ration
റേഷൻ വിതരണ പ്രതിസന്ധി സംബന്ധിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത

കോഴിക്കോട്: കോഴിക്കോട് സിറ്റി റേഷനിംഗ് ഓഫീസ് (സൗത്ത്) പരിധിയിൽ റേഷൻ സാധനങ്ങളുടെ വിതരണം ത‌ടസപ്പെടുന്നതിൽ ഇടപെട്ട് സിവിൽ സപ്ളെെസ് മന്ത്രി ജി.ആർ.അനിൽ. രണ്ട് ദിവസത്തിനകം പ്രശ്നം പരിഹരിക്കാനാണ് ശ്രമം. തൊഴിൽ തർക്കം തീർക്കാൻ അദ്ദേഹം തൊഴിൽമന്ത്രിയുമായി സംസാരിക്കും. പരിഹാരമാർഗ്ഗം ആരായാൻ ജില്ല കളക്ടറോടും ജില്ല സപ്ളെെ ഓഫീസറോടും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ഓണം അടുക്കുന്ന സാഹചര്യത്തിൽ സാധനവിതരണം മുടങ്ങുന്നത് വൻ പ്രതിഷേധത്തിനിടയാക്കും. രണ്ടര ലക്ഷം ഗുണഭോക്താക്കളെയാണ് ബാധിക്കുക. ഇപ്പോൾ അഞ്ച് മാസമായി റേഷൻ വിതരണം തടസപ്പെടുകയാണ്. ബേപ്പൂരിലെയും വെള്ളയിലെയും തൊഴിലാളികൾ തമ്മിലുള്ള ശീതസമരം തീർക്കാൻ കളക്ടറും ലേബർ ഓഫീസറും ജനപ്രതിനിധികളും ഉൾപ്പെടെ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് റേഷൻ ഡീലർമാരുടെ പ്രതിനിധികൾ ഇന്നലെ മന്ത്രിയുമായി ചർച്ച നടത്തി. സി.പി.ഐ ജില്ല സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് വെെസ് പ്രസിഡന്റുമായ പി.ഗവാസും കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.നാസറും ഒപ്പമുണ്ടായിരുന്നു. അതേസമയം വെള്ളയിൽ ഗോഡൗൺ ബേപ്പൂരിലേക്ക് മാറ്റിയത് റദ്ദാക്കിയേക്കും. പഴയതുപോലെ വെള്ളയിൽ നിന്നുതന്നെ വിതരണം നടത്താനുള്ള സാദ്ധ്യത ആരായുന്നുണ്ട്. വെള്ളയിലെ വാടക ഗോഡൗണുകളിലായിരുന്നു മുമ്പ് സാധനങ്ങൾ സൂക്ഷിച്ചിരുന്നത്. ബേപ്പൂരിലേക്ക് മാറ്റിയതോടെ ഇവ ഒഴിവാക്കി. വെള്ളയിലേക്ക് മാറ്റണമെങ്കിൽ പുതിയ ഗോഡൗണുകൾ കണ്ടെത്തണം.

മാറ്റാൻ കാരണം വെള്ളപ്പൊക്കം?

2019ലാണ് വെള്ളയിൽ ഗോഡൗൺ മാറ്റിയത്. വെള്ളപ്പൊക്കത്തെ തുടർന്ന് സാധനങ്ങൾ നനയുന്നതാണ് കാരണമെന്ന് പറയപ്പെടുന്നു. എന്നാൽ ഗോഡൗണിനടിയിലെ ജലവിതരണ പെെപ്പ് പൊട്ടിയതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്നും ഇതേപ്പറ്റി അധികൃതർക്ക് അന്ന് അറിയില്ലായിരുന്നുവെന്നും സൗകര്യം കണക്കിലെടുത്താണ് ബേപ്പൂരിലേക്ക് മാറ്റിയതെന്നും അധികൃതർ പറയുന്നു.

അരിയും ഗോതമ്പും നശിക്കുന്നു

കയറ്റിറക്ക് മന്ദഗതിയിലായതിനെ തുടർന്ന് ബേപ്പൂർ ഗോഡൗണിലെ 52 ‌ടണ്ണോളം അരിയും ഗോതമ്പും നശിക്കുന്നതായാണ് വിവരം. ഏറ്റവും അടിയിലുള്ള ചാക്കുകളാണ് കേടാകുന്നത്. മഴ തുടരുന്നത് സാധനം നശിക്കാനിടയാക്കും.

കോടതി തൊഴിൽ വീതിച്ചത് ഇങ്ങനെ

വെള്ളയിലുള്ളവർക്ക്....75%

ബേപ്പൂരിലുള്ളവർക്ക്....25%

ബേപ്പൂർ തൊഴിലാളികളുടെ ആവശ്യം....50%

വെള്ളയിൽ തൊഴിലാളികളുടെ നിർദ്ദേശം

വെള്ളയിലുള്ളവർക്ക്....70%

ബേപ്പൂർ തൊഴിലാളികൾക്ക്....30%

നീല കാർഡുകാർക്കുള്ള മൂന്ന് കിലോ സ്പെഷ്യൽ അരിയുൾപ്പെടെ കഴിഞ്ഞ മാസം വിതരണം ചെയ്യാനായില്ല. ബി.പി.എൽ അല്ലാത്ത സ്കീം അരികൾ (നീല, വെള്ള കാർഡുടമകൾക്കുള്ളത്) തീരെ കിട്ടുന്നുമില്ല.

കെ.പി. അഷ്റഫ്, ജില്ല സെക്രട്ടറി, റേഷൻ ഡീലേഴ്സ് അസോ.