രാമായണം പുനർവായിക്കപ്പെടുമ്പോൾ സമകാലിക ജീവിതവുമായി അത് എത്രമാത്രം ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് ഓർമ്മവരും. ധാർമ്മികതയെ കുറിച്ചും പ്രശ്നസങ്കീർണമായ ജീവിതത്തെ എങ്ങനെ മറികടക്കാം എന്നതിനെ കുറിച്ചും അത് നമ്മെ പഠിപ്പിക്കുന്നു. രാജ്യത്തിലും സമൂഹത്തിലും ഗൃഹത്തിലുമുള്ള നമ്മുടെ കടമകൾ, പുലർത്തേണ്ട വിശ്വസ്തത, ഒരുമയുടെ പ്രാധാന്യം തുടങ്ങിയ മൂല്യങ്ങൾ എന്നിവയെ കുറിച്ചൊക്കെയാണ് രാമായണം നമ്മോട് പറയുന്നത്.
പവിത്ര സ്നേഹത്തിന്റെ ഗരിമ, ക്ഷമയുടെ പെരുമ, ധർമ്മത്തിന്റെ മഹിമ - ഈ വിഷയങ്ങളെല്ലാം ഇതിഹാസം പരിവേഷണം ചെയ്യുന്നുണ്ട്. രാമായണം, പഠിതാക്കൾക്ക് ജ്ഞാനം മാത്രമല്ല പ്രദാനം ചെയ്യുക, അതവരെ പ്രചോദിപ്പിക്കുകയും പരിവർത്തനപ്പെടുത്തുകയും ചെയ്യുന്നു. പിതാവിനെ അനുസരിക്കാനും നാടുവിട്ടു പോകാനും ശ്രീരാമൻ തീരുമാനിച്ചത് ധർമ്മത്തിന്റെ സൂക്ഷ്മ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു. അതുപോലെ യഥാർത്ഥ ത്യാഗം ലോകത്തെ ഉപേക്ഷിക്കലല്ല, പകരം അഹത്തെയും ആസക്തിയെയും അധികാരത്തെയും ഉപേക്ഷിക്കലാണ് എന്ന് നമ്മെ തെര്യപ്പെടുത്തുന്നു. വനവാസത്തെ ശിക്ഷയായല്ല, ആത്മദാർഢ്യത്തിന്റെ പരിശീലനമായാണ് അദ്ദേഹം സ്വീകരിച്ചത്. ത്യാഗത്തെ പ്രതിരോധശേഷിയായാണ് രാമൻ കണ്ടത്. നമ്മുടെയൊക്കെ ജീവിതത്തിലെ, ചിലപ്പോൾ ഏറ്റവും ശക്തമായ പ്രവൃത്തി, ചിലപ്പോൾ നിശബ്ദമായ ഇത്തരം തെരഞ്ഞെടുപ്പുകളായിരിക്കും.
പ്രവാസത്തിലും ഉറച്ച നിലപാട്
പ്രവാസത്തിൽ പലയിടത്തും രാമൻ പ്രദർശിപ്പിച്ചത് ഉറച്ച സംയമനമാണ്. സംസാരിക്കുന്നതിനു മുമ്പ് ചിന്തിക്കുകയും പ്രവർത്തിക്കുന്നതിനു മുമ്പ് പദ്ധതികൾ ഉണ്ടാക്കുകയും ചെയ്തു, അദ്ദേഹം. അധികാരമല്ല, സ്വഭാവദാർഢ്യമാണ് ഭരണാധികാരിയെ നിർവചിക്കുന്നതെന്ന് രാമൻ നമ്മെ പഠിപ്പിക്കുന്നു. ഭരതൻ സിംഹാസനത്തെ നിഷേധിച്ചതും നീതിബോധം കൊണ്ടുതന്നെയാണ്. കടലിനുമേൽ പാലം നിർമ്മിക്കാൻ രാമലക്ഷ്മണന്മാർക്കൊപ്പം ഹനുമാനും അണ്ണാൻ കുഞ്ഞു പോലും തന്നാലാവത് ചെയ്തു. മനുഷ്യർക്കിടയിൽ ഇല്ലാതാവുന്ന പാരസ്പര്യവും ഐക്യബോധവുമായി തട്ടിച്ചു നോക്കേണ്ടത് ആവശ്യമാണ്. ഒന്നിച്ചു പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ശക്തിയെ അതിന് ഉദാഹരണമായി കാണാം.