anvar

കോഴിക്കോട്: ആരാന്റെ പറമ്പിലെ കാടുവെട്ടുന്ന പണി കൊടുത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ പണവും മൊബെെലും മോഷ്ടിക്കുന്ന രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ പുറക്കാട് കൈതവളപ്പിൽ വീട്ടിൽ അൻവർ (36), കൊല്ലം കുളത്തൂപ്പുഴ നിസാർ മൻസിലിൽ ഷാജിമോൻ (ഷാജഹാൻ, 46) എന്നിവരെയാണ് എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തുവച്ച് കോഴിക്കോട് നല്ലളം പൊലീസ് പിടികൂടിയത്.

പശ്ചിമബംഗാൾ സ്വദേശികളായ റജാവുൽ അലി, സുഹൃത്ത് അബ്ദുൾകരീം എന്നിവരുടെ 11,000 രൂപയും 20,000 രൂപ വിലയുള്ള മൊബൈലും വസ്ത്രങ്ങളും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പ്രതികൾ അന്യസംസ്ഥാന തൊഴിലാളികളെ വിളിച്ച് കാടുപിടിച്ചു കിടക്കുന്ന ആരുടെയെങ്കിലും പറമ്പിൽ എത്തിച്ച് കാടുവെട്ടിത്തെളിക്കാൻ പറയും. ആളൊഴിഞ്ഞ സ്ഥലമാകും ഇതിനായി കണ്ടെത്തുക. സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലമാണെന്നാകും തൊഴിലാളികളോട് പറയുക.

തുടർന്ന് തൊഴിലാളികൾ മൊബൈലും പണമടങ്ങിയ പഴ്സും വസ്ത്രവുമൊക്കെ ഒരിടത്തുവച്ച് പണിക്കിറങ്ങും. അതിനിടെ ഇതെല്ലാം മോഷ്ടിച്ച് കടക്കുന്നതാണ് പ്രതികളുടെ രീതി. അരീക്കാട് മാളിയേക്കൽ വെയ് ബ്രി‍ഡ്ജിനടുത്ത് കാടുമൂടിയ സ്ഥലം വെട്ടിത്തെളിക്കാനെന്ന് പറഞ്ഞ് എത്തിച്ചശേഷമാണ് അലിയുടേയും അബ്ദുൾകരീമിന്റെയും പണമടക്കം പ്രതികൾ മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം മലപ്പുറം കാടാമ്പുഴയിലും കഴിഞ്ഞ വർഷം കോഴിക്കോട് പന്തീരാങ്കാവിലമുണ്ടായ സമാന സംഭവങ്ങൾക്ക് പിന്നിലും ഇവരാണെന്ന് പൊലീസ് സംശയിക്കുന്നു.