കോഴിക്കോട്: വിശ്വാസികളെല്ലാം വർഗീയവാദികളല്ലെന്നും വർഗീയവാദികൾക്ക് വിശ്വാസമില്ലെന്നും സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദൻ. കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച 'മതരാഷ്ട്രവാദം ഇന്ത്യയിലും സാർവദേശീയ തലത്തിലും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതബോധമല്ല, മതരാഷ്ട്ര വാദമാണ് വർഗീയത. മതമൗലികവാദം ആത്യന്തികമായി കമ്മ്യൂണിസത്തിന്റെയും സോഷ്യലിസത്തിന്റെയും ശത്രുവാണ്. ജനാധിപത്യ, പാർലമെന്ററി അധികാരങ്ങൾ ഉപയോഗിച്ച് രാജ്യത്തെ നവഫാസിസ്റ്റ് രാജ്യമാക്കാനുള്ള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങളായ തിരഞ്ഞെടുപ്പ് കമ്മിഷൻ, ജുഡീഷ്യറി. ഇ.ഡി, സി.ബി.ഐ എന്നിവ ഫാസിസത്തിന്റെ അർദ്ധ സൈനിക വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്. തിരഞ്ഞെടുപ്പ് കമ്മിഷനെ വച്ച് തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിന്റെ തെളിവുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. രാഹുൽഗാന്ധി ഉന്നയിച്ച ആരോപണത്തോട് ഇതുവരെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചിട്ടില്ല. വർഗീയ ശക്തികൾ പരസ്പരം ഏറ്റുമുട്ടമ്പോൾ രണ്ടു ശക്തികളും പരസ്പരം ശക്തിപ്പെടും. ഇതിൽ ഭൂരിപക്ഷ വർഗീയതയ്ക്കാണ് അവസരം കൂടുതൽ ലഭിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെമിനാറിൽ കെ.ടി കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഗവേഷകൻ കെ.എം സീതി, യു.ഹേമന്ത് കുമാർ, പി.മോഹനൻ , ജില്ലാ സെക്രട്ടറി എം. മെഹബൂബ് തുടങ്ങിയവർ പ്രസംഗിച്ചു.