മേപ്പാടി: പുത്തുമല ദുരന്തത്തിന് ആറു വർഷം പൂർത്തിയാകുമ്പോഴും ദുരന്തബാധിതരുടെ ദുരിതത്തിന് പരിഹാരമില്ല. ഹർഷം പദ്ധതിയുടെ ഭാഗമായി പൂത്തകൊല്ലിയിൽ നിർമ്മിച്ച വീടുകൾ ചോർന്നൊലിക്കുകയാണ്. ചോർച്ചക്ക് പരിഹാരം കണ്ടെത്തി നൽകണമെന്ന ആവശ്യം ഇതുവരെയും അധികൃതർ പരിഗണിച്ചിട്ടില്ല. 49 കുടുംബങ്ങൾക്കുള്ള വീടാണ് ഇവിടെ നിർമ്മിച്ചിട്ടുള്ളത്. ഇതിൽ ഇരുപതോളം വീടുകൾക്ക് നല്ലപോലെ ചോർച്ചയുണ്ട്. 2021 ലാണ് വീടുകളുടെ നിർമ്മാണം പൂർത്തിയായത്. ഒരു വർഷം കൊണ്ട് തന്നെ ചോർച്ച തുടങ്ങി. താമസിക്കാൻ കഴിയാത്ത വിധം ചോർന്നൊലിക്കുകയാണ്. അറ്റകുറ്റപ്പണികൾ നടത്തിയാൽ തന്നെ പ്രതിസന്ധിക്ക് പരിഹാരം കാണാനാകും. എന്നാൽ ഒരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ലെന്നാണ് ദുരന്തബാധിതരുടെ പരാതി. 2019 ഓഗസ്റ്റ് എട്ടിനാണ് 17 പേരുടെ ജീവൻ പൊലിഞ്ഞ പുത്തുമല ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായത്.
ആറു വർഷം പൂർത്തിയാകാൻ ഇനി രണ്ട് ദിവസം മാത്രമാണ് ശേഷിക്കുന്നത്. മാദ്ധ്യമ സ്ഥാപനമാണ് പുനരധിവാസ പദ്ധതിക്കായി ഭൂമി വാങ്ങി നൽകിയത്. ഇതിൽ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെ വീടുകൾ നിർമ്മിച്ചു.
ലൈഫ് ഭവന പദ്ധതി പ്രകാരം സർക്കാർ വിഹിതം നാലുലക്ഷം രൂപ ദുരന്തബാധിതർക്ക് അനുവദിച്ചു. ഈ തുക മുഴുവൻ ദുരന്തബാധിതർ സ്‌പോൺസർക്ക് നൽകുകയും ചെയ്തു. പുത്തുമല, പച്ചക്കാട് ഗ്രാമങ്ങളിൽ കഴിഞ്ഞിരുന്ന കുടുംബങ്ങളാണ് ദുരന്തത്തോടെ കിടപ്പാടം നഷ്ടമായത്. ചോർന്നൊലിക്കുന്ന വീടുകൾ ലഭിച്ചതിനാൽ തങ്ങൾ ഇപ്പോഴും ദുരിതത്തിൽ ആണെന്ന് ഇവർ പറയുന്നു. തങ്ങൾക്കുണ്ടായ ദുരവസ്ഥ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ഇല്ലാതിരിക്കാൻ പ്രത്യേക ജാഗ്രത വേണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്.