പേരാമ്പ്ര: അനന്ത സാദ്ധ്യതകൾ തേടുകയാണ് ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ജാനകിക്കാട് ഇക്കോ ടൂറിസ്റ്റ് കേന്ദ്രം. നിരവധി വിനോദസഞ്ചാരികളാണ് സീസണിൽ ഇവിടെയെത്തുന്നത്. എന്നാൽ ഈയിടെയായി തിരക്ക് കുറവാണ്.
അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതാണ് സഞ്ചാരികളുടെ കുറവിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. 2008 ലാണ് ഇവിടെ ഇക്കോടൂറിസം പ്രവർത്തനം തുടങ്ങിയത്. കുറ്റ്യാടി,പേരാമ്പ്ര മണ്ഡലങ്ങളുടെ അതിർത്തി പങ്കിടുന്ന ചവറം മൂഴി പുഴയോട് ചേർന്നാണ്, 131 ഹെക്ടർ വനഭൂമിയുൾപെടുന്ന ജാനകിക്കാട് സ്ഥിതി ചെയ്യുന്നത്.
സൗകര്യങ്ങളില്ല
കേന്ദ്രത്തിലെത്തുന്ന സഞ്ചാരികൾക്ക് ഇരുചക്ര വാഹനങ്ങൾ പോലും പാർക്ക് ചെയ്യാൻ സൗകര്യമില്ലെന്നതാണ് പ്രധാന പരാതി. കുട്ടികൾക്ക് പാർക്കോ കളിക്കാനുള്ള ഉപകരണങ്ങളോ ഇല്ലാത്തതും നിരാശയുളവാക്കുന്നു. വനത്തിനുള്ളിൽ ഇൻഫർമേഷൻ സെന്ററിന് സമീപം ആകെയുള്ള ഒരു ശൗചാലയം പലപ്പോഴും അടച്ചിട്ട നിലയിലാണെന്നാണ് സഞ്ചാരികൾ പറയുന്നത്. ഒറ്റക്കണ്ടം ഭാഗത്ത് നിന്ന് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്ന നീർപ്പാലത്തിന്റെ കൈവരികൾ ഒടിഞ്ഞ് തൂങ്ങിയിട്ട് വർഷങ്ങളായെങ്കിലും നന്നാക്കിയിട്ടില്ല. മുള്ളൻകുന്ന് റോഡിൽ നിന്ന് സെന്ററിലേക്ക് കടക്കുന്ന പ്രവേശന കവാടം കാടുമൂടി ജീർണ്ണാവസ്ഥയിലാണ്. കാടിനുള്ളിലേക്കുള്ള റോഡിന് വീതികുറഞ്ഞത് പലപ്പോഴും ഗതാഗത തടസത്തിനും അപകടങ്ങർക്കും കാരണമാവുന്നതായും പരാതിയുണ്ട്. കേന്ദ്രത്തിന് ചുറ്റുമതിൽ നിർമ്മിക്കാത്തത് സാമൂഹ്യ വിരുദ്ധർക്ക് ഏതു സമയവും അകത്ത് കടക്കാൻ കഴിയാവുന്ന അവസ്ഥയിലാണെന്നും നാട്ടുകാർ പറഞ്ഞു.
തുടക്കത്തിൽ പുഴയിൽ ഉല്ലസിക്കാൻ മുളം ചങ്ങാടവും വനത്തിനുള്ളിൽ ഏറുമാടം ഒരുക്കി പുറമെയുള്ള കാഴ്ചകൾ വീക്ഷിക്കാനുള്ള സൗകര്യമൊരുക്കിയിരുന്നു. എന്നാൽ കാലപ്പഴക്കത്താൽ ഇവയെല്ലാം നശിച്ചു പോയി. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും പദ്ധതികൾ തയ്യാറാക്കി സർക്കാറിലേക്ക് സമർപ്പിച്ചെങ്കിലും ഒന്നിനും അംഗീകാരം ലഭിച്ചില്ല. ടൂറിസ്റ്റ് കേന്ദ്രത്തിൻ്റെ പരിമിതികൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പൊതുഗതാഗതം തീരെയില്ലാത്ത ഒറ്റക്കണ്ടം - ചവറംമൂഴി ഭാഗത്തേക്ക് ആവശ്യത്തിന് കെ.എസ്.ആർ.ടി.സി അവദിക്കണം.
അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ വിനോദ സംവിധാനങ്ങളും ഒരുക്കിയാൽ ജാനകിക്കാട് ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തെ മലബാറിലെ ശ്രദ്ധേയമായ വിനോദ സഞ്ചാര കേന്ദ്രമാക്കാൻ കഴിയും
പി.എം.പി മൂഴി, സാമൂഹ്യ പ്രവർത്തകൻ