കൽപ്പറ്റ: മൂപ്പൈനാട് പഞ്ചായത്ത് പാലിയേറ്റീവ്‌ഹോം കെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ഡയാലിസിസ്‌ രോഗികൾക്കുള്ള ധനസഹായ വിതരണം ഇന്ന് നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങളും പാലിയേറ്റീവ് കമ്മിറ്റി അംഗങ്ങളും കൽപ്പറ്റയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. റിപ്പൺ പള്ളി ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 2നാണ് പരിപാടി. 28 രോഗികൾക്ക് പതിനായിരം രൂപ വീതമാണ് ധനസഹായം നൽകുന്നത്. 2012 മുതൽ സർക്കാർ നിർദേശപ്രകാരം 16 വാർഡുകളിലും മാസത്തിൽ 20 ദിവസം വീതംഹോം കെയർ നടത്തിവരുന്നുണ്ട്. 298 രോഗികളാണ് പാലിയേറ്റീവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 34 കിഡ്നിരോഗികളാണ് പഞ്ചായത്ത് പരിധിയിലുള്ളത്. തീർത്തും നിർധനരായ രോഗികൾക്ക് ആശ്വാസമാവുകയെന്ന് എന്ന ലക്ഷ്യവുമായാണ് ധനസഹായം നൽകുന്നതെന്നും ആർ. ഉണ്ണികൃഷ്ണൻ പറഞ്ഞു. ടി. സിദ്ധിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കോട്ടക്കൽ മിംസ്‌ ഹോസ്പിറ്റൽ നെഫ്രോളജി കൺസൾട്ടന്റ്‌ ഡോ. സജീഷ് ശിവദാസൻ ബോധവത്ക്കരണ ക്ലാസ് നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ആർ. ഉണ്ണികൃഷ്ണൻ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആർ. ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷൈബാൻ സൈതലവി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ സാലിം, ഡയാന മച്ചാഡോ, വാർഡ് മെമ്പർ യശോദ,ഹോം കെയർ പ്രസിഡന്റ് എൻ.എസ് വിജയകുമാരി, ഹോം കെയർ സെക്രട്ടറി റിയാസ് എന്നിവർ പങ്കെടുത്തു.