rabuttan-
റോഡരികിലെ റമ്പുട്ടാൻ കച്ചവടം

മാനന്തവാടി: വയനാടിന്റെ വഴിയോരങ്ങളെ ചുവപ്പണിയിച്ച് റംബൂട്ടാൻ വിപണി സജീവം. കാലവർഷം ആരംഭിച്ചതോടെതന്നെ റംബൂട്ടാൻ കച്ചവടം റോഡരികുകളിലും കടകളിലും സജീവമാവുകയായിരുന്നു. നിറം പകരുന്ന കാഴ്ചകളാണ് റോഡരികുകളിലെല്ലാം, ജൂൺ മുതൽ ആഗസ്ത് വരെയാണ് റംബൂട്ടാന്റെ സീസൺ. ഇതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള പാതയോരങ്ങളിൽ വഴിയോരക്കച്ചവടക്കാർ റംബൂട്ടാൻ പഴങ്ങളുമായി ആവശ്യക്കാരെ കാത്തിരിപ്പാണ്. കിലോയ്ക്ക് 280 മുതൽ 300 രൂപ നിരക്കിലാണ് ചെറുകിട കച്ചവടക്കാർ ഇവ വിറ്റഴിക്കുന്നത്. പ്രാദേശികമായി ഉത്പ്പാദിപ്പിക്കുന്നവക്ക് 240 മുതൽ 260 രൂപ വരെയാണ് വില, ഹൈബ്രിഡ് ഇനങ്ങൾക്ക് കടുംചുവപ്പ് നിറമാണ്. വഴിയോരങ്ങളിൽ ഇവ നിറഞ്ഞ് നിൽക്കുന്നത് വാഹന യാത്രക്കാർക്ക് മനോഹര കാഴ്ചയാണ് സമ്മാനിക്കുന്നത്. പത്തനംതിട്ടയിൽ നിന്നുൾപ്പെടെയെത്തിക്കുന്ന ഹൈബ്രിഡ് ഇനത്തിൽ പെട്ട റംബൂട്ടാൻ പഴങ്ങളാണ് ഇവിടെ വിറ്റഴിക്കുന്നവയിലേറെയും. കടകളിലും കാലവർഷം ആരംഭം മുതൽ തന്നെ റംബൂട്ടാൻ വിൽപ്പനക്കായി എത്തിയിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജില്ലയിലും റംബൂട്ടാൻ കൃഷി വ്യാപകമായി തുടങ്ങിയിട്ടുണ്ട്.