 മുതൽ 200 രൂപ വരെയാണ് കോഴി ഇറച്ചിയുടെ വില. ഈ സീസണിൽ വില വൻതോതിൽ ഉയർന്നിരുന്നു. 260 രൂപ വരെയാണ് വില കൂടിയിരുന്നത്. മെയ് മാസം അവസാനം ആണ് കോഴിയിറച്ചി ഏറ്റവും ഉയർന്ന വില ഉണ്ടായിരുന്നത്. മത്സ്യത്തിനും ബീഫിനും ഇപ്പോൾ ഉയർന്ന വിലയാണ്. അതിനാൽ തന്നെ കോഴിയിറച്ചി നല്ലപോലെ വിറ്റു പോകുന്നുണ്ട്. കോഴിയിറച്ചി മേഖലയിൽ ഇടനിലക്കാരുടെ ചൂഷണം വ്യാപകമാണ്. വില കയറ്റുന്നതും താഴ്ത്തുന്നതും ഇത്തരക്കാരാണെന്നാണ് സാധാരണ കച്ചവടക്കാർ പറയുന്നത്. തമിഴ്നാട് ലോബിയാണ് വില വർദ്ധിപ്പിക്കുന്നതിന് പിന്നിൽ. കേരളത്തിൽ ഉത്പാദന കുറവുള്ള സമയത്ത് കോഴി ഇറക്കാതെ പിടിച്ചുവച്ച് വില വർദ്ധിപ്പിക്കുന്നതാണ് ആരോപണം.

കമ്പളക്കാട് ടൗണിൽ ഇറച്ചികടയ്ക്ക് മുന്നിൽ സ്ഥാപിച്ച ബോർഡ്