1
1.കസ്റ്റംസ് റോഡിൻറെ ബുസ്താനിയ ശാദിമഹൽ ഭാഗം തകർന്ന നിലയിൽ 2.എം.പി റയ്ഹാനത്ത്

വടകര: കുണ്ടും കുഴിയുമായി കസ്റ്റംസ് റോഡ്. ബുസ്താനിയ ശാദിമഹൽ ഭാഗത്താണ് റോഡ് പൊളിഞ്ഞിരിക്കുന്നത്. ഇതുവഴി ഇരുചക്ര വാഹന യാത്രീകരിൽ പലരും ഈ കുഴികളിൽ വീണ് പരിക്കു പറ്റുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞദിവസം ഒരു കുടുംബം സഞ്ചരിച്ച ഇരുചക്രവാഹനം കുഴിയിൽ വീണ് സാരമായ പരിക്ക് പറ്റിയിരുന്നു. മറ്റു വാഹനങ്ങളും ഏറെ ബുദ്ധിമുട്ടിയാണ് യാത്ര ചെയ്യുന്നത്. റോഡിലെ കൽവെർട്ട് വീഴാറായ അവസ്ഥയിലാണ്. കൽവെർട്ടിൻ്റെ കോൺക്രീറ്റ് പൂർണ്ണമായി തകർന്ന് റോഡിൻ്റെ ടാർ മാത്രമാണ് അവശേഷിക്കുന്നത്. ഇതിനടിയിലൂടെ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് കടന്നു പോകുന്നുണ്ട്. പൈപ്പ് കേടായി കുടിവെള്ള പൈപ്പിൽ മലിനജലമെത്തുന്ന പ്രശ്നവും നിലനിൽക്കുകയാണ്. ഈ പ്രതിസന്ധികളെല്ലാം ആര് പരിഹരിക്കണം എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണെന്ന് നാട്ടുകാർ പറയുന്നത്. കൽവെർട്ടിനടിയിൽ തടസമുണ്ടായി കുടിവെള്ള പൈപ്പിൽ മലിനജലമെത്തുന്നതിനും മറ്റും ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ആര് നന്നാക്കും റോഡ് ?

വടകര മുനിസിപ്പാലിറ്റി 46-ാം വാർഡിലാണ് ഈറോഡ് ഉള്ളത്. മുനിസിപ്പാലിറ്റിക്ക് ഈറോഡ് നവീകരണ പ്രവർത്തനം നടത്താൻ അനുവാദമില്ല. പി.ഡബ്ല്യു.ഡി, ഹാർബർ എൻജിനീയറിംഗ് വിഭാഗം, കസ്റ്റംസ്, വാട്ടർ അതോറിറ്റി എന്നീ വകുപ്പുകളുടെ ഏകോപനത്തിലൂടെ മാത്രമേ ഈ റോഡിൽ പ്രവൃത്തി നടത്താനാകൂ. ജനങ്ങൾ അവരെ നേരിട്ട് ബാധിക്കുന്ന വിഷയം ആയതിനാൽ നഗരസഭ കൗൺസിലറെ സമീപിക്കുമ്പോൾ ഉത്തരം നൽകാൻ കഴിയാത്ത സാഹചര്യമാണുള്ളത്.

നാട്ടുകാർ പി.ഡബ്ല്യു.ഡി വിഭാഗത്തിലും പരാതിയുമായി സമീപിക്കുന്നുണ്ട്. തുടർച്ചയായ ലഭിച്ച പരാതികളുടെ ഭാഗമായി ഭാഗമായി പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം പരിശോധിച്ചതിൽ കസ്റ്റംസ് റോഡ് എന്നറിയപ്പെടുന്ന ഈറോഡിൻ്റെ അവകാശം ഹാർബർ എൻജിനീയറിംഗ് വിഭാഗത്തിനാണെന്നാണ് അവർക്ക് ലഭിക്കുന്ന വിശദീകരണം.

" റോഡ് നഗരസഭയുടെ അധീനതയിലല്ല. കൗൺസിലർ എന്ന നിലയിൽ ഹാർബർ എൻജിനീയറിംഗ് വിഭാഗ ഓഫീസിൽ നിരന്തരം ബന്ധപ്പെടുന്നുണ്ട്. വിവിധ ഘട്ടങ്ങളിലായി നിവേദനങ്ങളും നൽകിയിട്ടുണ്ട്. പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുന്നതായാണ് അവർ നൽകുന്ന വിശദീകരണം "

എം.പി.റയ്ഹാനത്ത്, കൗൺസിലർ, 46-ാം വാർഡ് വടകര നഗരസഭ