kt-jose

മാനന്തവാടി:കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. പയ്യമ്പള്ളി വില്ലേജ് ഓഫീസർ കല്ലോടി സ്വദേശി കെ.ടി ജോസാണ് 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.പയ്യമ്പള്ളിയിൽ താമസിക്കുന്ന സ്ഥലം ഉടമ തണ്ട പേര് ലഭിക്കുന്നതിനായി അപേക്ഷ നൽകി ദിവസങ്ങളായിട്ടും ജോസ് സർട്ടിഫിക്കറ്റ് അനുവദിച്ചില്ല.സർക്കാർ നിശ്ചയിച്ച 300 രൂപയുടെ തണ്ട പേര് സർട്ടിഫിക്കറ്റ് നൽകാൻ 50,000 രൂപയാണ് ഓഫീസർ ആവശ്യപ്പെട്ടത്.ഈ വിവരം ഉടമ വയനാട് വിജിലൻസിനെ അറിയിക്കുകയും വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.ഇന്നലെ വൈകിട്ട് മൂന്നരയോടെ പരാതിക്കാരൻ വള്ളിയൂർക്കാവ് ക്ഷേത്ര സമീപത്തെ ബസ് സ്റ്റോപ്പിൽ വെച്ച് പണം കൈമാറി.പണം കൈപ്പറ്റി വാഹനത്തിൽ പോകുന്നതിനിടെ സ്വകാര്യ വാഹനങ്ങളിലുണ്ടായിരുന്ന വിജിലൻസ് സംഘം വില്ലേജ് ഓഫീസറുടെ കാറിനെ പിന്തുടരുകയും പിടികൂടുകയുമായിരുന്നു. 2022 ൽ മറ്റൊരു പരാതിയിൽ ജോസ് വിജിലൻസ് അന്വേഷണം നേരിട്ടിട്ടുണ്ട്.വിജിലൻസ് ഡി.വൈ.എസ്.പി ഷാജി വർഗീസിന്റെ നേതൃത്വത്തിൽ സി.ഐ ടി. മനോഹരൻ,എ.എസ്.ഐ മാരായ പി.ജി പ്രമോദ്, എസ്. ബാലൻ, കെ.പി സുരേഷ്, പി.ജി സതീഷ് കുമാർ, സീനിയർ സി.പി.ഒ മാരായ അജിത്ത്,സുധീൻ,സഹിയാസ്, സി.പി.ഒ മാരായ ജിനേഷ്, ലിന്റോ, ശ്രീജി, ശിഹാബ്, സുബിൻ, മുഹമ്മദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.