kit
kit

കോഴിക്കോട്: ഓണത്തെ വരവേൽക്കാൻ ഒരുങ്ങി സപ്ലൈകോ. പൊതുജനങ്ങൾക്കായി ഓണക്കിറ്റുകളും ഗിഫ്റ്റ് കാർഡുകളും കൂപ്പണുകളുമെല്ലാം ഇത്തവണ വിപണിയിലെത്തും. 229 രൂപ മുതലാണ് കിറ്റുകളുടെ വില. സംസ്ഥാനത്തെ മുഴുവൻ എ.എവൈ (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ കിറ്റ് ഇത്തവണയും നൽകും. 1225 രൂപ വിലയുള്ള 18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും 625 രൂപ വിലയുള്ള 10 ഇനങ്ങളുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും 305 രൂപ വിലയുള്ള ഒമ്പത് ശബരി ഉത്പന്നങ്ങൾ അടങ്ങിയ ശബരി സിഗ്‌നേച്ചർ കിറ്റ് 229 രൂപയ്ക്കുമാണ് സപ്ലൈകോ നൽകുന്നത്.

സമൃദ്ധി കിറ്റിൽ അരി, പഞ്ചസാര, തുവരപ്പരിപ്പ്, ചെറുപയർ പരിപ്പ്, തേയില, കടുക്, ഉലുവ, ജീരകം, മഞ്ഞൾപൊടി, മല്ലിപ്പൊടി, പുട്ടുപൊടി, പായസം മിക്സ്, മിൽമ നെയ്യ്, സാമ്പാർ പൊടി, ആട്ട, ശർക്കര പൊടി, മാങ്ങ അച്ചാർ, കടല എന്നിവയാണ് ഉൾപ്പെടുന്നത്.

32 ബ്രാൻഡുകൾക്ക് ഓഫർ

സപ്ലൈകോ വിൽപനശാലകളിൽ ഓണത്തോടനുബന്ധിച്ച് 32 പ്രമുഖ ബ്രാൻഡുകളുടെ 288 നിത്യോപയോഗ ഉത്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളോ പത്ത് മുതൽ 50 ശതമാനം വരെ വിലക്കുറവോ നൽകും. സോപ്പ്, ഡിറ്റർജന്റുകൾ, ബ്രാൻഡഡ് ഭക്ഷ്യ ഭക്ഷ്യേതര ഉത്പന്നങ്ങൾ എന്നിവയ്ക്കും ഓഫറുകളുണ്ട്. ഇതോടൊപ്പം 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും വിതരണത്തിനായി തയ്യാറാണ്. ഇതുപയോഗിച്ച് സപ്ലൈകോയുടെ വിൽപ്പനശാലകളിൽ നിന്ന് ഉപഭോക്താവിന് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങൾ ഒക്ടോബർ 31 വരെ വാങ്ങാം. സപ്ലൈകോയിൽ നിന്ന് ഓണക്കാലത്ത് ആയിരം രൂപയിലധികം സാധനങ്ങൾ വാങ്ങുന്നവർക്കായി നടത്തുന്ന ലക്കി ഡ്രോയിലൂടെ ഒരു പവൻ സ്വർണ നാണയമടക്കം നിരവധി സമ്മാനങ്ങളുണ്ട്. ദിവസേന നടക്കുന്ന നറുക്കെടുപ്പിലൂടെ ആകർഷകമായ മറ്റ് സമ്മാനങ്ങളും നൽകും. സപ്ലൈകോയുടെ ഔട്ട്‌ലെറ്റുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ മൊബൈൽ ഓണം ഫെയറും നടപ്പാക്കും.

 സമൃദ്ധി കിറ്റ് -18 ഇനങ്ങൾ - 1000 രൂപ

 സമൃദ്ധി മിനി കിറ്റ് - 10 ഇനങ്ങൾ - 500 രൂപ

ശബരി സിഗ്‌നേച്ചർ കിറ്റ് - 9 ഇനങ്ങൾ - 229

''ഓണക്കാലത്ത് അവശ്യവസ്തുക്കൾ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കും. ഇതിനായി വിപുലമായ വിപണി ഇടപെടലുകൾ സപ്ലൈകോ ആസൂത്രണം ചെയ്തിട്ടുണ്ട്.

- അനൂപ്,

സപ്ലൈകോ അസിസ്റ്റന്റ് റീജിയണൽ ഓഫീസർ