കോഴിക്കോട്: ജോലി ഭാരം കൊണ്ട് നട്ടംതിരിയുന്ന ഫയർ ആൻഡ് റെസ്‌ക്യു സർവീസിലെ റീജിയണൽ ഫയർ ഓഫീസുകൾ നിറുത്തലാക്കാനുള്ള നീക്കം കൂടുതൽ പ്രതിസന്ധിയിലേക്ക്. സ്റ്റേഷൻ ഓഫീസ്, റീജിയണൽ ഓഫീസ്, ഡയറക്ട്രേറ്റ് എന്നിങ്ങനെ ത്രിതല സംവിധാനത്തിൽ പ്രവർത്തിക്കുന്ന വകുപ്പിൽ ഒരോ ജില്ലയിലും ജില്ലാ ഓഫീസുകൾ ആരംഭിക്കുന്നതിനായാണ് റീജിയണൽ ഓഫീസുകൾ ഒഴിവാക്കാൻ നീക്കം നടക്കുന്നത്. ഇതു സംബന്ധിച്ച് അഗ്നിരക്ഷാ വകുപ്പിന്റെ അഭിപ്രായം തേടി ആഭ്യന്തര വകുപ്പ് കത്തയച്ചു. റീജിയണൽ ഓഫീസിലെ ജോലികൾ കൂടെ ജില്ലാ ഓഫീസിന് കീഴിലേക്ക് വരുമ്പോൾ ജോലി ഭാരം ഇരട്ടിയാകുമെന്നാണ് ജീവനക്കാർ പറയുന്നത്. നേരത്തേ ത്രിതല സംവിധാനത്തിനൊപ്പം തന്നെ ജില്ലാ ഓഫീസുകൾ കൂടെ ചേർത്ത് വിപുലപ്പെടുത്താനായിരുന്നു തീരുമാനം. എന്നാൽ പുതിയ ശുപാർശ പ്രകാരമാണ് റീജനൽ ഓഫീസുകൾ ഒഴിവാക്കാൻ ആലോചനകൾ നടക്കുന്നത്.
താളം തെറ്റുമോ?
കോഴിക്കോട്, കണ്ണൂർ, പാലക്കാട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് റീജിയണൽ ഓഫീസുകൾ പ്രവർത്തിക്കുന്നത്. അഗ്നിരക്ഷാ പ്രവർത്തനങ്ങൾക്ക് പുറമേ നാഷണൽ ബിൽഡിംഗ് കോഡ്, പെട്രോൾ പമ്പുകൾ, ഫാക്‌ടറികൾ, വെടിമരുന്ന് സംഭരണ കേന്ദ്രങ്ങൾ, എൽ.പി.ജി. സംഭരണ കേന്ദ്രങ്ങൾ തുടങ്ങിയവ ഓരോന്നിൻ്റെയും തരം കണക്കിലെടുത്ത് ഓരോ ജില്ലകളിലും പരിശോധന നടത്തി നിരാക്ഷേപ സാക്ഷ്യപത്രം നൽകുക, ആശുപത്രികൾ, സ്‌കൂളുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയെല്ലാം പ്രവർത്തനക്ഷമമാണോ എന്നുറപ്പു വരുത്തി സാക്ഷ്യപത്രം നൽകി നൽകുക എന്നതും റീജിയണൽ ഫയർ ഓഫീസുകളിൽ നിന്നാണ്. ഇതോടൊപ്പം ജീവനക്കാരുടെ നിയമനം, പരിശീലനം, നിലവിലുള്ള ജീവനക്കാരുടെ സേവന സംബന്ധമായ വിഷയങ്ങൾ വേറേയുമുണ്ട്. ഇത്രയും ജോലിഭാരം നിലനിൽക്കെ റീജനൽ ഓഫീസുകൾ ഒഴിവാക്കി ഇതെല്ലാം ജില്ലാ ഫയർ ഓഫീസിന് കീഴിലേക്ക് മാറുമ്പോൾ വകുപ്പിന്റെ സുഗമമായ പ്രവർത്തനത്തെ താളം തെറ്റിക്കുമെന്നാണ് ജീവനക്കാർ പറയുന്നത്. ഓരോ റീജിയണൽ ഓഫീസുകളിലുംറീജിയണൽ ഫോറസ്റ്റ് ഓഫീസറുടെ കീഴിൽ പത്തിൽ കുറയാതെ ജീവനക്കാരും ജോലി ചെയ്യുന്നുണ്ട്. ജില്ലയിൽ 17 പേരാണുള്ളത്. ഇവ നിറുത്തലാക്കുമ്പോൾ ജീവനക്കാരുടെ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയും നില നിൽക്കുന്നുണ്ട്.
'റീജിയണൽ ഫയർ ഓഫീസുകൾ നിർത്തലാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണം. മാത്രമല്ല റീജനൽ ഫയർ ഓഫീസുകൾ നിലനിറുത്തിക്കൊണ്ട് തന്നെ ജില്ലാ ഓഫീസുകൾ നിർമ്മിക്കണം'
പ്രേംനാഥ് മംഗലശ്ശേരി, ജില്ലാ പ്രസിഡന്റ്, എൻ.ജി.ഒ അസോ