p-r-nathan
പി.ആർ. നാഥൻ

മാനുഷിക മൂല്യങ്ങൾ എത്ര വലുതാണെന്ന് നാമറിയുക രാമായണത്തെക്കുറിച്ച് പഠിക്കുമ്പോഴാണ്. ജീവിതത്തിന്റെ മധുരം രാമായണത്തെ കേന്ദ്രീകരിച്ച് നിൽക്കുന്നത് എവിടെയാണെന്ന് പറയാൻ കഴിയില്ല. ആദ്യവസാനം മധുരതരമാണത്. ജ്യേഷ്ഠൻ മടങ്ങിവന്ന് രാജ്യഭാരം ഏറ്റെടുക്കണമെന്ന ഭരതന്റെ അപേക്ഷ ശക്തമായപ്പോൾ രാമന്റെ ഹൃദയം അലിഞ്ഞു. നീ ആജ്ഞാപിച്ചാൽ ഞാനത് അനുസരിക്കുമെന്ന് രാമൻ. അതു കേട്ടതും ഭരതന്റെ കണ്ണു നിറഞ്ഞു. ഈ ഭരതൻ ആജ്ഞാപിക്കുന്നവനല്ല, ജ്യേഷ്ഠന്റെ വചനങ്ങൾ അനുസരിക്കുന്നനാണ്. ഭരതനും രാമനുമായുള്ള ആത്മീയ ബന്ധത്തെ വ്യക്തമാക്കുന്ന ധാരാളം മുഹൂർത്തങ്ങൾ രാമായണത്തിലുണ്ട്. ഭരതൻ മെതിയടി വാങ്ങി മടങ്ങിയ ശേഷം സീത രാമനോട് ചോദിച്ചു, ലക്ഷ്മണനും ഭരതനും തമ്മിൽ എന്താണ് വ്യത്യാസം. രാമൻ പറഞ്ഞ മറുപടി ആലോചനാമൃതമാണ്. ചിത കൂട്ടിയ ശേഷം അതിലേക്ക് നീ ചാടുകയെന്ന് ഞാൻ പറഞ്ഞാൽ ജയ്റാം എന്നുപറഞ്ഞ് ഭരതൻ അതിലേക്ക് ചാടും. ലക്ഷ്മണനാകട്ടെ എന്തിനാണ് ചാടുന്നതെന്ന് അന്വേഷിച്ച ശേഷം ചാടും. ഭരതന്റെ ജ്യേഷ്ഠഭക്തി അത്ര ഉദാത്തമാണ്.

രാമലക്ഷ്മണന്മാർ കളിച്ചുകൊണ്ടിരിക്കുന്നു. കുട്ടികളല്ലേ... അവരുടേതായ വാശിയിൽത്തന്നെയായിരുന്നു മത്സരക്കളി. കുറേക്കഴിഞ്ഞപ്പേൾ ശ്രീരാമൻ പുഞ്ചിരിക്കുന്ന മുഖത്തോടെ കളിയവസാനിപ്പിച്ച് കൗസല്യയുടെ അരികിലെത്തി. പിന്നെ, കരഞ്ഞുകൊണ്ടുവരുന്ന ലക്ഷ്മണനെയാണ് കൗസല്യ കാണുന്നത്. കൗസല്യ അത്ഭുതപ്പെട്ടു. ലക്ഷ്മണൻ ഉണ്ടായ കാര്യം പറഞ്ഞു. വാശിയേറിയ കളിയിൽ രാമജ്യേഷ്ഠൻ പരാജയപ്പെട്ടു. വിജയിച്ചത് ഞാനായിരുന്നു. അനുജനാണല്ലൊ ജയിച്ചതെന്ന സന്തോഷത്തിലാണ് ജ്യേഷ്ഠൻ ചിരിച്ചത്. ജ്യേഷ്ഠനെ തോൽപ്പിക്കേണ്ടിവന്നതിൽ എനിക്ക് വിഷമമുള്ളതു കൊണ്ടാണ് കരഞ്ഞത്.

രാമനും ലക്ഷ്മണനും വനവാസക്കാലത്ത് ഒരു പാറയിലിരിക്കുന്നു. വിധിവെെപരീത്യമോർത്ത് ലക്ഷ്മണൻ പെട്ടെന്ന് ദു:ഖിതനായി. കെെകേയിമാതാവ് പ്രശ്നമുണ്ടാക്കിയതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ അനുഭവിക്കേണ്ടി വന്നതെന്ന് പറഞ്ഞ് കുപിതനായി. രാമൻ ചിരിച്ചുകൊണ്ട് ദൂരെയുള്ള മറ്റൊരു പാറപ്പുറത്തിരിക്കാൻ ലക്ഷ്മണനോട് പറഞ്ഞു. അവിടെ ചെന്നിരുന്ന ലക്ഷ്മണൻ പറയുകയാണ്, എന്തൊരു പാപമാണ് ഞാൻ പറഞ്ഞത്. കെെകേയി മാതാവ് എത്ര പാവമാണ്. ഈ മനംമാറ്റത്തിനുള്ള കാരണം ശ്രീരാമൻ തന്നെ പറഞ്ഞു. ആ പാറപ്പുറത്താണ് ശൂർപ്പണഖ പതിവായി വിശ്രമിക്കുന്നത്. അവിടെയിരുന്നാൽ മംഗളചിന്തകളുണ്ടാവുകയില്ല. വ്യക്തികളുടെ മനസ് ഭൂമിയെ സ്വാധീനിക്കും. സമ്യക് തരംഗങ്ങളുണ്ടാകണമെങ്കിൽ നല്ലത് ചിന്തിക്കണം.