juh
ഷവർമ

കോഴിക്കോട്: ഷവർമ തയ്യാറാക്കുന്നതിലെ കൃത്രിമങ്ങൾക്ക് തടയിടാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണോ ഹോട്ടലുകളിൽ ഷവർമ നിർമ്മിക്കുന്നതെന്ന് കണ്ടെത്താനായി ജില്ലയിൽ അഞ്ച് സ്‌ക്വാഡുകളായി തിരിഞ്ഞ് പരിശോധനകൾ നടത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് കോഴിക്കോട് ടൗൺ, കൊടുവള്ളി, കുന്ദമംഗലം, എലത്തൂർ, വടകര എന്നീ മേഖലകളിൽ ഭക്ഷ്യസുരക്ഷാ ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രത്യേക പരിശോധന നടത്തിയത്. പരിശോധനയിൽ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഫൈൻ അടയ്ക്കുന്നതിനുള്ള നോട്ടീസും നൽകി. ചെറിയ ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് അവ പരിഹരിക്കുന്നതിനുള്ള നോട്ടീസും നൽകിയിട്ടുണ്ട്.

മൂന്ന് മാസത്തിനിടെ 1300 പരിശോധനകൾ

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ജില്ലയിൽ 1300 പരിശോധനകളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയത്. 471 സാമ്പിൾ ശേഖരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ 48 ഭക്ഷ്യവസ്തുക്കൾ നിലവാരമില്ലെന്ന് കണ്ടെത്തി.
ബിരിയാണി, ഇറച്ചി വിഭവങ്ങൾ, മന്തി എന്നിവയിലാണ് കൃത്രിമ നിറം ചേർത്തതായി കണ്ടെത്തിയത്. സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷ വകുപ്പ് നിയമനടപടികൾ ആരംഭിച്ചു .

ശ്രദ്ധ വേണം

ഇറച്ചി, മുട്ട, ഇറച്ചി വിഭവങ്ങൾ മുതലായവ റിസ്‌ക് കാറ്റഗറിയിൽ വരുന്ന ഭക്ഷ്യവസ്തുക്കൾ ആയതിനാൽ വൃത്തിയായി കെെകാര്യം ചെയ്യണം. അല്ലാത്ത സാഹചര്യത്തിലാണ് ഭക്ഷ്യവിഷബാധയുണ്ടാകുന്നത്.

 മുട്ടകൾ പാസ്റ്ററൈസ് ചെയ്തതിനുശേഷം മാത്രമേ മയോണൈസ് നിർമ്മാണത്തിന് ഉപയോഗിക്കാവൂ.

 ഇറച്ചികൾ ലഭിച്ച ഉടനെ വൃത്തിയായി കഴുകി മസാല പുരട്ടി ഫ്രീസറിൽ സൂക്ഷിക്കണം. രണ്ട് മണിക്കൂറിൽ കൂടുതൽ ഇറച്ചി സാധാരണ ഊഷ്മാവിൽ ഇരുന്നാൽ അവ കേടാകും.

 ഷവർമ തയ്യാറാക്കാനായി ഉപയോഗിക്കുന്ന സ്റ്റാന്റ്, മേശ എന്നിവ തുറന്നുവെക്കാൻ പാടില്ല.

 ഷവർമ തയ്യാറാക്കാനായി ഉപയോഗിക്കുന്ന ഫ്രീസറുകൾ (-18 ഡിഗ്രി സെൽഷ്യസ്) വൃത്തിയുള്ളതും കൃത്യമായ

ഊഷ്മാവിൽ സൂക്ഷിക്കണം.

 ഭക്ഷണം തയ്യാറാക്കുന്നവർ ഹെയർ ക്യാപ്, കെെയുറ, ഏപ്രൺ എന്നിവ ധരിക്കണം.

 ഷവർമ, മയൊണെെസ്, സാലഡ് എന്നിവ നിർമിക്കാനുള്ള ഇറച്ചി, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവ ഭക്ഷ്യസുരക്ഷാ ലെെസൻസ്/രജിസ്ട്രേഷൻ ഉള്ള കച്ചവടക്കാരിൽ നിന്നുമാത്രം ശേഖരിക്കുക.

'' ഭക്ഷണത്തിൽ കൃത്രിമ നിറം ചേർക്കുന്നതിനെതിരായി ഹോട്ടലുടമകൾക്കും ജീവനക്കാർക്കുമെതിരെ ബോധവത്കരണ ക്ലാസുകളുൾപ്പെടെ നൽകിയതാണ്. എന്നിട്ടും ഇത്തരം പ്രവൃത്തികൾ തുടരുന്നാൽ ശക്തമായ നടപടികളുമായി മുന്നോട്ട് പോകും. ''

സക്കീർ ഹുസെെൻ, ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ