മറാഠെ മൺമറിഞ്ഞിട്ട് 12 വർഷം
കോഴിക്കോട്: മലയാളിക്ക് ഹിന്ദുസ്ഥാനി സംഗീതം പകർന്നുതന്ന വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ശരത് ചന്ദ്ര ആർ. മറാഠെ മൺമറിഞ്ഞിട്ട് 12 വർഷം. ഒരായുസുമുഴുവൻ സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുകയും അരവിന്ദനും ബാബുരാജുമടക്കം ശിഷ്യഗണങ്ങളുണ്ടായിട്ടും ഒരു സ്മാരകം പോലുമില്ലാതെ സാഹിത്യനഗരം മറാഠെയെ മറക്കുകയാണ്. വർഷാവർഷം സൗഹൃദകൂട്ടായ്മക്ക് കീഴിൽ നടക്കുന്ന അനുസ്മരണം മാത്രമാണ് അദ്ദേഹത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ. പതിവുപോലെ ഇത്തവണയും നഗരം ഇന്ന് ആ സംഗീതജഞന്റെ ഓർമകളിൽ നിറഞ്ഞിരിക്കും. വൈകുന്നേരം 5.30ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനുസമീപം കൈരളി വേദി ഓഡിറ്റോറിയത്തിലാണ് അനുസ്മരണം. ചടങ്ങ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. തുടർന്ന് മറാഠെയുടെ പ്രിയശിഷ്യൻ അനിൽദാസിന്റെ സംഗീതിവരുന്നും.
വെറും വാക്കാവുന്നു
മറാഠെയ്ക്ക് കോഴിക്കോട്ടൊരു സ്മാരകം എന്നത് സംസ്കാരവേളയിൽ അധികാരികൾ ഉറപ്പുനൽകിയതാണ്. ഒന്നുകിൽ നഗരത്തിൽ അദ്ദേഹത്തിന്റെ ഓർമകൾ സൂക്ഷിക്കാനൊരിടം, അല്ലെങ്കിൽ താമസിച്ച ഹൗസിംഗ് ബോർഡിന്റെ വീട് സ്മാരകമായി സംരക്ഷിക്കും. പക്ഷെ എല്ലാം വെറും വാക്കുകളായി. മറാഠെയ്ക്ക് പിന്നാലെ ഭാര്യ മനീഷ മറാഠെയും മരിച്ചപ്പോൾ ഹൗസിംഗ് ബോർഡ് അധികൃതർ വീടിന് പൂട്ടിട്ടു. ഹൗസിംഗ് ബോർഡിന്റെ കോഴിക്കോട്ടെ ഓഫീസ് അലമാരയിലിരുന്ന് 'ശ്രുതി മന്ദിറി"ന്റെ താക്കോൽകൂട്ടം തുരുമ്പെടുക്കുമ്പോൾ വിലമതിക്കാനാവാത്ത നിരവധി ഓർമകൾ വീട്ടിനുള്ളിൽ പൊടിപിടിച്ചിരിപ്പാണ്.
ഇതിനകത്താണ് അദ്ദേഹം ജീവിതത്തിലുടനീളം കൊണ്ടുനടന്ന ഹാർമോണിയപെട്ടിയും നിരവധി പുരസ്കാരങ്ങളും അപൂർവ പടങ്ങളും. നോക്കാൻപോലും സംവിധാനമില്ല. ജീവിതത്തിലുടനീളം മറാഠയുടെ നിഴലായിരുന്ന അനിൽദാസും പി.ആർ.ഡി റിട്ട.ഡപ്യൂട്ടി ഡയരക്ടർ ടി.വേലായുധനുമടക്കുമുള്ള ഏതാനും ചിലർമാത്രമാണ് കോഴിക്കോടെന്ന സംഗീത-സാഹിത്യ നഗരത്തിൽ മാറാഠെയുടെ ഓർമകൾക്ക് കൂട്ടായുള്ളത്.
1951ൽ മാഹാരാഷ്ട്രയിലെ സിദ്ധേശ്വർ ഗ്രാമത്തിൽ നിന്നാണ് മറാഠെയെന്ന വിശ്രുത ഹിന്ദുസ്ഥാനി സംഗിതജ്ഞന്റെ കേരളത്തിലേക്കുള്ള വരവ്. ഗുരു മനോഹർ ബറുവേയുടെ നിർദ്ദേശപ്രകാരം പൂമുള്ളിമനയിലെ രാമൻ നമ്പൂതിരിപ്പാടിനെ ഹിന്ദുസ്ഥാനി പഠിപ്പിക്കാനായിരുന്നു നിയോഗം. ഹിന്ദുസ്ഥാനിയിൽ മറാഠെയ്ക്കുള്ള അപാര കഴിവ് തിരിച്ചറിഞ്ഞ് കോഴിക്കോട്ടെ സംഗീത പ്രേമിയും കൊപ്രക്കച്ചവടക്കാരനുമായ ശ്രീരാംഗരുചറാണ് അദ്ദേഹത്തെ കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നത്. പിന്നീടുള്ള കാലം ഇവിടെ.