p-r-nathan
പി.ആർ. നാഥൻ

അതിസൂക്ഷ്മമായ അർത്ഥങ്ങൾ ഒളിഞ്ഞിരിക്കുന്ന ഒരു മഹദ്ഗ്രന്ഥമാണ് രാമായണം. ഒരു ഗുരുനാഥന്റെ നിർദ്ദേശപ്രകാരം വായിക്കേണ്ടതാണ് രാമായണമെന്ന് പഴമക്കാർ പറയാറുണ്ട്. രാമായണകഥ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. മുന്നൂറോളം രാമായണങ്ങൾ സജീവമായി ഭക്തജനങ്ങൾ വായിക്കാറുണ്ടെങ്കിലും മലയാളികൾക്ക് പ്രിയം അദ്ധ്യാത്മ രാമായണം തന്നെയാണ്. പുറമെ, നടന്ന കഥയാണെന്ന് വ്യാഖ്യാനിക്കാം. അത്ര സമയം രാമായണകഥ നടക്കുന്നത് നമ്മുടെ ശരീരത്തിനകത്തു തന്നെയാണ്. ശരീര രാമായണത്തിൽ അഗാധമായി ചിന്തിക്കേണ്ട ശാസ്ത്ര രഹസ്യങ്ങളുണ്ട്. പുണ്യാരണ്യം നേടിയവർക്കു മാത്രമേ ശരീര രാമായണത്തെ കുറിച്ച് പഠിക്കാൻ ഭാഗ്യമുണ്ടാകുകയുള്ളുവെന്ന് അറിവുള്ളവർ പറയാറുണ്ട്. പുണ്യമാകുന്ന ആരണ്യം എന്ന അർത്ഥമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

ശിവനും ശക്തിയും നമ്മുടെ മസ്തിഷ്കത്തിന്റെ ഇരു ഭാഗത്തായി കുടിയിരിക്കുന്നു. ഇടതു മസ്തിഷ്കവും വലതു മസ്തിഷ്കവും ചേർന്നു നിൽക്കുമ്പോഴാണ് പൂർണത ഉണ്ടാകുക. ഇടത് യുക്തിചിന്തയാണെന്ന് വ്യാഖ്യാനിക്കാം. അത് ലക്ഷ്യസ്ഥാനത്ത് നമ്മെ എത്തിക്കുന്ന ലക്ഷ്മിയാണ്. വലതുഭാഗത്താണ് ശിവശക്തി കുടികൊള്ളുന്നത്. ശിവനും ശക്തിയും യോജിക്കേണ്ടിയിരിക്കുന്നു. രാമായണകഥയിലേക്ക് വരുമ്പോൾ അത് രാമനായും സീതയായും വ്യാഖ്യാനിക്കപ്പെടുന്നു. കൃഷ്ണനിലേക്ക് വരുമ്പോൾ അത് കൃഷ്ണനും രുഗ്മിണിയുമായി മാറുന്നു. ശിവശക്തി ഐക്യം പ്രകൃതി നിയമമാണ്. ഇവ രണ്ടും ചേർന്നുനിൽക്കേണ്ടത് ആവശ്യമാണെങ്കിലും ആസുരികശക്തികൾ ലക്ഷ്മിയെ ബലം പ്രയോഗിച്ച് വശീകരിക്കുന്നു.

രാവണൻ സീതയെ വേർപെടുത്താൻ ഒരു ശ്രമം നടത്തി. അഞ്ച് കർമ്മേന്ദ്രിയത്തെയും അഞ്ച് ജ്ഞാനേന്ദ്രിയത്തെയും ബഹിർമുഖമാക്കി നിറുത്തിയ ശേഷം കർമ്മങ്ങൾ ചെയ്യുന്ന രാവണൻ സീതയെ വേർപെടുത്താൻ ശ്രമിച്ചതിൽ അത്ഭുതമില്ല. അത് രാവണന്റെ പതനത്തിന് കാരണമായി. തപസുകൊണ്ട് നേടിയ സിദ്ധി മുഴുവൻ രാവണൻ ദുരുപയോഗം ചെയ്തു. ശിവൻ സമ്മാനിച്ച ചാപമാണ് ചന്ദ്രഹാസം. അതിന്റെ മഹത്വമറിയാതെ രാവണൻ ആ ചാപംകൊണ്ട് ജടായുവിനെ വെട്ടിവീഴ്ത്തി. ഭൗതികനേട്ടങ്ങൾ കൊതിച്ച് തെറ്റുകൾ ചെയ്യുന്ന എല്ലാ മനുഷ്യർക്കും രാമായണം ഗുണപാഠമായി മാറുന്നു. കർക്കടകമാസത്തിൽ രാമായണം വായിക്കുമ്പോൾ നമ്മുടെ ശ്രേഷ്ഠചിന്തകൾക്ക് തിളക്കം കൂടുന്നു. രാമനെ മര്യാദാ പുരുഷോത്തമനെന്ന് വിളിക്കാറുണ്ട്. ആ നാമത്തിന് അത്രമാത്രം ശക്തിയുണ്ടെന്ന് നൂറ്റാണ്ടുകളായി തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.