vaga
ചീരാൽ വെണ്ടോൽ വയലിൽ ബംഗാളികൾ നാട്ടി നടുന്നു

സുൽത്താൻ ബത്തേരി: നെൽകൃഷി നഷ്ടമാണന്നും, കൃഷിയ്ക്ക് ആളെ കിട്ടാനില്ലെന്നും പറഞ്ഞ് പലരും കൃഷിയിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ പരമ്പരാഗതമായി നെൽകൃഷിയെ സ്‌നേഹിക്കുകയും കൃഷി ചെയ്യുകയും ചെയ്തുവരുന്ന ആളുകൾ ഇത്തവണയും നെൽകൃഷി ഒരുക്കി. ഞാറ് പറിക്കുന്നതിനും നടുന്നതിനുമായി അന്യ സംസ്ഥാന തൊഴിലളികളാണ് മലയാളമണ്ണിന്റെ ഗന്ധമുള്ള വയലുകളിൽ ഞാറ്റുപാട്ടുകൾ പാടി ഞാറ് നടുന്നതെന്ന് മാത്രം. മുൻ വർഷങ്ങളിലും വംഗനാട്ടിൽ നിന്ന് തൊഴിലാളികൾ നെൽകൃഷിക്കായി എത്തിയിരുന്നെങ്കിലും അത് പുരുഷന്മാർ മാത്രമായിരുന്നു. എന്നാൽ പതിവ് തെറ്റിച്ച് അവർ കുടുംബസമേതമാണ് കൃഷി പണി ഇഷ്ടപ്പെട്ട് വയലേലകളിലേയ്ക്ക് എത്തിയത്. ബംഗാളിൽ നിന്നും പഞ്ചാബിൽ നിന്നുമുള്ളവരാണ് വയൽപണിക്കായി എത്തിയവരിൽ ഭൂരിഭാഗവും. കുടുംബത്തിലെ പുരുഷന്മാർ കേരളത്തിലേയ്ക്ക്‌ ജോലിക്കായിപോകുമ്പോൾ തങ്ങളവിടെ ഒറ്റയ്ക്കാണ്. അതുകൊണ്ടാണ് പുരുഷന്മാരോടൊപ്പം തങ്ങളും ഇറങ്ങി തിരിച്ചതെന്ന് വയൽ പണിക്കായി എത്തിയ ബംഗാളി കുടുംബത്തിലെ സ്ത്രീപറഞ്ഞു. കുടുംബസമേതം കൃഷി പണിക്കായി എത്താൻ കഴിഞ്ഞതിലും കൂലിയുടെ കാര്യത്തിലും ഏറെ സംതൃപ്തരാണന്നാണ് ബംഗാളികൾ പറയുന്നത്. ഒരു ഏക്കർ സ്ഥലത്ത് ഞാറ് പറിച്ച് നടുന്നതിന് അന്യ സംസ്ഥാനത്ത് നിന്നെത്തുന്ന ഇവർക്ക് നൽകേണ്ടത്. 5600 രൂപയാണ്. പത്ത്‌പേരടങ്ങുന്ന ഒരു സംഘം ഒരു ദിവസം നാല് ഏക്കർ സ്ഥലത്ത് ഞാറ് പറിച്ച് നാട്ടിവെക്കും. പുലർച്ചെ തന്നെ കൃഷിയിടത്തിലെത്തുന്ന ഇവർ കുറച്ച്‌ പേർ ഞാറ് പറിക്കുമ്പോൾ ബാക്കിയുള്ളവർ പറിച്ച ഞാറ് നാട്ടി വെക്കാൻ തുടങ്ങും. നാട്ടിയ്ക്ക് പാകത്തിന് വയൽ ഒരുക്കി നൽകിയാൽ മാത്രം മതി. കൂലിയ്ക്ക് പുറമെ ചെലവ് നൽകുകയുംവേണ്ട. പ്രാദേശിക തൊഴിലാളി പത്ത്‌ പേർ ഒരു ഏക്കർ സ്ഥലത്തേയ്ക്കുള്ള ഞാറ് പറിച്ച് നാട്ടിവെച്ചാൽ തീരുകയില്ല. പുരുഷന്മാർക്ക് 700 രൂപയും സത്രീകൾക്ക് 500 രൂപയുമാണ് കൂലി. തൊഴിലാളികളെ കിട്ടാനില്ല എന്നതാണ് ഇവിടുത്തെ പ്രശ്നം.