image-
തുഷാരഗിരി ഇക്കോ ടൂറിസം സെന്ററിൽ നടന്ന ആദിവാസി ഉന്നതികളിലെ മെഗാ മെഡിക്കൽ ക്യാമ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: മനുഷ്യവന്യജീവി സംഘർഷം കുറയ്ക്കുന്നതോടൊപ്പം വനമേഖലയോട് ചേർന്നുനിൽക്കുന്ന ഉന്നതികളിലെ ആദിവാസികളുടെ ക്ഷേമം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളും സർക്കാർ നടത്തുന്നുണ്ടെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. സംസ്ഥാന വനവികസന ഏജൻസിയുടെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും സഹകരണത്തോടെ വനം വകുപ്പ് സംഘടിപ്പിച്ച 'സ്‌നേഹഹസ്തം' മെഗാ മെഡിക്കൽ ക്യാമ്പ് തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു. വനമേഖലയുമായി ചേർന്നുനിൽക്കുന്ന ഉന്നതികളിൽ താമസിക്കുന്നവർക്ക് ചികിത്സാ കേന്ദ്രങ്ങളിൽ എത്താനുള്ള പ്രയാസം കുറക്കാനാണ് വനം വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി സ്‌നേഹഹസ്തം നടപ്പിലാക്കിയത്. സമാനമായ 551 മെഡിക്കൽ ക്യാമ്പുകൾ ഉന്നതികളിൽ നടത്തിയിട്ടുണ്ടെന്നും 1000 ക്യാമ്പുകൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മന്ത്രി അറിയിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഡോ. ഹേമ ഫ്രാൻസിസ് പദ്ധതി വിശദീകരിച്ചു. സിസിലി ജേക്കബ്, റോസ്ലി മാത്യു, ബി.എൻ അഞ്ജൻകുമാർ, ജസ്റ്റിൻ മോഹൻ, ഡോ. എം.എസ് അഷ്റഫ്, സി.കെ ഷാജി, ജേക്കബ് മാത്യു, ഡോ. ബി വേണുഗോപാലൻ, യു.ആഷിഖ് അലി
പ്രസംഗിച്ചു.