കോഴിക്കോട്: വയോധികരായ സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തി. ചേവായൂരിനടുത്ത് കരിക്കാംകുളം ഫ്ളോറിക്കൻ റോഡിലെ 'പൗർണമി' വാടകവീട്ടിൽ താമസിക്കുന്ന മൂഴിക്കൽ മൂലക്കണ്ടി ശ്രീജയ (71), പുഷ്പ (66) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇളയ സഹോദരൻ പ്രമോദിനെ കാണാനില്ല.കഴിഞ്ഞ മൂന്നു വർഷത്തോളമായി പ്രമോദിനൊപ്പം ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇരുവരും. സഹോദരി മരിച്ചെന്ന് പുലർച്ചെയോടെ പ്രമോദ് ബന്ധുവിനെ വിളിച്ചറിയിച്ചിരുന്നു.തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.
വെള്ളതുണി പുതപ്പിച്ച് തലമാത്രം പുറത്തു കാണുന്ന നിലയിൽ രണ്ടു മുറികളിലായിരുന്നു മൃതദേഹങ്ങൾ.പ്രമോദിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ആദ്യം റിംഗ് ചെയ്തിരുന്നെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ചെയ്തെന്ന് പരിസരവാസികൾ പറയുന്നു.പ്രമോദിന്റെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ചതിൽ ഫോൺ ഓഫ് ചെയ്യുന്നതിനു മുമ്പ് ഇയാൾ ഫറോക്ക് ഭാഗത്തുണ്ടായിരുന്നുവെന്നാണ് വിവരം.ലോട്ടറിക്കച്ചവടം നടത്തുന്നയാളാണ് പ്രമോദ്.
ശ്വാസംമുട്ടിച്ച് കൊന്നു
ഇരുവരെയും ശ്വാസംമുട്ടിച്ച് കൊന്നതാണെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടെന്ന് ചേവായൂർ പൊലീസ് അറിയിച്ചു.
ഒളിവിൽ പോയ പ്രമോദിനായി അന്വേഷണം നടക്കുകയാണെന്ന് ചേവായൂർ എസ്.എച്ച്.ഒ മഹേഷ് പറഞ്ഞു.