photo
പ്രഭാകരൻ മാസ്റ്ററും ഭാര്യ ശാനിനിയും

കോഴിക്കോട്: സ്വന്തമായി വീടെന്ന സ്വപ്‌നവുമായി കാലമേറെയായി കാത്തിരിക്കുന്ന നാല് കുടുംബങ്ങൾക്ക് പ്രഭാകരന്റെ ഭൂമിയിൽ പുതുഭവനങ്ങളൊരുങ്ങുന്നു. ഭൂമിയില്ലാത്ത ഭവനരഹിതരെ ചേർത്തുപിടിക്കാൻ സർക്കാർ ആവിഷ്‌കരിച്ച 'മനസ്സോടിത്തിരി മണ്ണ്' ക്യാമ്പയിന്റെ ഭാഗമായി വില്ല്യാപ്പള്ളി കീഴൽ സ്വദേശിയായ റിട്ട.അദ്ധ്യാപകനായ പി.പി.പ്രഭാകരനും കുടുംബവും പഞ്ചായത്തിന് കൈമാറിയ 15 സെന്റ് സ്ഥലത്താണ് വീടൊരുക്കുക. സ്ഥലത്തിന്റെ രേഖ പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് കുടുംബങ്ങൾക്ക് കൈമാറി. വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ ലൈഫ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട നാല് കുടുംബങ്ങളാണ് ഇനി ഈ ഭൂമിയുടെ അവകാശികൾ.

2015ൽ പരപ്പനങ്ങാടി ജി.എച്ച്.എസ് സ്‌കൂളിൽനിന്ന് വിരമിച്ച പ്രഭാകരൻ പെൻഷൻ തുക ഉപയോഗിച്ചാണ് വില്യാപ്പള്ളി വില്ലേജിൽ ഉൾപ്പെടുന്ന കീഴൽ പ്രദേശത്ത് 15 സെന്റ് സ്ഥലം വാങ്ങിയത്. തന്റെ ജീവിതാദ്ധ്വാനത്തിന്റെ പങ്ക് പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് കൂടി ആശ്വാസമാകണമെന്ന് ആഗ്രഹമുള്ള അദ്ദേഹം ഈ ഭൂമി 2019ൽ രണ്ടാം പ്രളയകാലത്ത് സർക്കാരിന് നൽകിയതായി പ്രഖ്യാപിക്കുകയും മുഖ്യമന്ത്രിക്ക് സമ്മതപത്രം കൈമാറുകയും ചെയ്തിരുന്നു. ഈ ഭൂമിയാണ് നാല് ലൈഫ് ഗുണഭോക്താക്കളുടെ പേരിൽ രജിസ്റ്റർ ചെയ്തുനൽകിയത്.
2008ലും പ്രഭാകരൻ പ്രദേശത്തെ അങ്കണവാടിക്കായി തന്റെ ഉടമസ്ഥതയിലുള്ള ഭൂമി വിട്ടുനൽകിയിരുന്നു. ഈ അങ്കണവാടിയിലെ അദ്ധ്യാപികയാണ് പ്രഭാകരന്റെ ഭാര്യ. നാല് വീടുകളും ഉടൻ യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രഭാകരനും കുടുംബവും.