കോഴക്കോട്: മേഖലാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ വ്യത്യസ്ത വിഭാഗങ്ങളിലായി 15 സിനിമകൾ ഇന്ന് പ്രദർശിപ്പിക്കും. ഒട്ടേറെ അന്തർദേശീയ അംഗീകാരങ്ങൾ നേടിയ ഇറാനിയൻ ചിത്രം ' ഇൻ ദി ലാന്റ് ഓഫ് ബ്രദേഴ്‌സ്' കൈരളി തയേറ്ററിൽ രാവിലെ 9 30ന് പ്രദർശിപ്പിക്കും. ഇറാനിൽ അഭയാർത്ഥികളായി കഴിയേണ്ടി വന്ന അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മൂന്ന് പേരുടെ തീവ്രമായ അനുഭവങ്ങളാണ് 95 മിനിറ്റുള്ള ചിത്രം പറയുന്നത്.കൗമാരക്കാരികളുടെ കഥ പറയുന്ന ലിത്വാനിയൻ ചലച്ചിത്രം ടോക്‌സിക്കാണ് ലോകസിനിമാ വിഭാഗത്തിലെ മറ്റൊരു ശ്രദ്ധേയ ചലച്ചിത്രം. വൈകിട്ട് മൂന്നിന് കോറണേഷനിലാണ് പ്രദർശനം.
ഐ.എഫ്.എഫ്.കെയിൽ വലിയ സ്വീകാര്യതയുണ്ടായ അങ്കമ്മാൾ എന്ന തമിഴ് ചിത്രം രാവിലെ 11.30ന് കൈരളിയിൽ പ്രദർശിപ്പിക്കും. എഴുത്തുകാരൻ പെരുമാൾ മുരുകന്റെ' കൊടിത്തുണി ' എന്ന ചെറുകഥയെ ആസ്പദമാക്കി നിർമ്മിച്ച സിനിമ മലയാളി വിപിൻ രാധാകൃഷ്ണനാണ് സംവിധാനം ചെയ്തത്. സ്ത്രീകളുടെ സ്വത്വബോധം, തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, ജാതി, വർഗ, നഗര മേധാവിത്വം, പുരുഷ കാപട്യം തുടങ്ങിയ വിഷയങ്ങളെ സിനിമ അഭിസംബോധന ചെയ്യുന്നു.
മലയാളം സിനിമ ടുഡേ
മലയാളം സിനിമ ടുഡേ' വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന 'വക്ടോറിയ' അങ്കമാലി പശ്ചാത്തലമാക്കി ബ്യൂട്ടീഷ്യനായ വക്ടോറിയയുടെ കഥ പറയുന്നു. ജെ.ശിവരഞ്ജിനിയാണ് സംവിധാനം. കെ.എഫ്.ഡി.സി പദ്ധതിയി വഴിയാണ് സിനിമ നിർമ്മിച്ചത്. വൈകിട്ട് 6.15ന് കൈരളിയിലാണ് പ്രദർശനം. രാവിലെ 11.15ന് ശ്രീ യിൽ പ്രദർശിപ്പിക്കുന്ന 'ക്യുപ്പിഡ് സോ ദ സ്റ്റാർ' സ്‌കൂൾ ഒഫ് ഡ്രാമയിലെ സഹപാഠികളാണ് നിർമ്മിച്ചത്. ഐഫോണിലായിരുന്നു ചിത്രീകരണം. നവാഗത ആദിത്യബേബിയാണ് സംവിധായിക.
ഓപ്പൺ ഫോറത്തിന് ഇന്ന് തുടക്കമാകും
കോഴിക്കോട്: മേഖലാ ചലച്ചിത്രമേളയുടെ ഭാഗമായുള്ള ഓപ്പൺ ഫോറത്തിന് ഇന്ന് തുടക്കമാകും. കൈരളി തിയേറ്ററിൽ ഒരുക്കിയ ഷാജി എൻ കരുൺ ചെലവൂർ വേണു പവലിയനിൽ മൂന്ന് ദിവസവും വൈകിട്ട് അഞ്ച് മണി മുതലാണ് പരിപാടി. ഇന്ന് വൈകിട്ട് അഞ്ചിന് സംവിധായകൻ ഷാജൂൺ കാര്യാൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് 'ഫിലിം പോളിസി റിഫോംസ്: നാളെയുടെ സിനിമയ്ക്ക് പുതിയ നിയമങ്ങൾ' എന്ന വിഷയം മാദ്ധ്യമ പ്രവർത്തകൻ കെ.എ. ജോണി അവതരിപ്പിക്കും. ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ, സജിത മഠത്തിൽ, കെ.സി ജിതിൻ എന്നിവർ പ്രസംഗിക്കും.