മാനന്തവാടി: ഹൃദോഗ ചികിത്സ കഴിഞ്ഞ് കാറിൽ സഞ്ചരിക്കവെ പൊലീസ് ഉദ്യോഗസ്ഥർ ബ്രീത്ത് അനലൈസറിൽ ഊതിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായി പരാതി. മാനന്തവാടി ചൂട്ടക്കടവ് വെങ്ങാലിക്കുന്നേൽ ബ്രിജേഷാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയത്. ബ്രിജേഷ് ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് ജൂലൈ 20 മുതൽ 23 വരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി ആൻജിയോ പ്ലാസ്റ്റി ചികിത്സക്ക് വിധേയനായിരുന്നു. ചികിത്സക്ക് ശേഷം കരിങ്കുറ്റി പാലപൊയിൽ റോഡു വഴി മാനന്തവാടിയിലുള്ള വീട്ടിലേക്ക് വരുന്ന വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് പാലപൊയിൽ കോളനിയോട് ചേർന്നുള്ള ബന്ധു വീടിനു മുന്നിലായി വെള്ളം കുടിക്കുന്നതിന് റോഡിൽ കാർ നിർത്തുകയായിരുന്നു. ഭാര്യ സഹോദരൻ സനൂപാണ് കാർ ഓടിച്ചിരുന്നത്. ഈ വീട്ടിൽ നിന്നും 250 മീറ്റർ അകലെയായി കമ്പളക്കാട് പൊലീസ് സ്റ്റേഷനിലെ വാഹനം നിർത്തിയിട്ടിരുന്നു. വെള്ളം കുടിച്ചതിനു ശേഷം മുന്നോട്ട് നീങ്ങിയ വാഹനം പൊലീസ് കൈനീട്ടി നിർത്തിക്കുകയും കൂട്ടത്തിൽ ഉണ്ടായിരുന്ന പൊലീസുകാരൻ ഭാര്യാ സഹോദരനെ മദ്യം പരിശോധിക്കുന്ന ഉപകരണത്തിൽ ഊതിക്കുകയുമുണ്ടായി. ആന്റിയോപ്ലാസ്റ്റിക്ക് വിധേയനായ തന്നെ ഊതുന്നതിന് പൊലീസുകാരൻ നിർബന്ധിച്ചു. ചികിത്സ സംബന്ധിച്ച വിവരം പൊലീസുകാരെ അറിയിച്ചിട്ടും അത് ചെവിക്കൊള്ളാതെ രണ്ട് തവണ ശക്തിയായി ഊതിക്കുകയാണ് ചെയ്തതെന്നും കൂടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ തട്ടിക്കയറുകയും ചെയ്തതായി ബ്രിജേഷ് പറഞ്ഞു. ഇതേ തുടർന്ന് തീർത്തും ശാരീരികമായി അവശനാകുന്ന സാഹചര്യം ഉണ്ടായി. ചികിത്സ കഴിഞ്ഞു വരുന്ന വഴിയാണെന്ന വിവരം ബോധിപ്പിച്ചിട്ടും അതു സംബന്ധിക്കുന്ന യാതൊരു പരിഗണനയും നല്കാതെയും, രേഖകൾ പരിശോധിക്കാതെയും തീർത്തും മനുഷത്വ രഹിതമായ സമീപനമാണ് പൊലീസുകാരനിൽ നിന്നും നേരിടേണ്ടി വന്നത്. ഇത് സംബസിച്ച് സംസ്ഥാന പൊലീസ് മേധാവി, ജില്ലാ പൊലീസ് ചീഫ് ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്നും എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് കൽപ്പറ്റയിലെ ജില്ലാ ഓഫീസിൽ ഇൻവസ്റ്റിഗേറ്ററായി സേവനമനുഷ്ട്ടിക്കുന്ന ബ്രിജേഷ് പറഞ്ഞു.