sathi
മത്സ്യബന്ധന ഹാർബർ

ബേപ്പൂർ: ബേപ്പൂർ ഹാർബറിൽ പ്രാഥമിക ചികിത്സാ സൗകര്യമില്ലാതെ വലഞ്ഞ് തൊഴിലാളികൾ. വിവിധ മേഖലകളിലായി അതിഥി തൊഴിലാളികൾ ഉൾപ്പെടെ പതിനായിരത്തിലധികംപേർ ജോലി ചെയ്യുന്ന മത്സ്യ ബന്ധന ഹാർബറിലും ബേപ്പൂർ തുറമുഖത്തുമാണ് ആംബുലൻസോ മറ്റു സൗകര്യങ്ങളോ ഇല്ലാത്തത്. എല്ലാ മത്സ്യബന്ധന യാനങ്ങളിലും ഫസ്റ്റ് എയ്ഡ് ബോക്സ് ഉണ്ടായിരിക്കണമെന്ന് നിഷ്കർഷിക്കുന്നുണ്ടെങ്കിലും ഇവിടെ അങ്ങനെയൊന്നില്ല. മത്സ്യബന്ധന ഹാർബറിൽ ഒരു സംഘടനയുടെ കീഴിൽ ആംബുലൻസ് പ്രവർത്തിച്ചിരുന്നെങ്കിലും യന്ത്രത്തകരാറിനെ തുടർന്ന് മാസങ്ങളായി അത് കട്ടപ്പുറത്താണ്. ചരക്ക് നീക്കവുമായി ബന്ധപ്പെട്ട് ഏത് സമയത്തും അപകടം പ്രതീക്ഷിക്കാവുന്ന ബേപ്പൂർ തുറമുഖത്തും ആംബുലൻസ് സംവിധാനമോ പ്രാഥമിക ചികിത്സാ സൗകര്യവും ഇല്ലാത്ത സ്ഥിതിയാണ്. മത്സ്യബന്ധന ഹാർബറിലും ബേപ്പൂർ തുറമുഖത്തും സർക്കാർ മുൻകൈ എടുത്ത് പ്രാഥമിക ചികിത്സാകേന്ദ്രം സ്ഥാപിക്കണമെന്നും ഒരു സ്ഥിര ആംബുലൻസ് സംവിധാനം നടപ്പിൽ വരുത്തണമെന്നുമാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്.

അപകടം പതിവ്

രണ്ടാഴ്ച മുമ്പ് കടലിൽ വെച്ച് ശാരീരികാസ്വസ്ഥ്യമുണ്ടായ മത്സ്യ തൊഴിലാളിയെ അടിയന്തിര ചികിത്സ നൽകാൻ മറൈൻ എൻഫോഴ്സ്മെൻ്റ് ആശുപത്രിയിൽ എത്തിച്ചത് അരക്കിണർ ഭാഗത്തു പ്രവർത്തിക്കുന്ന സംഘടനയുടെ ആംബുലൻസിലാണ്. കഴിഞ്ഞ ദിവസം കടലിൽ വെച്ച് ഇരുമ്പ് റോപ്പ് തട്ടി തുടയെല്ല് തകർന്ന അതിഥി തൊഴിലാളിയെ ആശുപത്രിയില്ലെത്തിക്കാൻ ആംബുലൻസില്ലാത്തതിനെ തുടർന്ന് ഫിഷറീസ് വാഹനത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്.