കോഴിക്കോട്: ലോകസിനിമാക്കാഴ്ചകളുടെ നാല് ദിനരാത്രങ്ങൾ സമ്മാനിച്ച മേഖല രാജ്യാന്തര ചലച്ചിത്രോത്സവം ഇന്ന് കൊടിയിറങ്ങും. കൈരളി തിയേറ്ററിൽ വൈകീട്ട് ആറ് മണിക്ക് നടക്കുന്ന സമാപന സമ്മേളനം ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വനം മന്ത്രി എ.കെ ശശീന്ദ്രൻ വിശിഷ്ടാതിഥിയാകും. മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷയാകും. കെ.മധു, പ്രേംകുമാർ, എസ്.കെ സജീഷ്, മനോജ് കാന, ശിവരഞ്ജിനി, ഷെർഗ സന്ദീപ്, സി.അജോയ് എന്നിവർ പങ്കെടുക്കും.
കെെയടി നേടി മലയാള സിനിമകൾ
മേഖല രാജ്യാന്തര ചലചിത്രോത്സവത്തിന്റെ മൂന്നാം ദിനത്തിൽ നിറഞ്ഞ കെെയടി നേടി മലയാള സിനിമകൾ. മലയാളം സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിച്ച വിക്ടോറിയ, വടുസി സോംബി, വെളിച്ചം തേടി എന്നീ ചിത്രങ്ങൾ ഉൾപ്പടെ മേളയിലെ 14 മലയാള ചിത്രങ്ങളും നിറഞ്ഞ സദസിലാണ് പ്രദർശിപ്പിച്ചത്. സാങ്കേതികത്വം കൊണ്ടും വ്യത്യസ്തതകൊണ്ടും വേറിട്ടുനിന്ന മലയാള ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷരുടെ ഭാഗത്തുനിന്നു ലഭിക്കുന്നത്. ഇരുപതുകാരൻ സിറിലിന്റെ സംവിധാനത്തിൽ നിർമിച്ച 'വടുസി സോംബി', പൂർണ്ണമായും ഐഫോണിൽ ചിത്രീകരിച്ച കാമദേവൻ നക്ഷത്രം കണ്ടു, കൃഷാന്ദ് രചിച്ച് സംവിധാനം ചെയ്ത 'സംഘർഷ ഘടന', ഇന്ദുലക്ഷ്മി സംവിധാനം ചെയ്ത് ഒൻപത് ദിവസം കൊണ്ട് ചിത്രീകരിച്ച 'അപ്പുറം'എന്നിവ വ്യത്യസ്ത അനുഭവം സമ്മാനിച്ചു.
താരമായി ഫെമിനിച്ചി ഫാത്തിമ
ഐ.എഫ്.എഫ്.കെ യിൽ തിളങ്ങിയ ഫെമിനിച്ചി ഫാത്തിമക്ക് മേഖല ചലച്ചിത്രോത്സവത്തിലും വൻ സ്വീകാര്യതയാണ് ലഭിച്ചത്. കൈരളി തിയേറ്ററിൽ ഉച്ചക്കുള്ള പ്രദർശിപ്പിച്ച കാണാനുള്ള വരി പ്രധാന കവാടം കഴിഞ്ഞ് റോഡ് വരെ നീണ്ടു. മണിക്കൂറുകൾക്കു മുൻപേ ഈ സിനിമയ്ക്കായി കാണികൾ വരിയിൽ സ്ഥാനം പിടിച്ചിരുന്നു. ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ചിത്രം അന്താരാഷ്ട്ര മത്സര വിഭാഗത്തിലാണ് പ്രദർശിപ്പിച്ചത്.