കോഴിക്കോട്: എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളമത്തിക്കാനുള്ള ജൽജീവൻ പദ്ധതിയിൽ കോഴിക്കോട് ജില്ലയിൽ മാത്രം കരാറുകാർക്ക് നൽകാനുള്ളത് 910 കോടി രൂപ. 20 മാസത്തെ കുടിശ്ശികയാണിത്. മൂന്നെണ്ണം ഒഴികെയുള്ള പഞ്ചായത്തുകളിൽ പദ്ധതി പാതിവഴിയിലുമാണ്. പെെപ്പിടാനായി വെട്ടിപ്പൊളിച്ച റോഡുകൾ പുന:സ്ഥാപിക്കാനും നടപടിയെടുത്തിട്ടില്ല.
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് കുടിശ്ശിക നൽകാത്തതെന്നാണ് വിവരം. ഇതോടെ ബാങ്ക് വായ്പയെടുത്ത് കരാറെടുത്തവർ വെട്ടിലായി. ലോൺ തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ മറ്റ് ബാങ്കുകളിൽ നിന്നും വായ്പ കിട്ടാതായി. ഇതേത്തുടർന്ന് പലരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. 2024ൽ പൂർത്തിയാക്കേണ്ട പദ്ധതിയാണ് അനിശ്ചിതത്വത്തിലായത്. കേന്ദ്ര, കേരള സർക്കാരുകൾ തുല്യ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.
പുതിയ വാർട്ടർ കണക്ഷനെടുക്കാൻ ഏറ്റവും ചുരുങ്ങിയത് 8,000 രൂപയോളം വേണ്ടിടത്ത് ജൽജീവനിൽ സൗജന്യ കണക്ഷനെന്നാണ് തുടക്കത്തിൽ പറഞ്ഞിരുന്നതത്രെ. അതുകൊണ്ടുതന്നെ ആവശ്യമില്ലാത്ത പലരും കണക്ഷനെടുത്തു. എന്നാൽ പിന്നീട് ബിൽ വരാൻ തുടങ്ങിയതോടെ പലരും റദ്ദാക്കി. തുടർന്ന് വൻ നഷ്ടമാണ് വാട്ടർ അതോറിറ്റിക്കുണ്ടായത്. പത്ത് ശതമാനം ഗുണഭോക്തൃ വിഹിതം വാങ്ങണമെന്ന നിബന്ധന പാലിച്ചില്ലെന്നും ആക്ഷേപമുണ്ട്.
പൊളിച്ച റോഡുകൾ നന്നാക്കിയില്ല
ഫണ്ടില്ലാത്തതിനെ തുടർന്ന് വെട്ടിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കിയിട്ടില്ല. ഇത് വാഹനാപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. ആദ്യ മൂന്ന് ഘട്ടങ്ങളിൽ പഞ്ചായത്ത് റോഡുകൾ താത്കാലികമായി പുന:സ്ഥാപിക്കാനുള്ള തുക മാത്രമേ സർക്കാർ അനുവദിച്ചിരുന്നുള്ളൂ. പെെപ്പ് സ്ഥാപിക്കാൻ കുഴിയെടുത്ത വീതിയിൽ മാത്രമാണ് റോഡ് നന്നാക്കാൻ തുക അനുവദിക്കാനാകൂ. എന്നാൽ റോഡ് മുഴുവൻ നന്നാക്കാൻ ചില പഞ്ചായത്തുകൾ പണം ആവശ്യപ്പെടുന്നത് പ്രാദേശിക പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.
ജൽജീവൻ: കോഴിക്കോട്ടെ സ്ഥിതി
ഉപഭോക്താക്കൾ റദ്ദ് ചെയ്ത കണക്ഷനുകൾ 7,000
കരാറുകാർക്ക് കുടിശ്ശിക 910 കോടി
പൂർത്തിയായത് 3 പഞ്ചായത്തുകളിൽ
(കാക്കൂർ, തുറയൂർ, കുന്നുമ്മൽ)
കേരളത്തിലെ സ്ഥിതി
പദ്ധതി കാലയളവ്....2028 വരെ
പ്രതിവർഷം വേണ്ടത്....4,200 കോടി
ടെൻഡർ ചെയ്യാനുള്ള പ്രവൃത്തി....543
കരാർ ഒപ്പിടാനുള്ള പ്രവൃത്തികൾ....43
പുന:സ്ഥാപിക്കാനുള്ള റോഡ്....9,900 കി.മീ
ഇതിന് ആവശ്യമായത്....1,167 കോടി
ഏറ്റവുമൊടുവിൽ പദ്ധതി നടപ്പാക്കിയ കേരളം ഗുണഭോക്തൃ വിഹിതം വാങ്ങാതെ കണക്ഷൻ നൽകിയതും പദ്ധതിക്ക് തിരിച്ചടിയായി.
-ജിതിൻ ഗോപിനാഥ്
ആൾ ഗവ.കോൺട്രാക്ടേഴ്സ് ഫെഡറേഷൻ